
പാകിസ്താൻ ക്രിക്കറ്റ് താരങ്ങളായ ബാബർ അസമിന്റെയും ഷഹീൻ അഫ്രീദിയുടെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്. നിയമപരമായ കാരണങ്ങളാലാണ് അക്കൗണ്ടുകൾ വിലക്കിയതെന്ന് ഇൻസ്റ്റാഗ്രാം അറിയിച്ചു. പാക് താരങ്ങളുടെ അക്കൗണ്ടുകൾ ഇന്ത്യയിൽ നിന്ന് ഓപൺ ചെയ്യുന്നവർക്ക്, ഈ അക്കൗണ്ടുകൾ ഇന്ത്യയിൽ ലഭ്യമല്ലെന്നും ഇവ നിയന്ത്രിക്കാനുള്ള ഒരു നിയമപരമായ അഭ്യർത്ഥന ഞങ്ങൾ പാലിച്ചിരിക്കുകയാണെന്നുമാണ് കാണിക്കുന്നത്.
Babar Azam's Instagram Account Banned in India 😯
— Richard Kettleborough (@RichKettle07) May 2, 2025
~ What's your take on this 🤔 Tell me honestly 😅 pic.twitter.com/3WCit0w6L3
ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയുള്ള കേന്ദ്ര സർക്കാർ നടപടിയെന്നാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളുടെ വിലക്കിനെ കരുതുന്നത്. നേരത്തെ ദോഷകരമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 16 പാകിസ്താൻ യൂട്യൂബ് ചാനലുകൾക്ക് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു.
അതിനിടെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആഭ്യന്തര പ്രതിസന്ധി ക്രിക്കറ്റിനെയും ബാധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഓഗസ്റ്റിൽ നടക്കേണ്ട ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനവും സെപ്റ്റംബറിൽ നടക്കേണ്ട ഏഷ്യാ കപ്പും റദ്ദാക്കുമെന്നാണ് സൂചന. പഹൽഗാം ആക്രമണത്തിന് പിന്നാലെ ബംഗ്ലാദേശിലെ ഒരു വിരമിച്ച മേജർ ജനറലിന്റെ പ്രസ്താവനയാണ് ക്രിക്കറ്റ് പരമ്പരയ്ക്ക് തടസമാകുന്നത്. ഇന്ത്യ പാകിസ്താനെ ആക്രമിച്ചാൽ ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ബംഗ്ലാദേശ് പിടിച്ചെടുക്കുമെന്നായിരുന്നു പ്രസ്താവന. ബംഗ്ലാദേശ് പ്രധാനമന്ത്രി മുഹമ്മദ് യൂനസുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ഇയാളെന്നാണ് റിപ്പോർട്ടുകൾ.
ഏപ്രിൽ 22നാണ് ജമ്മു കശ്മീരിലെ പഹൽഗാമിൽ പാകിസ്താന്റെ പ്രകോപനമുണ്ടായത്. ഭീകരാക്രമണത്തെ തുടർന്ന് 26 ജീവനുകൾ നഷ്ടമായിരുന്നു. പിന്നാലെ ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ബന്ധം വഷളായി.
Content Highlights: Instagram bans Babar Azam, Shaheen Afridi banned in India