ഐപിഎല്ലിലേക്ക് തിരിച്ചുവരവ്; പ്രതികരിക്കാതെ ഓസീസ് താരങ്ങൾ

സിഡ്നിയിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർകും ഭാര്യ അലിസ ഹീലിയും മാധ്യമങ്ങളോട് പ്രതികരിക്കാൻ മടിച്ചു

dot image

ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങളെ തുടർന്ന് നിർത്തിവെച്ച ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ 18-ാം പതിപ്പ് പുനരാരംഭിക്കുമ്പോൾ തിരിച്ചെത്തുന്ന കാര്യത്തിൽ വ്യക്തത വരുത്താതെ ഓസ്ട്രേലിയൻ താരങ്ങൾ. സിഡ്നിയിൽ വെച്ച് ഡൽഹി ക്യാപിറ്റൽസിന്റെ ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർകും ഭാര്യ അലിസ ഹീലിയും മാധ്യമങ്ങളോട് പ്രതികരിക്കാൻ മടിച്ചു. പഞ്ചാബ് കിങ്സിന്റെ ഓസീസ് താരം മാർകസ് സ്റ്റോയിനിസ് 'എല്ലാവരും സുഖമായിരിക്കുന്നു' എന്ന് മാത്രമാണ് പ്രതികരിച്ചത്. മറ്റ് ചോദ്യങ്ങൾക്ക് സ്റ്റോയിനിസും മറുപടി പറഞ്ഞില്ല.

റോയൽ ചലഞ്ചേഴ്സ് താരം ജോഷ് ഹേസൽവുഡ് തോളിന് പരിക്കേറ്റതിനെ തുടർന്ന് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കിലെന്നാണ് റിപ്പോർട്ടുകൾ. സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരങ്ങളായ പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ് എന്നിവരാണ് മറ്റ് പ്രധാന ഓസീസ് താരങ്ങൾ.

മെയ് 16ന് ഐപിഎൽ പുനരാരംഭിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിനെതുടർന്ന് ഐപിഎൽ ടീമുകൾ വിദേശതാരങ്ങളോട് ടീമിനൊപ്പം ചേരാൻ അറിയിച്ചിട്ടുണ്ട്. ജൂണിൽ അന്താരാഷ്ട്ര ക്രിക്കറ്റ് ആരംഭിക്കുമെന്നതിനാൽ മെയ് 30ന് മുമ്പ് തന്നെ ഐപിഎൽ പൂർത്തിയാക്കാനാണ് ബിസിസിഐ ശ്രമം.

ഐപിഎല്ലിൽ 17 മത്സരങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ടൂർണമെന്റിന്റെ പ്ലേ ഓഫിലേക്കുള്ള പോരാട്ടം കടുത്തിരിക്കെയാണ് ടൂർണമെന്റ് നിർത്തലാക്കേണ്ടി വന്നത്. 11 മത്സരങ്ങളിൽ നിന്നായി 16 പോയിന്റ് നേടിയ ​ഗുജറാത്ത് ടൈറ്റൻസ് ഒന്നാമതും സമാനസ്ഥിതിയിലുള്ള റോയൽ ചലഞ്ചേഴ്സ് രണ്ടാം സ്ഥാനത്തുമുണ്ട്. 11 മത്സരങ്ങളിൽ നിന്നായി 15 പോയിന്‍റുള്ള പ‍ഞ്ചാബ് മൂന്നാം സ്ഥാനത്തും 12 മത്സരങ്ങളിൽ നിന്നായി 14 പോയിന്‍റുള്ള മുംബൈ ഇന്ത്യൻസ് നാലാമതുമുണ്ട്.

13 പോയിന്‍റുമായി അഞ്ചാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റൽസിനും 11 പോയന്‍റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും 10 പോയിന്‍റുള്ള ലഖ്നൗ സൂപ്പർ ജയന്റ്സിനും പ്ലേ ഓഫ് സാധ്യകൾ നിലനിൽക്കുന്നു. ഏഴ് പോയിന്‍റ് മാത്രമുള്ള ഹൈദരാബാദും ആറ് പോയിന്‍റ് വീതമുള്ള രാജസ്ഥാനും ചെന്നൈയും പ്ലേ ഓഫിലെത്താതെ പുറത്തായി.

Content Highlights: The Australian players are reportedly concerned with the future impact of IPL 2025

dot image
To advertise here,contact us
dot image