
ക്രിക്കറ്റിൽ താൻ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന പുതിയ ആഗ്രഹം തുറന്നുപറഞ്ഞ് ഇന്ത്യൻ കൗമാരതാരം വൈഭവ് സൂര്യവംശി. അടുത്ത മത്സരത്തിൽ 200 റൺസ് അടിക്കണമെന്നാണ് സൂര്യവംശിയുടെ പ്രതികരണം. 50 ഓവറും ക്രീസിൽ നിന്ന് ബാറ്റ് ചെയ്യാൻ ശ്രമിക്കുമെന്നും വൈഭവ് ആഗ്രഹം പ്രകടിപ്പിച്ചു.
'ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ നാലാം ഏകദിനത്തിലെ സെഞ്ച്വറി നേട്ടത്തിൽ എന്നെ എല്ലാവരും അഭിനന്ദിച്ചു. എന്നാൽ ടീം ഹോട്ടലിൽ ആഘോഷങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. കാരണം മറ്റേത് മത്സരം നടന്നത് പോലെ തന്നെയാണ് നാലാം ഏകദിനത്തെയും ഇന്ത്യൻ ടീം സമീപിച്ചത്. ഞാൻ ഇന്ന് ഏറെ സന്തോഷത്തിലാണ്. കാരണം ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചു. ഞാൻ എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും സംസാരിക്കും. അതുപോലെ അടുത്ത മത്സരത്തിൽ 200 റൺസ് അടിക്കാനും ശ്രമിക്കും. മറ്റൊന്ന് അടുത്ത മത്സരത്തിൽ 50 ഓവറും ബാറ്റ് ചെയ്യാനും ഞാൻ ശ്രമിക്കും. എത്രയധികം റൺസ് ഞാൻ നേടുന്നുവോ അത് ടീമിനാണ് ഗുണം ചെയ്യുന്നത്. അതുകൊണ്ട് മുഴുവൻ ഓവറുകളും ബാറ്റ് ചെയ്യണം.' ബിസിസിഐ പുറത്തുവിട്ട വീഡിയോയിൽ വൈഭവ് പ്രതികരിച്ചു.
ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ തനിക്ക് പ്രോത്സാഹനമാണെന്നും വൈഭവ് പറഞ്ഞു. 'ശുഭ്മൻ ഗിൽ എനിക്ക് വലിയ പ്രോത്സാഹനമാണ്. കാരണം ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഗില്ലിന്റെ ബാറ്റിങ് ഞാൻ കണ്ടിരുന്നു. സെഞ്ച്വറി നേടിയതിന് ശേഷവും ഡബിൾ സെഞ്ച്വറി നേടിയതിന് ശേഷവും ടീമിനെ മുന്നോട്ടുകൊണ്ടുപോകാനാണ് ഗിൽ ശ്രമിച്ചത്. അതുപോലെ വലിയ ഇന്നിങ്സ് കളിക്കാനാണ് ഞാനും ആഗ്രഹിക്കുന്നത്. ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ മത്സരത്തിൽ ഞാൻ പുറത്താകുമ്പോൾ 20 ഓവറുകൾ ബാക്കിയുണ്ടായിരുന്നു. ഒരു ഷോട്ട് കാരണം ഞാൻ പുറത്തായി. കഴിവിന്റെ 100 ശതമാനവും ടീമിന് നൽകാൻ എനിക്ക് കഴിഞ്ഞില്ല. അതുകൊണ്ട് ഗില്ലിനെപ്പോലെ വലിയ ഇന്നിങ്സ് കളിക്കാൻ ഞാൻ ശ്രമിക്കും,' വൈഭവ് വ്യക്തമാക്കി.
Of scoring the fastest ever 💯 in U19 and Youth ODIs & getting inspired by Shubman Gill 👌 🔝
— BCCI (@BCCI) July 6, 2025
Vaibhav Suryavanshi shares his thoughts! 🙌#TeamIndia | @ShubmanGill | @VaibhavSV12 pic.twitter.com/ihQkaSs0SJ
ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യൻ അണ്ടർ 19 ടീമിനായി വൈഭവ് 143 റൺസാണ് നേടിയത്. 78 പന്തിൽ 13 ഫോറും 10 സിക്സറും സഹിതമാണ് താരത്തിന്റെ ഇന്നിങ്സ്. സഹതാരം വിഹാൻ മൽഹോത്ര 129 റൺസും നേടി. 121 പന്തിൽ 15 ഫോറും മൂന്ന് സിക്സറും സഹിതമാണ് മൽഹോത്രയുടെ ഇന്നിങ്സ്. വൈഭവ്-മൽഹോത്ര സഖ്യം രണ്ടാം വിക്കറ്റിൽ 219 റൺസാണ് കൂട്ടിച്ചേർത്തത്. ഇരുവരുടെയും മികവിൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 363 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 45.3 ഓവറിൽ ഇംഗ്ലണ്ട് 308 റൺസിൽ ഓൾഔട്ടായി. 55 റൺസിന് ഇന്ത്യൻ ടീം മത്സരം വിജയിക്കുകയും ചെയ്തു.
Content Highlights: Vaibhav Suryavanshi sets a goal to score a 200 next time