
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് മുന്‍പ് ഇന്ത്യന്‍ ടീമിലെ തന്റെ പ്രതീക്ഷകള്‍ പങ്കുവെച്ച് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ റിഷഭ് പന്ത് സെഞ്ച്വറി നേടിയിരുന്നു. രണ്ടാം ടെസ്റ്റിലും പന്ത് തന്റെ മികച്ച ഫോം തുടരുമെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ വിശ്വാസം പ്രകടിപ്പിച്ചു.
അതേസമയം പരമ്പരയിലുടനീളം ഇന്ത്യയുടെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍ തന്റെ ഇപ്പോഴുള്ള മികച്ച
ഫോം നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ നിര്‍ണായക സെഞ്ച്വറി നേടിയിരുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ 'ഗെയിം പ്ലാന്‍' ഷോയ്ക്കിടെയാണ് മഞ്ജരേക്കര്‍ തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.
'ഇംഗ്ലണ്ടിന്റെ രണ്ടാം ടെസ്റ്റിലും റിഷഭ് പന്ത് തന്റെ ഫോം നിലനിര്‍ത്തുമെന്ന് ഞാന്‍ കരുതുന്നു. കാരണം അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ ആസ്വദിച്ച് ബാറ്റുചെയ്യുന്നയാളാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയതിന് 48 മണിക്കൂറിനുശേഷം മറ്റൊരു സെഞ്ച്വറി നേടാനുള്ള കഴിവ് പന്തിനുണ്ട്. അത് ഒരു അസാധാരണ കളിക്കാരന്റെ മുഖമുദ്രയാണ്', മഞ്ജരേക്കര്‍ പറഞ്ഞു.
'റിഷഭ് പന്ത് ടെസ്റ്റ് മത്സരങ്ങള്‍ ആസ്വദിക്കുന്നു. എന്നാല്‍ വേണ്ടത്ര റണ്‍സ് ലഭിക്കാത്തതിന്റെ അടങ്ങാത്ത 'ദാഹം' അദ്ദേഹത്തിനുണ്ട്. പന്ത് തന്റെ ഫോം നിലനിര്‍ത്തുകയും ചെയ്യും. പക്ഷേ ടീമില്‍ മറ്റൊരു സീനിയര്‍ ബാറ്ററുണ്ട്, കെ എല്‍ രാഹുല്‍. പരമ്പരയിലുടനീളം ഫോം നിലനിര്‍ത്തുകയല്ലാതെ ഇപ്പോള്‍ അദ്ദേഹത്തിന് മറ്റ് മാര്‍ഗമില്ല. ഇന്ത്യന്‍ ക്രിക്കറ്റിന് അദ്ദേഹത്തെ വളരെയധികം ആവശ്യമുണ്ട്. ഒറ്റ ടെസ്റ്റില്‍ മികവ് പുലർത്തിയാല്‍ മാത്രം രാഹുലിന് ഇനി മുന്നോട്ടുപോകാനാകില്ല', മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.
ജൂലൈ രണ്ട് മുതല്‍ ആറു വരെ ബിര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിലാണ് പരമ്പരയിലെ രണ്ടാം മത്സരം അരങ്ങേറുക. ലീഡ്‌സില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിനായിരുന്നു സന്ദര്‍ശകര്‍ അടിയറവ് പറഞ്ഞത്. ലീഡ്‌സ് ടെസ്റ്റില്‍ പരാജയം ഏറ്റു വാങ്ങിയതോടെ രണ്ടാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവ് തന്നെയായിരിക്കും ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം.
Content Highlights: Sanjay Manjrekar Warns KL Rahul Against Being 'One-Hundred Wonder', Sees Rishabh Pant Carrying Form