
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാളിന് ഒരു ചരിത്ര നേട്ടം കുറിക്കാന്‍ അവസരം. ടെസ്റ്റ് കരിയറിൽ വേഗത്തിൽ 2.000 റൺസ് തികക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് ജയ്സ്വാളിനെ കാത്തിരിക്കുന്നത്. ടെസ്റ്റിൽ ഇതുവരെ 38 ഇന്നിങ്സുകൾ കളിച്ച ജയ്സ്വാൾ 1,903 റൺസ് നേടിയിട്ടുണ്ട്. ചരിത്ര നേട്ടത്തിന് ജയ്സ്വാളിന് വേണ്ടത് 97 റൺസ് കൂടി.
നിലവിൽ മുൻ ഇന്ത്യന്‍ താരങ്ങളായിരുന്ന രാഹുൽ ദ്രാവിഡ്, വിരേന്ദർ സെവാഗ് എന്നിവരുടെ പേരിലാണ് ഈ നേട്ടമുള്ളത്. ഇരുവരും 40 ഇന്നിങ്സുകളിൽ നിന്നാണ് 2,000 റൺസ് പൂർത്തിയാക്കിയത്. സുനിൽ ഗവാസ്കറിനെ മറികടക്കാനും ജയ്സ്വാളിന് അവസരമുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 23 മത്സരങ്ങളിൽ നിന്നാണ് ഗവാസ്കർ 2,000 റൺസെന്ന നേട്ടത്തിലെത്തിയത്. ജയ്സ്വാൾ ഇതുവരെ 20 മത്സരങ്ങൾ മാത്രമെ കളിച്ചിട്ടുള്ളൂ. മൂന്ന് ടെസ്റ്റിനുള്ളിൽ 2,000 റൺസിലെത്തിയാൽ ജയ്സ്വാളിന് ഗവാസ്കറിനെ മറികടക്കാം.
ലീഡ്സിൽ നടന്ന ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ സെഞ്ച്വറി നേടിയിരുന്നു. ആദ്യ ഇന്നിങ്സിൽ 159 പന്തില്‍ നിന്ന് 16 ഫോറുകളും ഒരു സിക്സറും ഉള്‍പ്പെടെ 101 റണ്‍സാണ് ജയ്സ്വാൾ തന്‍റെ പേരിലാക്കിയത്. എന്നാൽ രണ്ടാം ഇന്നിങ്സിൽ ജയ്സ്വാളിന് തിളങ്ങാൻ കഴിഞ്ഞില്ല. നാല് റൺസെടുത്ത് താരം പുറത്തായി. ജൂലൈ രണ്ടിന് ആരംഭിക്കുന്ന എഡ്ജ്ബാസ്റ്റൺ ടെസ്റ്റിലും ജയ്സ്വാൾ ഫോമിലേക്ക് ഉയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Content Highlights: Yashasvi Jaiswal Eyes History in Edgbaston