
ഐപിഎല്ലിൽ ഓറഞ്ച് ക്യാപും 600ലധികം റൺസും നേടുന്നത് തന്റെ ലക്ഷ്യമല്ലെന്ന് മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ. 'ഈ ഐപിഎൽ സീസണിൽ ഇത്രയധികം റൺസ് നേടണം എന്നതായിരുന്നില്ല എന്റെ ലക്ഷ്യം. മുംബൈ ഇന്ത്യൻസിനുവേണ്ടി മത്സരങ്ങൾ വിജയിക്കുക എന്നതാണ് പ്രധാനം. അതിനുവേണ്ടി ഞാൻ പരമാവധി ശ്രമിക്കുന്നു. 600, 700 റൺസോ അല്ലെങ്കിൽ 800 റൺസോ നേടിയാലും ടീം ഐപിഎൽ ട്രോഫി നേടിയില്ലെങ്കിൽ നിങ്ങളുടെ റൺസിന് ഒരു കാര്യവുമില്ല.' രോഹിത് ശർമ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
'ഞാൻ നേടുന്ന 30 റൺസ് ടീമിനെ വിജയിപ്പിക്കാൻ സഹായിക്കുന്നു എന്ന് ഞാൻ അവകാശപ്പെടുന്നില്ല. ടീമിന് ഗുണകരമാകുന്ന സംഭാവനകൾ നൽകുന്നതിലാണ് എന്റെ ശ്രദ്ധ. മുമ്പ് റൺസ് നേടണം എന്ന് ഞാൻ ചിന്തിച്ചിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയല്ല. മുംബൈ ഇന്ത്യൻസ് എപ്പോഴൊക്കെ ട്രോഫി നേടിയിട്ടുണ്ടോ, അപ്പോഴൊന്നും ഞങ്ങളുടെ ടീമിൽ നിന്ന് ആരും ഓറഞ്ച് ക്യാപ് നേടിയിട്ടില്ല. അതാണ് മുംബൈയുടെ കിരീടവിജയത്തിന് പ്രധാനകാരണം.' രോഹിത് ശർമ വ്യക്തമാക്കി.
ഐപിഎൽ സീസണിൽ ഇതുവരെ രോഹിത് ശർമ മുംബൈ ഇന്ത്യൻസിനായി ഒമ്പത് മത്സരങ്ങളിൽ നിന്ന് 240 റൺസാണ് നേടിയിരിക്കുന്നത്. 30 റൺസ് മാത്രമാണ് ബാറ്റിങ് ശരാശരി. വാംഖഡെ സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ 45 പന്തിൽ പുറത്താകാതെ 76 റൺസ് നേടിയതാണ് രോഹിത് ശർമയുടെ സീസണിലെ മികച്ച പ്രകടനം.
ഐപിഎൽ പോയിന്റ് ടേബിളിൽ 10 മത്സരങ്ങളിൽ ആറ് ജയം നേടിയ മുംബൈ ഇന്ത്യൻസ് 12 പോയിന്റ് സ്വന്തമാക്കി കഴിഞ്ഞു. രണ്ട് വിജയങ്ങൾ കൂടി നേടിയാൽ മുംബൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. ഇന്ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെയാണ് മുംബൈ നേരിടാനൊരുങ്ങുന്നത്.
Content Highlights: Rohit Sharma says winning trophies is more important than scoring big runs