
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ നാണക്കേടിന്റെ റെക്കോർഡിലേക്ക് വീണ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോറിനാണ് വെസ്റ്റ് ഇൻഡീസ് സംഘം പുറത്തായത്. വെറും 27 റൺസ് മാത്രമാണ് വിൻഡീസിന് മൂന്നാം ടെസ്റ്റിൽ നേടാനയത്. 1955ൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലാൻഡ് നേടിയ 26 റൺസാണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോർ.
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ തകർപ്പൻ വിജയവും സ്വന്തമാക്കി. 176 റൺസിനാണ് മൂന്നാം ടെസ്റ്റിൽ ഓസീസ് സംഘം വിജയിച്ചത്. ഇതോടെ പരമ്പരയിലെ മൂന്ന് ടെസ്റ്റുകളിലും ഓസ്ട്രേലിയ വിജയിച്ചു. സ്കോർ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 225, വെസ്റ്റ് ഇൻഡീസ് ആദ്യ ഇന്നിങ്സിൽ 143. ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ 121, വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിങ്സിൽ 27.
നേരത്തെ ആറ് വിക്കറ്റ് നഷ്ടത്തിൽ 99 റൺസെന്ന നിലയിലാണ് മൂന്നാം ദിവസം ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ചത്. 22 റൺസെടുക്കുന്നതിനിടെ അവശേഷിച്ച നാല് വിക്കറ്റുകൾ കൂടി ഓസീസ് സംഘത്തിന് നഷ്ടമായി. വെസ്റ്റ് ഇൻഡീസിനായി അൽസാരി ജോസഫ് അഞ്ച് വിക്കറ്റുകളും ഷമർ ജോസഫ് നാല് വിക്കറ്റുകളും വീഴ്ത്തി.
രണ്ടാം ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസിന്റെ വിജയലക്ഷ്യം 204 റൺസായിരുന്നു. എന്നാൽ വിൻഡീസിനായി 11 റൺസെടുത്ത ജസ്റ്റിൻ ഗ്രീവ്സിന് മാത്രമാണ് രണ്ടക്കം കടക്കാൻ സാധിച്ചത്. ഏഴ് താരങ്ങൾ പൂജ്യത്തിന് പുറത്തായി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ സ്കോറിൽ വെസ്റ്റ് ഇൻഡീസ് പുറത്തായത്.
ഓസീസ് ബൗളിങ് നിരയിൽ മിച്ചൽ സ്റ്റാർക് ആറ് വിക്കറ്റുകൾ വീഴ്ത്തി. 7.3 ഓവർ എറിഞ്ഞ് നാല് മെയ്ഡൻ ഓവർ ഉൾപ്പെടെ വെറും ഒമ്പത് റൺസ് മാത്രം വിട്ടുകൊടുത്താണ് സ്റ്റാർകിന്റെ ആറ് വിക്കറ്റ് നേട്ടം. സ്കോട്ട് ബോലണ്ട് ഹാട്രിക് ഉൾപ്പെടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 225 റൺസെടുത്തിരുന്നു. സ്റ്റീവ് സ്മിത്ത് 48 റൺസും കാമറൂൺ ഗ്രീൻ 46 റൺസും നേടി. നാല് വിക്കറ്റെടുത്ത ഷമർ ജോസഫാണ് വിൻഡീസ് ബൗളിങ് നിരയിൽ തിളങ്ങിയത്. ആദ്യ ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിൽ വിൻഡീസ് 143 റൺസിന് എല്ലാവരും പുറത്തായി. 36 റൺസെടുത്ത ജോൺ കാംപ്ബെൽ ആണ് ടോപ് സ്കോറർ. സ്കോട്ട് ബോലണ്ട് ഓസീസിനായി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
Content Highlights: West Indies all out for the second lowest totals in Test history