'ഗോൾഡൻ ബോയ് നീരജ് ചോപ്ര തിരിച്ചു വരുന്നു' ലക്ഷ്യം രണ്ടാം ഒളിമ്പിക്സ് സ്വർണ്ണം

ഈ വരുന്ന മെയ് 10ന് ദോഹ ഡയമണ്ട് ലീഗിലൂടെയാണ് നീരജ് തന്റെ പുതിയ സീസണിന് തുടക്കമിടുന്നത്
'ഗോൾഡൻ ബോയ് നീരജ് ചോപ്ര തിരിച്ചു വരുന്നു' ലക്ഷ്യം രണ്ടാം ഒളിമ്പിക്സ് സ്വർണ്ണം

ന്യൂഡൽഹി: ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ത്രോവിങ് പിറ്റിലേക്ക് ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് അത്ലറ്റിക്സ് ജേതാവ് നീരജ് ചോപ്ര തിരിച്ചെത്തുന്നു. ഈ വരുന്ന മെയ് 10ന് ദോഹ ഡയമണ്ട് ലീഗിലൂടെയാണ് നീരജ് തന്റെ പുതിയ സീസണിന് തുടക്കമിടുന്നത്. 2022ൽ നേടി 2023ൽ ചെറിയ അകലത്തിൽ നഷ്ടമായ ഡയമണ്ട് കിരീടം വീണ്ടെടുക്കുകയാണ് ലക്ഷ്യം. ശേഷം ഒഡീഷയിൽ വെച്ച് നടക്കുന്ന ഫെഡറേഷൻ കപ്പിലും താരം പങ്കെടുക്കും.ജൂലായിൽ നടക്കാനിരിക്കുന്ന വരുന്ന പാരിസ് ഒളിമ്പിക്സിലും തന്റെ സ്വർണ്ണ നേട്ടം ആവർത്തിക്കുമെന്നും തിരിച്ചു വരവ് അറിയിച്ചുള്ള കുറിപ്പിൽ നീരജ് പറഞ്ഞു.

നീരജ് ചോപ്രയ്ക്കൊപ്പം കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയിരുന്ന ഇന്ത്യൻ താരങ്ങളായ കിഷോർ ജെന, ഡി പി മനു തുടങ്ങിയവരും ഈ രണ്ട് ടൂർണമെന്റുകളിൽ പങ്കെടുക്കും. പാരീസിൽ ജാവലിൻ പിറ്റിൽ ശക്തമായ സ്ഥാനം ഉറപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം. കഴിഞ്ഞ വർഷം ബുഡാപെസ്റ്റിൽ 88.17 മീറ്റർ എറിഞ്ഞു നീരജ് ഇന്ത്യയുടെ ആദ്യ ലോക ചാമ്പ്യൻഷിപ്പ് സ്വർണ്ണം നേടിയിരുന്നു. കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ ഗെയിംസിലും 88.88 മീറ്റർ എറിഞ്ഞ് സ്വർണം നേടി. 2021 ആഗസ്റ്റ് 4ന് ടോക്കിയോയിൽ വെച്ചാണ് നീരജ് ഒളിമ്പിക്സ് സ്വർണ്ണം നേടുന്നത്. ജപ്പാൻ നാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ പതാകയുമായി തടിച്ചു കൂടിയ കാണികൾക്ക് മുന്നിൽ 87.58 ദൂരം ജാവലിൻ പായിച്ചത്.

ടോക്കിയോ ഒളിമ്പിക്സിനുശേഷം 2022ൽ നടന്ന ഒറീഗോൺ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി. 2023 ആഗസ്റ്റിൽ ഹംഗറിയിലത് സ്വർണമാക്കി. ശേഷം നടന്ന സൂറിച്ചിലെ ഡയമണ്ട് ലീഗിൽ വെള്ളി നേടി. ഇപ്പോൾ ആ വെള്ളി സ്വർണമാക്കണമെന്ന ലക്ഷ്യത്തോടെ പുതിയ ഡയമണ്ട് സീസണിനൊരുങ്ങുകയാണ് നീരജ്. പാരീസ് ഒളിമ്പിക്സിന് മുമ്പ് തന്റെ സ്വപ്ന ദൂരമായ 90 മീറ്റർ മറികടക്കുക എന്നതാണ് മെഡൽ നേടുന്നതിനേക്കാൾ വലിയ ലക്ഷ്യമെന്നും നീരജ് പറയുന്നു.

'ഗോൾഡൻ ബോയ് നീരജ് ചോപ്ര തിരിച്ചു വരുന്നു' ലക്ഷ്യം രണ്ടാം ഒളിമ്പിക്സ് സ്വർണ്ണം
രണ്ടുതവണ ബൗണ്ടറി തൊട്ടിട്ടും അമ്പയർ ക്യാച്ച് അനുവദിച്ചു, സഞ്ജുവിന്റെ പുറത്താകലിൽ വിമർശനവുമായി സിദ്ദു

Related Stories

No stories found.
logo
Reporter Live
www.reporterlive.com