
കേരള ക്രിക്കറ്റുമായി ബന്ധപ്പെട്ട പരിപാടികളിൽ നിന്ന് വിലക്കേർപ്പെടുത്തിയതിൽ പ്രതികരണവുമായി മുൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. കേരള താരം സഞ്ജു സാംസണെ പിന്തുണച്ചു എന്നതൊഴിച്ചാൽ മറ്റൊന്നും കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ താൻ പറഞ്ഞിട്ടില്ലെന്നാണ് ശ്രീശാന്തിന്റെ വാക്കുകൾ.
'കേരള ക്രിക്കറ്റ് അസോസിയേഷൻ എനിക്ക് മൂന്ന് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയെന്നാണ് കേൾക്കുന്നത്. എന്ത് തെറ്റാണ് ഞാൻ ചെയ്തതെന്ന് അറിയില്ല. കേരളത്തിന്റെ സ്വന്തം സഞ്ജുവിനെ പിന്തുണച്ചു എന്നൊരു കാര്യം മാത്രമാണ് ചെയ്തത്. മറ്റൊരുകാര്യത്തിലും കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ ഞാൻ സംസാരിച്ചിട്ടില്ല. കേരള താരങ്ങൾ അന്താരാഷ്ട്ര തലത്തിൽ ക്രിക്കറ്റ് കളിച്ചിരുന്നെങ്കിൽ അത് കൂടുതൽ നന്നാകുമായിരുന്നു. അത്രമാത്രമാണ് ഞാൻ പറഞ്ഞത്.' ശ്രീശാന്ത് സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു.
'ടിനു യോഹന്നാൻ കുറച്ചുകാലമായി കേരള ടീമിനൊപ്പമുണ്ട്. ടിനുച്ചേട്ടനേപ്പോലുള്ളവർ അസോസിയേഷനിൽ വന്നാൽ കുറച്ചുകൂടി നന്നായിരിക്കും എന്ന് പറഞ്ഞിരുന്നു. അസോസിയേഷനിലുള്ളവർ എന്തുകൊണ്ടാണ് അത് വളച്ചൊടിക്കുന്നത്. എന്തുകൊണ്ടാണ് എന്നെ ലക്ഷ്യം വെയ്ക്കുന്നത്. എനിക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റോ സെക്രട്ടറിയോ ഒന്നും ആകാൻ ഒരു ആഗ്രഹവുമില്ല. അതോ വോട്ടിന്റെ പേരിലുള്ള പേടിയാണോ എന്നും അറിയില്ല.' ശ്രീശാന്ത് പരിഹസിച്ചു.
'ഇതിനെല്ലാം പിന്നിൽ എന്താണെന്ന് എനിക്ക് അറിയില്ല. അതെല്ലാം ക്രിക്കറ്റ് ആരാധകർ തീരുമാനിക്കട്ടെ. സഞ്ജുവിനെയും കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴിൽ കളിക്കുന്ന ഏതു ക്രിക്കറ്റ് താരത്തെയും തുടർന്നും പിന്തുണയ്ക്കും.' ശ്രീശാന്ത് വ്യക്തമാക്കി.
'സഞ്ജു സാംസണെ ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെയായിരുന്നു ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷനെ വിമർശിച്ചത്. സഞ്ജുവിന് ശേഷം കേരളത്തിൽ നിന്നൊരു മലയാളി ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. കേരള ക്രിക്കറ്റ് ടീമിൽ പോലും മറ്റ് സംസ്ഥാനക്കാർ കളിക്കുന്നു. സച്ചിൻ ബേബിയും എം ഡി നിധീഷും വിഷ്ണു വിനോദുമെല്ലാം നന്നായി കളിക്കുന്നു. എന്നാൽ ആർക്കും കേരള ക്രിക്കറ്റിൽ നിന്നും ഉയർച്ചകൾ ഉണ്ടാകുന്നില്ല.' ഇങ്ങനെയായിരുന്നു ശ്രീശാന്തിന്റെ ആരോപണങ്ങൾ.
ശ്രീശാന്തിന്റെ വിമർശനത്തിൽ മറുപടിയുമായി കേരള ക്രിക്കറ്റ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. കേരള ക്രിക്കറ്റ് താരങ്ങളുടെ കരിയറിൽ ശ്രീശാന്ത് ആശങ്കപ്പെടേണ്ടയെന്നായിരുന്നു കെ സി എ നൽകിയ മറുപടി. രണ്ടര മാസങ്ങളുടെ ഇടവേളയിൽ കെ സി എ ശ്രീശാന്തിനെതിരെ നടപടിയുമെടുത്തിരിക്കുകയാണ്.
Content Highlights: Sreesanth Breaks Silence On 3-Year Suspension Over Sanju Samson Row