'സൂര്യകുമാറിന്റെ ആ ക്യാച്ച് സിക്സറെന്നാണ് കരുതിയത്'; ടി20 ലോകകപ്പ് ഓർമകൾ പങ്കുവെച്ച് രോഹിത് ശർമ

'അംപയർ സംഘം അത് സിക്സറാണോ ഔട്ടാണോയെന്ന് പരിശോധിച്ചപ്പോൾ ഞാൻ സൂര്യയ്ക്കൊപ്പം ഉണ്ടായിരുന്നു'

'സൂര്യകുമാറിന്റെ ആ ക്യാച്ച് സിക്സറെന്നാണ് കരുതിയത്'; ടി20 ലോകകപ്പ് ഓർമകൾ പങ്കുവെച്ച് രോഹിത് ശർമ
dot image

2024 ല്‍ ഇന്ത്യ ടി20 ലോക ചാംപ്യന്മാരായ ദിവസത്തിന്റെ ഓർമകൾ പങ്കുവെച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ. കിരീട നേട്ടത്തിന്‍റെ ഒന്നാം വാര്‍ഷികത്തിലാണ് രോഹിത് പ്രതികരണവുമായെത്തിയത്. ഫൈനലിൽ സൂര്യകുമാർ യാദവ് നേടിയ ക്യാച്ച് സിക്സറെന്നാണ് ഞാൻ കരുതിയതെന്ന് രോഹിത് ശർമ ജിയോസ്റ്റാറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'സൂര്യ ലോങ് ഓഫിൽ നേടിയ ക്യാച്ച്, അതായിരുന്നു മത്സരത്തിലെ വഴിത്തിരിവ്. ക്യാച്ച് പൂർത്തിയാക്കിയെങ്കിലും അംപയർമാർ സൂര്യ ബൗണ്ടറിലൈനിൽ ടച്ച് ചെയ്തോയെന്ന് പരിശോധിക്കുകയായിരുന്നു. ഞാൻ ലോങ് ഓണിൽ ഫീൽഡിങ്ങിലായിരുന്നു. സൂര്യ ക്യാച്ച് എടുക്കുന്നത് ഞാൻ കണ്ടിരുന്നു. പക്ഷേ അതൊരു സിക്സർ ആണെന്നാണ് ഞാൻ കരുതിയത്,' രോഹിത് പറഞ്ഞു.

'അംപയർ സംഘം അത് സിക്സറാണോ ഔട്ടാണോയെന്ന് പരിശോധിച്ചപ്പോൾ ഞാൻ സൂര്യയ്ക്കൊപ്പം ഉണ്ടായിരുന്നു. അത് ക്യാച്ച് ആണോയെന്ന് ഞാൻ സൂര്യയോട് ചോദിച്ചു. അത് ക്യാച്ച് ആണെന്നാണ് ഞാൻ കരുതുന്നതെന്ന് സൂര്യ മറുപടി നൽകി. പിന്നാലെ ബി​ഗ്സ്ക്രീനിൽ സൂര്യ ബൗണ്ടറി ലൈനിൽ തൊട്ടിട്ടില്ലെന്ന് കണ്ടപ്പോഴാണ് ഒരു ആശ്വാസം തോന്നിയത്. പക്ഷേ ബി​ഗ്സ്ക്രീനിൽ ഔട്ടല്ലെന്ന് തെളിയും വരെ ഔട്ടെന്ന് പറയാൻ കഴിയില്ലായിരുന്നു,' രോഹിത് വ്യക്തമാക്കി.

2024ലെ ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറെ പിടികൂടാനാണ് സൂര്യകുമാർ യാദവ് ലോങ് ഓഫിൽ തന്റെ ഫീൽഡിങ് മികവ് പുറത്തെടുത്തത്. ബൗണ്ടറിയിലുണ്ടായിരുന്ന സൂര്യകുമാർ ലൈനിന് തൊട്ടരുകിൽ നിന്നായി പന്ത് പിടികൂടി. പിന്നാലെ ബൗണ്ടറിലൈനിന് അപ്പുറത്തേയ്ക്ക് ചാടിയ സൂര്യ പന്ത് അന്തരീക്ഷത്തിലേക്ക് ഉയർത്തി എറിഞ്ഞിരുന്നു. പിന്നാലെ ബൗണ്ടറിക്ക് ഇപ്പുറത്ത് എത്തി താരം പന്ത് കൈക്കലാക്കുകയും ചെയ്തു. ലോകകപ്പ് ഫൈനലിൽ ഏഴ് റൺസിന് ഇന്ത്യയുടെ വിജയത്തിനും കാരണമായത് സൂര്യകുമാറിന്റെ ക്യാച്ചായിരുന്നു.

Content Highlights: Rohit Sharma Recalls Suryakumar Yadav's T20 WC Final Catch

dot image
To advertise here,contact us
dot image