
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മിന്നും പ്രകടനമാണ് ഇന്ത്യയുടെ പേസർ ആകാശ് ദീപ് നടത്തിയത്. ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റ് നേടിയ താരം രണ്ടാം വിക്കറ്റിൽ ആറ് വിക്കറ്റ് നേടി. മത്സര ശേഷം തന്റെ മികച്ച പ്രകടനം കാന്‍സറിനോടു പൊരുതുന്ന സഹോദരി ജ്യോതി സിങിന് സമര്‍പ്പിക്കുന്നതായി താരം അറിയിച്ചു. ഇതിന് പിന്നാലെ ആകാശിന് നന്ദിയുമായി സഹോദരിയും രംഗത്തെത്തി.
ഇപ്പോഴിതാ ബിസിസിഐയും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമും ബംഗാള്‍ ക്രിക്കറ്റ് അധികൃതരും ആകാശിന്റെ സഹോദരിയുടെ കാന്‍സര്‍ ചികിത്സയ്ക്കായി വലിയ സഹായങ്ങള്‍ ചെയ്തതായി വെളിപ്പെടുത്തിയിരിക്കുകയാണ് താരത്തിന്റെ ബാല്യകാല സുഹൃത്ത് വൈഭവ് കുമാര്‍
കാന്‍സറിന്റെ ആദ്യ സ്‌റ്റേജിലായിരുന്നു സഹോദരിയെന്ന് വൈഭവ് വ്യക്തമാക്കി. പിന്നീട് മൂന്നാം സ്റ്റേജിൽ വരെയെത്തി. വിഷമ ഘട്ടത്തില്‍ ബിസിസിഐയും ലഖ്‌നൗ ഫ്രാഞ്ചൈസിയും വലിയ സഹായമാണ് നല്‍കിയത്. താരം ആഭ്യന്തര മത്സരങ്ങള്‍ കളിക്കുന്നത് ബംഗാളിനായാണ്. ബംഗാള്‍ ടീമും സഹായവുമായി മുന്നില്‍ നിന്നു. സഹോദരിയെ ലഖ്‌നൗവില്‍ എത്തിച്ചാണ് ചികിത്സിച്ചത്.
മുംബൈയില്‍ നിന്നുള്ള ഡോക്ടര്‍മാരും ജ്യോതിയെ ചികിത്സിക്കാനായി എത്തിയിരുന്നു. നിലവില്‍ പ്രശ്‌നങ്ങളൊന്നും ഇല്ല. കാന്‍സര്‍ പൂര്‍ണമായും മാറി വരുന്നുവെന്നും വൈഭവ് വ്യക്തമാക്കി.
Content Highlights: bcci help in akash sister cancer treatment