'എനിക്ക് വേണ്ടി ആരും ഇങ്ങനെയൊന്നും ചെയ്തിട്ടില്ല'; സൂരിയ്ക്ക് മുന്‍പില്‍ വികാരഭരിതനായി ഉണ്ണി മുകുന്ദന്‍

മാമന്‍ എന്ന സിനിമയുടെ കേരളത്തിലെ പ്രസ്മീറ്റില്‍ വെച്ചായിരുന്നു ഉണ്ണി മുകുന്ദന്‍ വെെകാരിക അനുഭവം പങ്കുവെച്ചത്.

dot image

തമിഴ് നടന്‍ സൂരിയ്‌ക്കൊപ്പമുള്ള വൈകാരിക അനുഭവം പങ്കുവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. സൂരി, ഐശ്വര്യ ലക്ഷ്മി, സ്വാസിക എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന മാമന്‍ എന്ന ചിത്രത്തിന്റെ കേരളത്തിലെ പ്രസ്മീറ്റില്‍ അതിഥിയായി എത്തിയപ്പോഴാണ് ഉണ്ണി മുകുന്ദന്‍ ഹൃദയഹാരിയായ അനുഭവം പങ്കുവെച്ചത്.

ദുരൈ സെന്തില്‍ സംവിധാനം ചെയ്ത സൂരി നായകനായ ഗരുഡന്‍ എന്ന സിനിമയില്‍ വില്ലന്‍ വേഷത്തില്‍ ഉണ്ണി മുകുന്ദന്‍ അഭിനയിച്ചിരുന്നു. ആ സിനിമയുടെ സെറ്റില്‍ വെച്ചാണ് സൂരിയ പരിചയപ്പെടുന്നതെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. മാര്‍ക്കോയുടെ തമിഴ് പതിപ്പിന്റെ റിലീസിന്റെ സമയത്ത് സൂരി തനിക്കൊരു വീഡിയോ അയച്ചിരുന്നെന്നും അത് മറക്കാനാകാത്ത അനുഭവം ആയിരുന്നു എന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു.

'ഗരുഡന്റെ ലൊക്കേഷനില്‍ വെച്ചാണ് സൂരി സാറിനെ പരിചയപ്പെടുത്തുന്നത്. ഞാന്‍ ആദ്യം കാലം മുതലേ അദ്ദേഹത്തിന്റെ വലിയ ഫാനായിരുന്നു. കാരണം ആളുകളെ ചിരിപ്പിക്കാന്‍ കഴിയുക എന്നത് വലിയ കാര്യമാണ്. ചെറിയ റോളുകളില്‍ തുടങ്ങി ഇപ്പോള്‍ തമിഴ് സിനിമയില്‍ തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റുകള്‍ നല്‍കുന്ന താരമായി മാറിയിരിക്കുകയാണ് സൂരി. അദ്ദേഹത്തിന്റെ ജീവിതം വളരെ ഇന്‍സ്‌പെയറിങ്ങാണ്.

വ്യക്തിപരമായ ഒരു അനുഭവം കൂടി ഞാന്‍ പങ്കുവെക്കാം. മാര്‍ക്കോ സിനിമയുടെ റിലീസ് ചെയ്ത സമയത്ത് സൂരി സാര്‍ എനിക്ക് വലിയൊരു വീഡിയോ മെസേജ് അയച്ചു. മാര്‍ക്കോ തമിഴില്‍ റിലീസിന് ഒരുങ്ങുന്ന സമയമായിരുന്നു അത്. 'എന്റെ അനിയന്റെ സിനിമ തമിഴില്‍ റിലീസ് ആവുകയാണ്, നിങ്ങള്‍ എല്ലാവരും കാണണം' എന്നായിരുന്നു വീഡിയോയില്‍ അദ്ദേഹം പറഞ്ഞത്.

മാര്‍ക്കോയുടെ തമിഴ് റിലീസുമായി ബന്ധപ്പെട്ട് ഞാന്‍ അദ്ദേഹത്തെ വിളിക്കുകയോ അറിയിക്കുകയോ എന്തെങ്കിലും ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല എന്ന് കൂടി ഓര്‍ക്കണം.

എന്റെ ജീവിതത്തില്‍ ഇന്നേ വരെ എനിക്കായി ആരും അങ്ങനെയൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ എനിക്ക് ഇതേ കുറിച്ച് പറയാതിരിക്കാനാകില്ല. നിങ്ങളുടെ മാമന്‍ എന്ന ഈ ചിത്രം വമ്പന്‍ ഹിറ്റാകണം എന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. കാരണം സൂരി അത്രയും നല്ലൊരു മനുഷ്യനാണ്. അദ്ദേഹം വിജയിക്കണം,' ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

മെയ് 16നാണ് മാമന്‍ തിയേറ്ററുകളിലെത്തുന്നത്. സൂരി തന്നെയാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഫാമിലി ഡ്രാമാ ഴോണറിലാണ് എത്തുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

Content Highlights: Unni Mukundan shares and emotional experience with Tamil actor Soori

dot image
To advertise here,contact us
dot image