
May 24, 2025
06:30 PM
ത്രിരാഷ്ട്ര വനിതാ ക്രിക്കറ്റ് ഏകദിന പരമ്പരയില്‍ ഇന്ത്യ ഫൈനലില്‍. ദക്ഷിണാഫ്രിക്കന്‍ വനിതകളെ 23 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ മുന്നേറ്റം. ഇന്ത്യന്‍ വനിതകള്‍ ഉയര്‍ത്തിയ 338 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.
Women's Tri-Series 2025. India (Women) Won by 23 Run(s) (Qualified) https://t.co/ArXlqON4U2 #INDvSA #Womestrinationseries2025
— BCCI Women (@BCCIWomen) May 7, 2025
കൊളംബോയിലെ പ്രേമദാസ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യന്‍ വനിതകള്‍ ഒന്‍പത് വിക്കറ്റ് നഷ്ടപ്പെടുത്തി 337 റണ്‍സെടുത്തു. സെഞ്ച്വറി നേടിയ ജമീമ റോഡ്രിഗസും (101 പന്തില്‍ 123 റണ്‍സ്) അര്‍ധ സെഞ്ച്വറി നേടിയ ദീപ്തി ശര്‍മയും (93) സ്മൃതി മന്ദാനയുമാണ് (51) ഇന്ത്യയെ കൂറ്റന്‍ വിജയത്തിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (28), റിച്ച ഘോഷ് (20) എന്നിവരാണ് പിന്നീട് രണ്ടക്കം കടന്നത്.
മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെടുക്കാനാണ് സാധിച്ചത്. അനേരി ഡെര്‍ക്ക്സന്‍ (81), ക്ലോ ട്രയോണ്‍ (67) എന്നിവര്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തിളങ്ങി. മെയ്നെ സ്മിത്ത് (39), നൊന്ദുമിസോ ഷാന്‍ഗേസ് (36) എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. അമന്‍ജോത് കൗര്‍ മൂന്നും, ദീപ്തി ശര്‍മ രണ്ട് വിക്കറ്റും നേടി.
തകർപ്പന്‍ വിജയത്തോടെ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. മൂന്ന് മത്സരങ്ങളും പരാജയം വഴങ്ങിയ ദക്ഷിണാഫ്രിക്ക ടൂർണമെന്‍റില്‍ നിന്ന് പുറത്താവുകയും ചെയ്തു. നാല് മത്സരങ്ങളില്‍ ആറ് പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. ഫൈനലില്‍ ആതിഥേയരായ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍.
Content Highlights: Women's ODI Tri-Series: India beats South Africa by 23 runs, set to meet Sri Lanka in final