ബുംമ്രയെ മറികടന്ന് ഗില്‍ എങ്ങനെ ടെസ്റ്റ് ക്യാപ്റ്റനായി? വ്യക്തത വരുത്തി അജിത് അഗാര്‍ക്കര്‍

ജസ്പ്രിത് ബുംമ്ര, കെ എല്‍ രാഹുല്‍ തുടങ്ങി പരിചയസമ്പന്നരായ താരങ്ങളെ മറികടന്നുകൊണ്ടാണ് ബിസിസിഐ ഗില്ലിനെ നായകനായി പ്രഖ്യാപിച്ചത്

dot image

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിനെ തിരഞ്ഞെടുക്കാനുണ്ടായ കാരണം വ്യക്തമാക്കി ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച രോഹിത് ശര്‍മയ്ക്ക് പകരം യുവതാരം ശുഭ്മാന്‍ ഗില്ലിനെയാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായി ബിസിസിഐ തിരഞ്ഞെടുത്തത്.

ജസ്പ്രിത് ബുംമ്ര, കെ എല്‍ രാഹുല്‍ തുടങ്ങി പരിചയസമ്പന്നരായ താരങ്ങളെ മറികടന്നുകൊണ്ടാണ് ബിസിസിഐ ഗില്ലിനെ നായകനായി പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഗില്ലിനെ ക്യാപ്റ്റനായി തിരഞ്ഞെടുക്കാനുള്ള കാരണത്തെ കുറിച്ച് സംസാരിക്കുകയാണ് അജിത് അഗാര്‍ക്കര്‍. ദീര്‍ഘകാലത്തേക്ക് ടെസ്റ്റ് ടീമിനെ നയിക്കാന്‍ ഗില്ലിന് സാധിക്കുമെന്നും ഓരോ വര്‍ഷവും ഗില്‍ മികച്ച താരമായി വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നുമാണ് അഗാര്‍ക്കര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

'ഒന്നോ രണ്ടോ പരമ്പരകള്‍ക്ക് മാത്രം വേണ്ടിയല്ല നമ്മള്‍ ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്നത്. ദീര്‍ഘകാലത്തേക്കാണ് ഒരു ക്യാപ്റ്റനെ നിയമിക്കേണ്ടത്. കാലക്രമേണ ഗില്‍ കാര്യങ്ങള്‍ പഠിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹം മൂന്ന് ഫോര്‍മാറ്റിലും മികച്ച താരമാണെന്നാണ് ഞങ്ങള്‍ കരുതുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അദ്ദേഹം പുരോഗമിച്ചിട്ടുണ്ട്. ക്യാപ്റ്റനാവാനുള്ള മികവും അദ്ദേഹത്തിനുണ്ട്,' അഗാര്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

18 അംഗ ടീമിനെയാണ് ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയ്ക്കായി അയക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം ഷാര്‍ദുല്‍ താക്കൂറിനും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിന് വഴിതെളിച്ചു. പേസര്‍ അര്‍ഷ്ദീപ് സിങ് ആദ്യമായി ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി നടത്തുന്ന തകര്‍പ്പന്‍ പ്രകടനം സായി സുദര്‍ശനും ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സഹായമായി.

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, സായി സുദര്‍ശന്‍, അഭിമന്യൂ ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.

Content Highlights: Ajit Agarkar explains Why has Shubman Gill been picked as Test captain ahead of Jasprit Bumrah

dot image
To advertise here,contact us
dot image