
ഇന്ത്യ-പാകിസ്താൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ച ഇന്ത്യൻ പ്രീമിയർ ലീഗ് 18-ാം പതിപ്പ് പുനരാരംഭിക്കുന്നത് ചർച്ച ചെയ്യാൻ ബിസിസിഐ യോഗം ഇന്ന് ചേരും. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 'യുദ്ധം അവസാനിച്ചു. എന്നാൽ പുതിയ സാഹചര്യങ്ങൾ ഐപിഎൽ അധികൃതരുമായി ബിസിസിഐയുമായി ചർച്ച ചെയ്യും. അതിന് ശേഷം ഐപിഎൽ പുനരാരംഭിക്കാനുള്ള മികച്ച സമയം കണ്ടെത്തും,' രാജീവ് ശുക്ല വ്യക്തമാക്കി.
ഐപിഎൽ ദക്ഷിണേന്ത്യൻ നഗരങ്ങളായ ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവടങ്ങളിലായി നടത്തുന്നതിലും ബിസിസിഐ വൈസ് പ്രസിഡന്റ് പ്രതികരിച്ചു. 'യുദ്ധം തുടരുകയാണെങ്കിൽ ഒരുപക്ഷേ അത്തരമൊരു സാധ്യത പരിശോധിക്കേണ്ടി വരും. പല സാധ്യതകൾ പരിശോധിക്കുന്നുണ്ട്. ചർച്ച ചെയ്ത് മാത്രമെ അത്തരമൊരു തീരുമാനത്തിലെത്താൻ സാധിക്കൂ,' ശുക്ല വ്യക്തമാക്കി.
ഇന്ത്യൻ പ്രീമിയർ ലീഗിൽ 16 മത്സരങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ടൂർണമെന്റ് നിർത്തിവെയ്ക്കേണ്ടി വന്നത്. ഐപിഎല്ലിൽ കളിക്കുന്ന വിദേശ താരങ്ങൾ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. എങ്കിലും താരങ്ങൾ തയ്യാറായി ഇരിക്കണമെന്നും ഒരാഴ്ചയ്ക്കുള്ളിൽ ടൂർണമെന്റ് പുനരാരംഭിക്കുമെന്നും ബിസിസിഐ സൂചന നൽകിയിരുന്നു. ജൂൺ മുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് ആരംഭിക്കുമെന്നതിനാൽ പരമാവധി ഈ മാസം തന്നെ ഐപിഎൽ പൂർത്തിയാക്കാനാവും ബിസിസിഐ ശ്രമം.
Content Highlights: BCCI To Discuss IPL Resumption Options On Sunday: Rajeev Shukla