ആ സര്‍പ്രൈസ് ബുംറയോ? ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി ഡിവില്ലിയേഴ്സ്

ബ്രിഡ്ജ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റിൽ ബുംറയ്ക്ക് ഇന്ത്യ വിശ്രമം അനുവ​ദിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ

dot image

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ആരംഭിക്കാനിരിക്കേ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഇറങ്ങുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. ജോലിഭാരത്തെ തുടർന്ന് രണ്ടാം മത്സരത്തില്‍ ബുംറയ്ക്ക് ഇന്ത്യ വിശ്രമം അനുവ​ദിക്കാന്‍ സാധ്യതയേറെയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മൂന്നെണ്ണത്തില്‍ മാത്രമേ ബുംറ ഇറങ്ങൂ എന്ന് കോച്ച് ഗംഭീര്‍ നേരത്തേ സ്ഥിരീകരിച്ചിരുന്നു.

എന്നാൽ പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും ബുംറ ഇറങ്ങാനുള്ള സാധ്യതയെ കുറിച്ച് സംസാരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ഇതിഹാസം എ ബി ഡിവില്ലിയേഴ്സ്. അഞ്ച് ടെസ്റ്റുകളിലും ബുംറയെ കളിപ്പിച്ചുകൊണ്ട് ഇന്ത്യ ഇംഗ്ലണ്ടിനെ ഞെട്ടിച്ചേക്കുമെന്ന് ഡിവില്ലിയേഴ്‌സ് അഭിപ്രായപ്പെട്ടു.‌

"അനുഭവ സമ്പത്ത് കുറഞ്ഞ ബോളിങ് നിരയാണ് ഇന്ത്യയുടേത്. ഈ സാഹചര്യത്തിൽ ജസ്പ്രീത് ബുംറയ്ക്ക് എല്ലാ ടെസ്റ്റ് മത്സരങ്ങളിലും കളിക്കാനാവില്ല എന്നത് നിർഭാഗ്യകരമാണ്. മാധ്യമങ്ങളെല്ലാം ഇക്കാര്യം പറയുന്നുണ്ട്. ഒരുപക്ഷേ ഇതെല്ലാം ഒരു സർപ്രൈസിന്റെ ഭാഗമാവാനും സാധ്യതയുണ്ട്.

ബുംറയ്ക്ക് വിശ്രമം നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നു എന്നാണ് ഇന്ത്യ പറയുന്നത്. എന്നാൽ ബുംറ ചിലപ്പോള്‍ അഞ്ച് ടെസ്റ്റുകളും കളിച്ചേക്കും. അടുത്ത മത്സരത്തില്‍ ഇം​ഗ്ലണ്ട് ബുംറയില്ലാത്ത ഇന്ത്യയെ നേരിടുന്നതിനെ കുറിച്ചായിരിക്കും ആലോചിക്കുക. അവരുടെ ഗെയിം പ്ലാനുകളും അങ്ങനെത്തന്നെയാവും. അവിടെയായിരിക്കും ഇന്ത്യയുടെ അപ്രതീക്ഷിത നീക്ക.," ഡിവില്ലിയേഴ്സ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേടാനായെങ്കിലും രണ്ടാം ഇന്നിംഗ്സിൽ ബുംറയ്ക്ക് തിളങ്ങാനായില്ല. ഇത് ഇന്ത്യയുടെ പരാജയത്തിൽ നിർണായകമായിരുന്നു. ഈ മാസം രണ്ടിനാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക.

Content Highlights: AB de Villiers says that India might spring a surprise by playing Jasprit Bumrah in all five Tests

dot image
To advertise here,contact us
dot image