'എനിക്ക് ഇപ്പോഴും അതിന് സാധിക്കും'; ഐപിഎല്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തതില്‍ ആന്‍ഡേഴ്‌സണ്‍

42-ാം വയസിലാണ് ആന്‍ഡേഴ്‌സണ്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് എത്തുന്നത്.

'എനിക്ക് ഇപ്പോഴും അതിന് സാധിക്കും'; ഐപിഎല്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തതില്‍ ആന്‍ഡേഴ്‌സണ്‍
dot image

ഐപിഎല്‍ 2025 മെഗാതാരലേലത്തിലെ ഏറ്റവും വലിയ സര്‍പ്രൈസുകളിലൊന്നാണ് ഇംഗ്ലണ്ടിന്റെ പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സണ്‍. ഈ വര്‍ഷം ആദ്യം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ജിമ്മി അടുത്ത ഐപിഎല്‍ സീസണിനുള്ള ലേല ലിസ്റ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. 42-ാം വയസിലാണ് ആന്‍ഡേഴ്‌സണ്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് എത്തുന്നത്. ഇപ്പോള്‍ ഐപിഎല്‍ ലേലത്തില്‍ രജിസ്റ്റർ ചെയ്തതിന്‍റെ കാരണം വിശദീകരിച്ച് ആദ്യമായി രംഗത്തെത്തിയിരിക്കുകയാണ് ആന്‍ഡേഴ്‌സണ്‍.

'എനിക്ക് ഇനിയും കളിക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് ഇപ്പോഴും തോന്നുന്നത്. ഐപിഎല്ലില്‍ എനിക്ക് ഇതുവരെ കളിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു കളിക്കാരനെന്ന നിലയില്‍ കൂടുതല്‍ എന്തെങ്കിലും നല്‍കാമെന്നാണ് ഞാന്‍ കരുതുന്നത്. ഗെയിമിനെ കുറിച്ചുള്ള എന്റെ അറിവ് വര്‍ധിക്കാന്‍ ഐപിഎല്‍ സഹായിക്കുമെന്ന് ഉറപ്പാണ്', ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. ബിബിസി റേഡിയോയ്ക്ക് നല്‍കിയ പോഡ്കാസ്റ്റിലാണ് താരം മനസ് തുറന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ മെഗാ താരലേലം നവംബര്‍ 24, 25 തീയതികളിലായി നടക്കാന്‍ പോവുകയാണ്. ജിദ്ദയില്‍ നടക്കുന്ന മെഗാലേലത്തില്‍ 1,574 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അടിസ്ഥാന വിലയായ 1.25 കോടി രൂപയിലാണ് ആന്‍ഡേഴ്സണ്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ആദ്യമായി ഐപിഎല്ലിലെത്തുന്ന ആന്‍ഡേഴ്സണെ ഏത് ടീം റാഞ്ചുമെന്ന് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

കഴിഞ്ഞ ജൂലൈയില്‍ ആന്‍ഡേഴ്‌സണ്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 704 ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള ആന്‍ഡേഴ്‌സണ്‍ രാജ്യാന്തര ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ഇതുവരെ ഐപിഎല്‍ കളിക്കാതിരുന്നത്. രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചതുകൊണ്ടാണ് ആന്‍ഡേഴ്‌സണ്‍ ഇപ്പോള്‍ ഐപിഎല്ലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആന്‍ഡേഴ്‌സണ്‍ ഒരിക്കല്‍ പോലും ഒരു ഗ്ലോബല്‍ ഫ്രാഞ്ചൈസി ടി20 ലീഗില്‍ മത്സരിച്ചിട്ടില്ല എന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത. 2014ലാണ് ആന്‍ഡേഴ്‌സണ്‍ ഒടുവില്‍ ട്വന്റി 20 ക്രിക്കറ്റ് കളിച്ചത്. കരിയറില്‍ ഇതുവരെ 44 ടി20 മത്സരങ്ങള്‍ മാത്രമാണ് ആന്‍ഡേഴ്‌സണ്‍ കളിച്ചിട്ടുള്ളത്.

Content Highlights: 'I can still play', James Anderson reveals why he registered for IPL auction

dot image
To advertise here,contact us
dot image