കെസിഎൽ സീസൺ2: വിഷ്ണു വിനോദ് ഉൾപ്പെടെ കെസിഎൽ താരനിരയിൽ ആറ് പത്തനംതിട്ടക്കാർ

ഏറ്റവും പ്രായം കൂടിയ താരമായിരുന്ന കെ ജെ രാകേഷ് ആണ് പട്ടത്തനംതിട്ടയിൽ നിന്നുള്ള മറ്റരൊരു താരം. കേരള ടീമംഗവും പിന്നീട് സെലക്ടറുമായിരുന്ന രാകേഷ് കളിയോടുള്ള അടങ്ങാത്ത ആവേശവുമായാണ് 42-ാം വയസ്സിലും ലീഗിന്റെ ഭാഗമാക്കുന്നത്.

dot image

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പിൽ പത്തനംതിട്ടയിൽ നിന്നുള്ള ആറ് താരങ്ങൾ വിവിധ ടീമുകൾക്കായി കളത്തിലിറങ്ങും. കേരള ടീമിലെ സ്ഥിരസാന്നിധ്യവും ഐപിഎൽ താരവുമായ വിഷ്ണു വിനോദ്, എസ് സുബിൻ, ആൽഫി ഫ്രാൻസിസ്, കെ ജെ രാകേഷ്, മോനു കൃഷ്ണ, ഷൈൻ ജോൺ ജേക്കബ് എന്നിവരാണ് ഇത്തവണ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങുന്ന ജില്ലയിൽ നിന്നുള്ള താരങ്ങൾ. കെസിഎ ടൂർണമെന്റുകളിലും ക്ലബ്ബ് ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ചവച്ചാൽ, അവസരങ്ങൾ പടിവാതിൽക്കലുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.

സഞ്ജു സാംസൺ കഴിഞ്ഞാൽ ഇത്തവണ ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്ന താരങ്ങളിൽ ഒരാളാണ് വിഷ്ണു വിനോദ്. ഏരീസ് കൊല്ലം സെയിലേഴ്‌സ് 12.80 ലക്ഷം രൂപയ്ക്കാണ് വിഷ്ണുവിനെ സ്വന്തമാക്കിയത്. ഒറ്റയ്ക്ക് കളിയുടെ ഗതി തിരിക്കാൻ കെൽപ്പുള്ള വിഷ്ണുവിനായി വലിയ മത്സരമായിരുന്നു ലേലത്തിനിടെ നടന്നത്. ഐപിഎല്ലിൽ ബെം​ഗളൂരു റോയൽ ചലഞ്ചേഴ്സ്, ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിങ്സ് ടീമുകളെ പ്രതിനിധീകരിച്ചിട്ടുള്ള വിഷ്ണു ട്വന്റി 20 ഫോർമാറ്റിന് യോജിച്ച ബാറ്റർ കൂടിയാണ്.

ഇത്തവണ ലേലത്തിന് ലിസ്റ്റ് ചെയ്യപ്പെട്ടവരിൽ ഏറ്റവും പ്രായം കൂടിയ താരമായിരുന്ന കെ ജെ രാകേഷ് ആണ് പട്ടത്തനംതിട്ടയിൽ നിന്നുള്ള മറ്റരൊരു താരം. കേരള ടീമംഗവും പിന്നീട് സെലക്ടറുമായിരുന്ന രാകേഷ് കളിയോടുള്ള അടങ്ങാത്ത ആവേശവുമായാണ് 42-ാം വയസ്സിലും ലീഗിന്റെ ഭാഗമാക്കുന്നത്. അവസരങ്ങൾക്ക് പ്രായമൊരു തടസ്സമല്ലെന്ന് തെളിയിക്കുക കൂടിയായിരുന്നു രാകേഷ് ഇത്തവണ. 75,000 രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്‌സാണ് രാകേഷിനെ ടീമിലെടുത്തത്.

എസ് സുബിനാണ് ജില്ലയിൽ നിന്ന് കെസിഎൽ കളിക്കുന്ന മറ്റൊരു താരം. സംസ്ഥാന ക്രിക്കറ്റിലെ ഏറ്റവും വെടിക്കെട്ട് ബാറ്റർമാരിൽ ഒരാളാണ് സുബിൻ. ഒന്നര ലക്ഷം രൂപയ്ക്ക് അദാനി ട്രിവാൻഡ്രം റോയൽസ് സുബിനെ നിലനിർത്തുകയായിരുന്നു. കഴിഞ്ഞ പ്രസിഡൻസ് കപ്പിലെയും എൻഎസ്‌കെ ട്രോഫിയിലെയും മികച്ച പ്രകടനമാണ് സുബിന് രണ്ടാം സീസണിലും കെസിഎല്ലിലേക്ക് വഴി തുറന്നത്.

കഴിഞ്ഞ തവണയും കെസിഎൽ കളിച്ചവരാണ് പത്തനംതിട്ടക്കാരായ ഷൈൻ ജോൺ ജേക്കബ്, മോനു കൃഷ്ണ എന്നീ താരങ്ങൾ. മോനു കൃഷ്ണ തൃശൂരിനായി 11 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഷൈൻ കൊച്ചിയ്ക്കായി 10 വിക്കറ്റുകൾ നേടിയിരുന്നു. ഈ മികവാണ് ഇത്തവണയും ഇവർക്ക് അവസരങ്ങൾ തുറന്നത്. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസാണ് ഇത്തവണ ഇരുവരെയും സ്വന്തമാക്കിയത്. മോനു കൃഷ്ണയെ 2.10 ലക്ഷത്തിലും ഷൈൻ ജോൺ ജേക്കബിനെ ഒന്നര ലക്ഷത്തിലുമാണ് ഗ്ലോബ് സ്റ്റാർസ് ടീമിലെടുത്തത്. 2.20 ലക്ഷത്തിന് കൊച്ചി സ്വന്തമാക്കിയ ആൽഫി ഫ്രാൻസിസാണ് ലീഗിൽ പത്തനംതിട്ടയുടെ മറ്റൊരു സാന്നിധ്യം.

Content Highlights: Six players from Pathanamthitta playing KCL season 2

dot image
To advertise here,contact us
dot image