ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ; ഇംഗ്ലണ്ടിനെതിരെ ആദ്യ ട്വന്റി 20 പരമ്പര നേട്ടം

നാലാം ട്വന്റി 20യിൽ ആറ് വിക്കറ്റിന്റെ വിജയത്തോടെയാണ് ഇന്ത്യൻ വനിതകൾ ചരിത്ര നേട്ടം സ്വന്തമാക്കിയത്

dot image

ട്വന്റി 20 ക്രിക്കറ്റിൽ ഇതാദ്യമായി ഇം​ഗ്ലണ്ടിനെതിരെ പരമ്പര വിജയം സ്വന്തമാക്കി ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം. ഇം​ഗ്ലണ്ടിനെതിരായ നാലാം ട്വന്റി 20യിൽ ആറ് വിക്കറ്റിന്റെ വിജയത്തോടെയാണ് ഇന്ത്യൻ വനിതകൾ ചരിത്ര നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് വനിതകൾക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുക്കാനെ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങിൽ 17 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യൻ വനിതകൾ ലക്ഷ്യത്തിലെത്തി.

നേരത്തെ ടോസ് നേടിയ ഇം​ഗ്ലണ്ട് വനിതകൾ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇം​ഗ്ലീഷ് നിരയിൽ ആർക്കും മികച്ച സ്കോർ കണ്ടെത്താനായില്ല. 19 പന്തിൽ 22 റൺസെടുത്ത ഓപണർ സോഫിയ ഡങ്കലി ആണ് ടോപ് സ്കോറർ. ക്യാപ്റ്റൻ ടാമി ബൗമണ്ട് 20 റൺസും നേടി.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ വനിതകൾ കൃത്യമായ റൺറേറ്റിൽ മുന്നേറി. ഓപണർ സ്മൃതി മന്ദാന 31 പന്തിൽ അഞ്ച് ഫോറുകളോടെ 32 റൺസ്, ഷഫാലി വർമ 19 പന്തിൽ ആറ് ഫോറുകളോടെ 32 റൺസ്, ജമീമ റോഡ്രി​ഗസ് 22 പന്തിൽ ഒരു ഫോർ ഉൾപ്പെടെ പുറത്താകാതെ 24 റൺസ്, ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗർ 25 പന്തിൽ മൂന്ന് ഫോറുകളോടെ 26 റൺസ് എന്നിങ്ങനെ സംഭാവന ചെയ്തു. ഇതോടെ ഇന്ത്യൻ ജയം അനായാസകരമായി.

ഇതാദ്യമായാണ് ഇന്ത്യൻ വനിത ടീമിന് ഇംഗ്ലണ്ടിനെതിരെ ഒരു ട്വന്റി 20 പരമ്പര വിജയിക്കുന്നത്. 2006ൽ നടന്ന ഒരു ട്വന്റി 20 മാത്രമുണ്ടായിരുന്ന ഒരു പരമ്പരയിൽ ഇന്ത്യൻ വനിതകൾ ഇം​ഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീടൊരിക്കിലും സ്വന്തം നാട്ടിലോ ഇം​ഗ്ലണ്ട് മണ്ണിലോ ഇന്ത്യൻ വനിതകൾക്ക് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താൻ സാധിച്ചിട്ടില്ല. എന്നാൽ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ വനിതകൾ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ്.

പരമ്പരയിൽ നാല് മത്സരങ്ങൾ പിന്നിടുമ്പോൾ ഇന്ത്യ 3-1ന് മുന്നിലാണ്. ആദ്യ മത്സരത്തിൽ 97 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിൽ 24 റൺസിനും ഇന്ത്യൻ വനിതകൾ വിജയിച്ചു. മൂന്നാം മത്സരത്തിൽ ഇന്ത്യൻ ടീം അ‍ഞ്ച് റൺസിന് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു.

Content Highlights: Harmanpreet Kaur's India script history, win maiden T20I series against England

dot image
To advertise here,contact us
dot image