ഓപ്പറേഷന്‍ സിന്ദൂര്‍: ഐപിഎല്ലില്‍ MI vs PBKS മത്സരത്തിന് വേദിമാറ്റം, ധരംശാലയില്‍ നിന്ന് മുംബൈയിലേക്ക്‌?

ഇന്ത്യ- പാക് ബന്ധം വഷളായ സാഹചര്യത്തില്‍ ധരംശാലയിലെ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്

dot image

ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഐപിഎല്ലില്‍ വേദിമാറ്റത്തിന് സാധ്യത. ഇന്ത്യന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ധരംശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങളുടെയാണ് വേദിമാറ്റുന്ന കാര്യം ബിസിസിഐ പരിഗണിക്കുന്നത്.

ധരംശാലയില്‍ മെയ് 11ന് നടക്കേണ്ടിയിരുന്ന പഞ്ചാബ് കിംഗ്‌സ്- മുംബൈ ഇന്ത്യന്‍സ് മത്സരം മുംബൈയിലേക്ക് മാറ്റുമെന്നാണ് സൂചന. ഇന്ത്യന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തിന് പിന്നാലെ ഇന്ത്യ- പാക് ബന്ധം വഷളായ സാഹചര്യത്തില്‍ ധരംശാലയിലെ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിനായി മുംബൈ താരങ്ങള്‍ ചണ്ഡീഗഡിലായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. മെയ് 10 വരെ വിമാനത്താവളം അടച്ചിട്ടതിനാല്‍ റോഡ് മാര്‍ഗം ഡല്‍ഹി വഴി മാത്രമാണ് മുംബൈ താരങ്ങള്‍ക്ക് ധരംശാലയില്‍ എത്താന്‍ കഴിയുക. ഇതോടെ ദീര്‍ഘദൂരം റോഡ് യാത്ര വേണ്ടിവരുമെന്നതിനാലാണ് വേദി മുംബൈയിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കുന്നത്.

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ധരംശാല സ്റ്റേഡിയം ഇന്ത്യ- പാക് അതിര്‍ത്തിയില്‍ നിന്ന് 60 കിലോ മീറ്റര്‍ മാത്രം അകലെയാണ്. 20,000 പേര്‍ക്കിരിക്കാവുന്നതാണ് സ്റ്റേഡിയം. ഇതിനിടെ ഐപിഎല്ലില്‍ നാളെ (മെയ് എട്ട്) ധരംശാലയില്‍ പഞ്ചാബും ഡല്‍ഹിയും ഏറ്റുമുട്ടുകയാണ്. ഈ മത്സരവുമായി മുന്നോട്ടുപോകണോയെന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായി ഐപിഎല്‍ ഭരണസമിതി ചര്‍ച്ച നടത്തി വരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പഞ്ചാബ് കിംഗ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകളുടെ താരങ്ങള്‍ നിലവില്‍ ധരംശാലയിലാണുള്ളത്. ചണ്ഡീഗഡ് വിമാനത്താവളം അടച്ചതിനാല്‍ നാളത്തെ മത്സരശേഷമുള്ള ഡല്‍ഹി ടീമിന്റെ തിരിച്ചുപോക്കും ആശങ്കയിലാണ്.

അതേസമയം പഞ്ചാബ്- മുംബൈ മത്സരവേദി ധരംശാലയില്‍ നിന്ന് മാറ്റിയെങ്കിലും മത്സരം മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെയില്‍ ആയിരിക്കില്ല നടത്തുകയെന്നും സൂചനയുണ്ട്. മുംബൈയ്ക്ക് അധിക ആനുകൂല്യം ലഭിക്കാതിരിക്കാനായി മത്സരം മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലോ ബ്രാബോണ്‍ സ്റ്റേഡിയത്തിലോ നടത്തുന്നതിനെക്കുറിച്ചും ബിസിസിഐ പരിഗണിക്കുന്നുണ്ട്. എന്നാല്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ ഇവിടെ വേദി സജ്ജമാക്കാന്‍ സാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

Content Highlights: The MI vs PBKS clash is likely to be moved from Dharamsala to either DY Patil or Brabourne Stadium following Operation Sindoor

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us