ലോഡ്സിലെ ക്ലൈമാക്സിൽ ഇം​ഗ്ലണ്ടിന് വിജയം; മൂന്നാം ടെസ്റ്റിൽ ഇന്ത്യ പൊരുതിവീണു

വിജയത്തിനായി കിണഞ്ഞു പരിശ്രമിച്ച രവീന്ദ്ര ജഡേജയുടെ പോരാട്ടം പാഴായി

dot image

ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവി. ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ 22 റൺസിനാണ് ഇന്ത്യയുടെ പരാജയം. അഞ്ചാം ദിവസം ഇം​ഗ്ലണ്ട് ഉയർത്തിയ 193 റൺ‌സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇന്ത്യ 170 റൺസിൽ എല്ലാവരും പുറത്തായി. സ്കോർ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 387, ഇന്ത്യ ആദ്യ ഇന്നിങ്സിൽ 387. ഇം​ഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 192, ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 170.

നേരത്തെ അഞ്ചാം ദിവസം നാല് വിക്കറ്റ് നഷ്ടത്തിൽ 58 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ചത്. ആദ്യ സെഷനിൽ ഇം​ഗ്ലണ്ട് പേസ് നിരയ്ക്ക് മുന്നിൽ ഇന്ത്യയ്ക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. റിഷഭ് പന്ത് ഒമ്പത്, കെ എൽ രാഹുൽ 39, വാഷിങ്ടൺ സുന്ദർ പൂജ്യം, നിതീഷ് കുമാർ റെഡ്ഡി 13 എന്നിവർ ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ ഡ്രെസ്സിങ് റൂമിൽ മടങ്ങിയെത്തിയിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തിൽ 112 റൺ‌സെന്ന നിലയിലാണ് ഇന്ത്യൻ ടീം ഉച്ചഭക്ഷണത്തിന് പിരി‍ഞ്ഞത്.

എന്നാൽ രണ്ടാം സെഷനിൽ വിട്ടുകൊടുക്കാതെ പൊരുതിയ രവീന്ദ്ര ജഡേജ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. ജസ്പ്രീത് ബുംമ്രയെ കൂട്ടുപിടിച്ച് ഒമ്പതാം വിക്കറ്റിൽ 35 റൺസ് കൂട്ടിച്ചേർക്കാൻ‌ ജഡേജയ്ക്ക് കഴിഞ്ഞു. ഈ കൂട്ടുകെട്ട് 22 ഓവറോളം നീണ്ടുപോയി. അവസരോചിതമായി കളിച്ച ബുംമ്ര 54 പന്തിൽ ഒരു ഫോറടക്കം അ‍ഞ്ച് റൺസെടുത്താണ് മടങ്ങിയത്.

ബുംമ്രയെ ബെൻ സ്റ്റോക്സ് മടക്കിയപ്പോഴും ജഡേജ കീഴടങ്ങാൻ തയ്യാറായില്ല. അവസാന വിക്കറ്റിൽ മുഹമ്മദ് സിറാജിനെ കൂട്ടുപിടിച്ച് ജഡേജ പോരാട്ടം തുടർന്നു. 181 പന്തിൽ നാല് ഫോറും ഒരു സിക്സറും സഹിതം 61 റൺ‌സെടുത്ത ജഡേജ പുറത്താകാതെ നിന്നു. ഒടുവിൽ 30 പന്തിൽ നാല് റൺസെടുത്ത മുഹമ്മദ് സിറാജിനെ പുറത്താക്കിയാണ് ഇം​ഗ്ലണ്ട് ലോഡ്സ് ടെസ്റ്റിൽ വിജയം ആഘോഷിച്ചത്. ഇംഗ്ലണ്ട് ബൗളിങ് നിരയിൽ ജൊഫ്ര ആർച്ചർ, ബെൻ സ്റ്റോക്സ് എന്നിവർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. പരമ്പരയിൽ മൂന്ന് മത്സരങ്ങൾ പിന്നിടുമ്പോൾ ഇം​ഗ്ലണ്ട് 2-1ന് മുന്നിലെത്തി.

Content Highlights: England won in Lords test beating India by 22 runs

dot image
To advertise here,contact us
dot image