
നിര്‍ണായകമത്സരത്തില്‍ പരാജയം വഴങ്ങിയ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകളെല്ലാം ഇന്നലത്തോടെ അവസാനിച്ചു. മുംബൈ ടീം തിളങ്ങിയ മത്സരത്തില്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയറെ പുറത്താക്കിയ സൂര്യകുമാര്‍ യാദവിന്റെ ക്യാച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. ബുംറയുടെ പന്തിലായിരുന്നു ഹെറ്റ്‌മെയറുടെ വിക്കറ്റ് തെറിച്ചത്.
കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് സൂര്യകുമാര്‍ യാദവും ജസ്പ്രീത് ബുംറയും ഹെറ്റ്‌മെയറെ പറഞ്ഞുവിട്ടത്. ബുംറ എറിഞ്ഞ പന്തില്‍ ഹെറ്റ്‌മെയര്‍ കൃത്യമായി ബാറ്റ് വെച്ചെങ്കിലും, നിമിഷനേരെ കൊണ്ട് സൂര്യകുമാര്‍ പന്തിനെ കൈപ്പിടിയിലൊതുക്കി. പൂജ്യം സ്കോറുമായാണ് ഹെറ്റ്മെയര്‍ പവലിയനിലേക്ക് മടങ്ങിയത്. ഈ സീസണില്‍ രാജസ്ഥാന്‍ നിലനിര്‍ത്തിയ താരത്തിന് മത്സരങ്ങളിലൊന്നും തന്നെ മികച്ച രീതിയില്‍ കളിക്കാനായിട്ടില്ല.
ഐപിഎല്ലില്‍ തുടര്‍ച്ചയായ ആറാം ജയമാണ് മുംബൈ ഇന്ത്യന്‍സ് ഇന്നലെ സ്വന്തമാക്കിയത്. രാജസ്ഥാന്‍ റോയല്‍സിനെ 100 റണ്‍സിന് തോല്‍പ്പിച്ചതോടെ മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തു. രാജസ്ഥാന്‍ റോയല്‍സിന്റെ മറുപടി 16.1 ഓവറില്‍ 117 റണ്‍സില്‍ അവസാനിച്ചു.
We only believe in 𝓙𝓪𝓼𝓼𝓲 Bhai! 🙌🏻 - #MI fans right now.#JaspritBumrah brings the heat in Rajasthan with back-to-back wickets! 🔥
— Star Sports (@StarSportsIndia) May 1, 2025
In this must-win clash, #RR are rocked early, will they bounce back?
Watch the LIVE action ➡ https://t.co/QKBMQn9xdI #IPLonJioStar 👉 #RRvMI… pic.twitter.com/g37tIQa62U
നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപണര്‍മാരായ റയാന്‍ റിക്ലത്തണും രോഹിത് ശര്‍മയും മുംബൈ ഇന്ത്യന്‍സിന് മികച്ച തുടക്കം നല്‍കി. 38 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സറും സഹിതം റിക്ലത്തണ്‍ 61 റണ്‍സെടുത്തു. 36 പന്തില്‍ ഒമ്പത് ബൗണ്ടറികള്‍ സഹിതം 53 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്. ഇരുവരും ചേര്‍ന്ന ആദ്യ വിക്കറ്റില്‍ 112 റണ്‍സ് പിറന്നു. പിന്നാലെ സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയും 23 പന്തില്‍ പുറത്താകാതെ 48 റണ്‍സെടുത്തതോടെ മുംബൈ മികച്ച സ്‌കോറിലെത്തി.
രാജസ്ഥാനായി മറുപടി ബാറ്റിങ്ങില്‍ ആര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. അഞ്ച് താരങ്ങള്‍ക്ക് മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ രണ്ടക്കം കടക്കാന്‍ സാധിച്ചത്. 30 റണ്‍സെടുത്ത ജൊഫ്ര ആര്‍ച്ചറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. മുംബൈ ഇന്ത്യന്‍സിനായി കരണ്‍ ശര്‍മ, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജസ്പ്രീത് ബുംമ്ര രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.
Content Highlights: Suryakumar Yadav's stunning catch against Heymeyer in RR vs MI match