
ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ടീമിൽ നിന്ന് രോഹിത് ശർമയും വിരാട് കോഹ്‍ലിയും വിരമിക്കൽ പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി പരിശീലകൻ ഗൗതം ഗംഭീർ. ഇരുവരും ഏകദിന ക്രിക്കറ്റിൽ കളിക്കുന്നുണ്ടെന്നാണ് ഗംഭീറിന്റെ വാക്കുകൾ. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത് വ്യക്തിപരമായ തീരുമാനമാണ്. 2027 ഏകദിന ലോകകപ്പിൽ ഇരുവരും കളിക്കുമോയെന്ന ചോദ്യത്തിനും ഗംഭീർ പ്രതികരിച്ചു.
'നോക്കൂ, 2027ലെ ഏകദിന ലോകകപ്പ് ഒരുപാട് അകലെയാണ്. അതിന് 2026ൽ ട്വന്റി 20 ലോകകപ്പുണ്ട്. അത് വലിയൊരു ടൂർണമെന്റാണ്. ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ഇന്ത്യയിലാണ് ടി20 ലോകകപ്പ് നടക്കുക. നിലവിൽ അടുത്ത മാസം നടക്കുന്ന ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം ഇന്ത്യൻ ടീമിന്റെ മുഴുവൻ ശ്രദ്ധയും ടി20 ലോകകപ്പ് ആയിരിക്കും. 2027 നവംബർ-ഡിസംബർ മാസങ്ങളിലായിരിക്കും ഏകദിന ലോകകപ്പ് നടക്കുക. രണ്ടര വർഷം അതിനായി ബാക്കിയുണ്ട്. ഞാൻ വീണ്ടും പറയുന്നു. കോഹ്‍ലി-രോഹിത് എന്നിവർ നന്നായി കളിക്കുന്നുണ്ടെങ്കിൽ പ്രായം വെറുമൊരു സംഖ്യ മാത്രമായിരിക്കും,' ഗംഭീർ സിഎൻഎൻ ന്യൂസ് 18നോട് പ്രതികരിച്ചു.
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഇരുവരും വിരമിച്ചത് വ്യക്തിപരമായ കാര്യമാണെന്ന് ഗംഭീർ പറഞ്ഞു. 'കളി എപ്പോൾ തുടങ്ങണം, എപ്പോൾ അവസാനിപ്പിക്കണം എന്നത് വളരെ വ്യക്തിപരമായ തീരുമാനമാണെന്ന് ഞാൻ കരുതുന്നു, ആരെങ്കിലും എപ്പോൾ വിരമിക്കണമെന്ന് പറയാൻ ആർക്കും അവകാശമില്ല, അത് പരിശീലകനോ സെലക്ടറോ ഈ രാജ്യത്തെ ആരെങ്കിലുമോ ആകട്ടെ. അത് ഉള്ളിൽ നിന്നാണ് വരുന്നത്,' ഗംഭീർ വ്യക്തമാക്കി.
Content Highlights: Kohli and Rohit still be available for India in the 50-over game: Gautam Gambhir