'ഇവിടെ 24 മണിക്കൂറും വെളിച്ചമുണ്ട്, IPL ഇവിടെ നടത്താം'; മൈക്കല്‍ വോണിന് മറുപടിയുമായി ഐസ്‌ലാന്‍ഡ് ക്രിക്കറ്റ്‌

മാറ്റിവെച്ച ഐപിഎല്ലിലെ ബാക്കി മത്സരങ്ങൾ ഇം​ഗ്ലണ്ടിൽ നടത്താമെന്ന നിർദേശവുമായി രം​ഗത്തെത്തിയിരിക്കുകയാണ് മൈക്കൽ വോൺ

dot image

ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യൻ പ്രീമിയർ ലീ​​ഗ് 2025ലെ മത്സരങ്ങൾ ഒരാഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ് ബിസിസിഐ. ഇതിനിടെ മാറ്റിവെച്ച ഐപിഎല്ലിലെ ബാക്കി മത്സരങ്ങൾ ഇം​ഗ്ലണ്ടിൽ നടത്താമെന്ന നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മൈക്കൽ വോൺ. ഐപിഎൽ കഴിഞ്ഞാൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്കായി ഇന്ത്യൻ താരങ്ങൾക്ക് ഇംഗ്ലണ്ടിൽ തുടരാമെന്നും വോൺ അഭിപ്രായപ്പെട്ടു.

''യുകെയിൽ ഐ‌പി‌എൽ പൂർത്തിയാക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നു. ഞങ്ങളുടെ എല്ലാ വേദികളും തയ്യാറാണ്. ഐപിഎൽ കഴിഞ്ഞാൽ ഇന്ത്യൻ കളിക്കാർക്ക് ടെസ്റ്റ് പരമ്പരയിൽ തുടരാനും സാധിക്കും", വോൺ എക്‌സിൽ കുറിച്ചു.

അതേസമയം മൈക്കല്‍ വോണിന്റെ നിർദേശത്തിന് മറുപടി നൽകി ഐസ്‌ലന്‍ഡ് ക്രിക്കറ്റിന്റെതായി വന്ന പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഐപിഎൽ നടത്താൻ പറ്റിയ വേദി ഐസ്‌ലാന്‍ഡ് ആണെന്നും ഇവിടെ 24 മണിക്കൂറും ഐസ്‌ലന്‍ഡില്‍ പകല്‍വെളിച്ചമുണ്ടെന്നുമാണ് വോണിന്‍റെ പോസ്റ്റ് റീഷെയർ ചെയ്ത് ക്രിക്കറ്റ് ബോർഡ് ഔദ്യോ​ഗിക എക്സ് അക്കൗണ്ടിൽ കുറിച്ചത്.

‘ഇവിടെ ഐസ്‌ലാന്‍ഡ് മാത്രമാണ് ഏക പോംവഴി. ഞങ്ങള്‍ക്ക് ഏകദേശം 24 മണിക്കൂര്‍ പകല്‍ വെളിച്ചമുണ്ട്, അതിനാല്‍ ഫ്‌ളഡ്‌ലൈറ്റ് തകരാറുകള്‍ ഒരു പ്രശ്‌നവുമാകില്ലെന്ന് ഉറപ്പാക്കുന്നു’, ഐസ്‌ലന്‍ഡ് ക്രിക്കറ്റ് പോസ്റ്റ് ചെയ്തു.

നേരത്തെ ഐപിഎൽ 2025 ലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കൊവിഡ്-19 ഭീഷണിയെത്തുടർന്ന് ഐപിഎൽ 2021 മാറ്റിവച്ചപ്പോഴും ഇസിബി സമാനമായ ഒരു ഓഫർ നൽകിയിരുന്നു. എന്നാൽ പിന്നീട് യുഎഇ യിലാണ് ആ വർഷം ഐപിഎൽ നടത്തിയിരുന്നത്.

Content Highlights: Iceland Cricket's epic response as Michael Vaughan suggests alternate venue for remainder of IPL 2025

dot image
To advertise here,contact us
dot image