'ഞാൻ അറിഞ്ഞിരുന്നില്ല, ഫോണിൽ സംസാരിക്കും': രോഹിത് ശർമയുടെ വിരമിക്കലിൽ അജിൻക്യ രഹാനെ

'ഏറ്റവും മികച്ച ടെസ്റ്റ് കരിയറിന് രോഹിത് ശർമയ്ക്ക് എനിക്ക് ആശംസകൾ അറിയിക്കണം'

dot image

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കാനുള്ള ഇന്ത്യൻ താരം രോഹിത് ശർമയുടെ തീരുമാനത്തിൽ അത്ഭുതപ്പെട്ട് സഹതാരം അജിൻക്യ രഹാനെ. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിന് പിന്നാലെ സംസാരിക്കുകയായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ കൂടിയായ അജിൻക്യ രഹാനെ. രോഹിത് ശർമയുടെ വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെ സംഭവിച്ചോ എന്നായിരുന്നു രഹാനെയുടെ മറുചോദ്യം.

'ഞാൻ അറിഞ്ഞിരുന്നില്ല. ശരിക്കും എനിക്കിതൊരു ഷോക്ക് ആണ്. ഞാൻ ഐപിഎൽ മത്സരത്തിലായിരുന്നു. അതുകൊണ്ടാണ് അറിയാതിരുന്നത്. റൂമിൽ ചെന്നാൽ ഉടൻ തന്നെ ഞാൻ രോഹിത്തിനെ ഫോണിൽ വിളിക്കും. ഏറ്റവും മികച്ച ടെസ്റ്റ് കരിയറിന് രോഹിത് ശർമയ്ക്ക് എനിക്ക് ആശംസകൾ അറിയിക്കണം.' രഹാനെ പ്രതികരിച്ചു.

'മധ്യനിരയിൽ അഞ്ച്, ആറ് സ്ഥാനങ്ങളിലാണ് രോഹിത് കരിയർ ആരംഭിച്ചത്. പിന്നെ ഓപണിങ് സ്ഥാനത്തേയ്ക്ക് മാറി. ആ മാറ്റവുമായി രോഹിത് പൊരുത്തപ്പെട്ടത് അതിശയകരമാണ്. ബൗളർമാരെ അനായാസം നേരിടാൻ രോഹിത് ശർമയ്ക്ക് കഴിഞ്ഞിരുന്നു', രഹാനെ വ്യക്തമാക്കി.

ഇന്നലെ വൈകുന്നേരമാണ് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. കരിയറിൽ നൽകിയ പിന്തുണയ്ക്ക് നന്ദിയെന്നും ഏകദിന ക്രിക്കറ്റിൽ ഇനിയും തുടരുമെന്നും രോഹിത് അറിയിച്ചിട്ടുണ്ട്. അതിനിടെ ജൂണിൽ നടക്കുന്ന ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ രോഹിത് ഉണ്ടാവില്ലെന്ന വാർത്തകൾക്ക് പിന്നാലെയാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം ഉണ്ടായത്.

Content Highlights: Ajinkya Rahane 'Shocked' By Rohit Sharma's Test Retirement

dot image
To advertise here,contact us
dot image