അവസാന ഒമ്പത് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയിക്കാനായത് ഒന്നിൽ മാത്രം; ബംഗ്ലാദേശിനെതിരെ ഒടുവിലെ പരമ്പര വിജയം

കഴിഞ്ഞ വർഷം സെപ്റ്റംബർ ഒടുവിൽ നടന്ന ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ അവസാനമായി വിജയിച്ചത്

dot image

ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പരാജയപ്പെട്ടിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. അഞ്ച് വിക്കറ്റിനായിരുന്നു മത്സരത്തിൽ ഇന്ത്യ തോൽവി നേരിട്ടത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ അവസാനം കളിച്ച ഒമ്പത് മത്സരങ്ങളിൽ ഏഴിലും ഇന്ത്യ തോൽവി നേരിട്ടിരിക്കുകയാണ്. ഒരു മത്സരം സമനിലയായപ്പോൾ ഓസ്ട്രേലിയയ്ക്കെതിരെ പെർത്തിൽ മാത്ര‍മാണ് ഇന്ത്യയ്ക്ക് വിജയിക്കാനായത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ ഒടുവിൽ നടന്ന ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ അവസാനമായി വിജയിച്ചത്. ബം​ഗ്ലാദേശിനെതിരെ സ്വന്തം മണ്ണിൽ നടന്ന പരമ്പരയിൽ ഇന്ത്യ 2-0ത്തിന് വിജയിച്ചിരുന്നു. എന്നാൽ കനത്ത തോൽവികളുടെ ദിവസങ്ങളാണ് ഇന്ത്യൻ ടീം പിന്നീട് നേരിട്ടത്. ന്യൂസിലാൻഡുമായി സ്വന്തം മണ്ണിലായിരുന്നു ഇന്ത്യ അടുത്ത പരമ്പര കളിച്ചത്. ഈ പരമ്പരയിൽ 3-0ത്തിന് ഇന്ത്യ പരാജയപ്പെട്ടു.

ബോർഡർ-​ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയയെ അവരുടെ നാട്ടിലായിരുന്നു അതിന് ശേഷം ഇന്ത്യ നേരിട്ടത്. പെർത്തിൽ നടന്ന ആദ്യ മത്സരം വിജയിച്ചത് ഇന്ത്യൻ ആരാധകർക്ക് ആശ്വാസമായി. പക്ഷേ രണ്ടാം ടെസ്റ്റിൽ ഇന്ത്യ തോൽവി നേരിട്ടു. മൂന്നാം മത്സരം സമനിലയിലാക്കാൻ കഴിഞ്ഞതാണ് സമീപകാലത്ത് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനുണ്ടായ ആശ്വസിക്കാവുന്ന നേട്ടം. എങ്കിലും നാലും അഞ്ചും ടെസ്റ്റ് മത്സരങ്ങൾ പരാജയപ്പെട്ട ഇന്ത്യ ബോർഡർ-​ഗവാസ്കർ ട്രോഫിയും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനവും നഷ്ടമാക്കി.

ഇം​ഗ്ലണ്ടിൽ ശുഭ്മൻ ​ഗിൽ എന്ന പുതിയ നായകന് കീഴിലാണ് ഇന്ത്യ കളിക്കാനെത്തിയത്. പക്ഷേ പരമ്പരയിലെ ആദ്യ മത്സരം തോൽവിയോടെ ആരംഭിക്കേണ്ടി വന്നിരിക്കുകയാണ്. എങ്കിലും ഇനിയുള്ള മത്സരങ്ങളിൽ വിജയവഴിയിൽ തിരിച്ചെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകർ.

Content Highlights: India won only one test in last nine matches

dot image
To advertise here,contact us
dot image