ചരിത്രം തിരുത്തിയ ബൗളിങ്; വേ​ഗത്തിൽ അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കിയ താരമായി മിച്ചൽ സ്റ്റാർക്

ടെസ്റ്റ് ക്രിക്കറ്റിൽ വേ​ഗത്തിലുള്ള അഞ്ച് വിക്കറ്റ് നേട്ടമെന്ന റെക്കോർ‌ഡ് മൂന്ന് താരങ്ങളുടെ പേരിലായിരുന്നു

dot image

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടെസ്റ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഓസ്ട്രേലിയൻ പേസ് ബൗളർ മിച്ചൽ സ്റ്റാർക്. വേ​ഗത്തിൽ അഞ്ച് വിക്കറ്റ് നേട്ടമെന്ന ചരിത്രമാണ് സ്റ്റാർക് സ്വന്തമാക്കിയത്. വെറും 15 പന്തുകൾ മാത്രമെറിഞ്ഞാണ് സ്റ്റാർക് അഞ്ച് വെസ്റ്റ് ഇൻഡീസ് ബാറ്റർമാരെ പുറത്താക്കിയത്. ഇന്നിങ്സിൽ ആകെ 7.3 ഓവർ എറിഞ്ഞ സ്റ്റാർക് നാല് മെയ്ഡൻ ഓവർ ഉൾപ്പെടെ വെറും ഒമ്പത് റൺസ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റുകൾ സ്വന്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റിൽ വേ​ഗത്തിലുള്ള അഞ്ച് വിക്കറ്റ് നേട്ടമെന്ന റെക്കോർ‌ഡ് മൂന്ന് താരങ്ങളുടെ പേരിലായിരുന്നു. ഓസ്ട്രേലിയയുടെ മുൻ പേസർ ഏർണി ടോസ്ഹാക്ക്, ഇം​ഗ്ലണ്ട് മുൻ താരം സ്റ്റുവർട്ട് ബ്രോഡ്, ഓസ്ട്രേലിയൻ ടീമിൽ ഇപ്പോൾ അം​ഗമായ സ്കോട്ട് ബോലണ്ട് എന്നിവർ 19 പന്തുകളിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയവരാണ്.

ടെസ്റ്റ് ക്രിക്കറ്റിൽ 400 വിക്കറ്റ് നേട്ടമെന്ന റെക്കോർഡും മത്സരത്തിൽ സ്റ്റാർക് സ്വന്തമാക്കി. 100-ാം ടെസ്റ്റ് മത്സരത്തിലാണ് സ്റ്റാർകിന്റെ ചരിത്ര നേട്ടം. വിൻഡീസിനെതിരെ ആറ് വിക്കറ്റുകൾ നേടിയ സ്റ്റാർക് ടെസ്റ്റ് ക്രിക്കറ്റിൽ ആകെ നേടിയ വിക്കറ്റുകളുടെ എണ്ണം 402 ആയി. ഓസ്ട്രേലിയൻ ക്രിക്കറ്റിൽ 400 വിക്കറ്റ് നേട്ടം കൈവരിക്കുന്ന നാലാമത്തെ പേസറാണ് സ്റ്റാർക്. 708 വിക്കറ്റുകളുമായി ഷെയ്ൻ വോൺ, 563 വിക്കറ്റുകളോടെ ​ഗ്ലെൻ മ​ഗ്രാത്ത്, 562 വിക്കറ്റുകളുമായി നഥാൻ ലിയോൺ എന്നിവരാണ് സ്റ്റാർകിന് മുന്നിലുള്ളത്.

വിൻഡീസിനെതിരായ മൂന്നാം ടെസ്റ്റിൽ തകർപ്പൻ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. 176 റൺസിനാണ് മൂന്നാം ടെസ്റ്റിൽ ഓസീസ് സംഘം വിജയിച്ചത്. മൂന്നാം ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസ് വെറും 27 റൺസിൽ എല്ലാവരും പുറത്തായി. ഇതോടെ പരമ്പരയിലെ മൂന്ന് ടെസ്റ്റുകളിലും ഓസ്ട്രേലിയ വിജയിച്ചു. സ്കോർ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 225, വെസ്റ്റ് ഇൻഡീസ് ആദ്യ ഇന്നിങ്സിൽ 143. ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ 121, വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിങ്സിൽ 27.

Content Highlights: Mitchell Starc Shatters World Record

dot image
To advertise here,contact us
dot image