വിംബിള്‍ഡണ്‍; മൂന്നാം റൗണ്ടിലേക്ക് മുന്നേറി അല്‍കാരാസും സിന്നറും

ആവേശകരമായ പോരാട്ടത്തിലൂടെ മാറ്റിയോ ബെറെറ്റിനിയെ മറികടന്നാണ് സിന്നര്‍ മൂന്നാം റൗണ്ടിന് യോഗ്യത നേടിയത്
വിംബിള്‍ഡണ്‍; മൂന്നാം റൗണ്ടിലേക്ക് മുന്നേറി അല്‍കാരാസും സിന്നറും

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസില്‍ നിലവിലെ ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരാസും ലോക ഒന്നാം നമ്പര്‍ യാനിക് സിന്നറും മൂന്നാം റൗണ്ടില്‍. ഓസ്‌ട്രേലിയയുടെ അലക്‌സാണ്ടര്‍ വുക്കിച്ചിനെ പരാജയപ്പെടുത്തിയാണ് അല്‍കാരാസിന്റെ മുന്നേറ്റം. അതേസമയം ആവേശകരമായ പോരാട്ടത്തിലൂടെ മാറ്റിയോ ബെറെറ്റിനിയെ മറികടന്നാണ് സിന്നര്‍ മൂന്നാം റൗണ്ടിന് യോഗ്യത നേടിയത്.

ഓസ്‌ട്രേലിയന്‍ താരം അലക്‌സാണ്ടര്‍ വുക്കിച്ചിനെതിരായ മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു അല്‍കാരാസിന്റെ വിജയം. തുടക്കം വെല്ലുവിളി നിറഞ്ഞതായിരുന്നെങ്കിലും 7-6 (7/5), 6-2, 6-2 എന്ന സ്‌കോറിന്റെ നിര്‍ണായക വിജയം അല്‍കാരാസ് സ്വന്തമാക്കി. 29-ാം സീഡായ ഫ്രാന്‍സിസ് ടിയാഫോയെ ആയിരിക്കും മൂന്നാം റൗണ്ടില്‍ അല്‍കാരാസിന്റെ എതിരാളിയായി എത്തുക.

അതേസമയം ഇറ്റലിയുടെ തന്നെ മാറ്റിയോ ബെറെറ്റിനിയുടെ വെല്ലുവിളി അതിജീവിച്ചാണ് യാനിക് സിന്നര്‍ വിജയം സ്വന്തമാക്കിയത്. നാല് മണിക്കൂറോളം നീണ്ട രണ്ടാം റൗണ്ട് മത്സരത്തില്‍ 7-6, 7-6, 2-6, 7-6 എന്ന സ്‌കോറിന്റെ ആവേശവിജയമാണ് ലോക ഒന്നാം നമ്പര്‍ താരം സ്വന്തമാക്കിയത്. 2021 വിംബിള്‍ഡണിലെ ഫൈനലിസ്റ്റാണ് ബെറെറ്റിനി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com