ചെ രാജ്യാന്തര ചെസ്സ് ഫെസ്റ്റിവൽ മികച്ച അനുഭവമാക്കി പ്രഗ്യാനന്ദ, നിഹാൽ സരിൻ പോരാട്ടം

പ്രഥമ ചെ രാജ്യാന്തര ചെസ്സ് ഫെസ്റ്റിവലിന്റെ അവസാന ദിവസം നടന്ന ത്രസിപ്പിക്കുന്ന പോരാട്ടത്തിൽ ലോക രണ്ടാം നമ്പർ താരമായ ആർ പ്രഗ്യാനന്ദക്ക് വിജയം
ചെ രാജ്യാന്തര ചെസ്സ് ഫെസ്റ്റിവൽ മികച്ച അനുഭവമാക്കി പ്രഗ്യാനന്ദ, നിഹാൽ സരിൻ പോരാട്ടം

തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് യുവജനകാര്യ വകുപ്പും സ്പോർട്സ് കേരള ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച പ്രഥമ ചെ രാജ്യാന്തര ചെസ്സ് ഫെസ്റ്റിവലിന്റെ അവസാന ദിവസം നടന്ന ത്രസിപ്പിക്കുന്ന പോരാട്ടത്തിൽ ലോക രണ്ടാം നമ്പർ താരമായ ആർ പ്രഗ്യാനന്ദക്ക് വിജയം. കേരളത്തിന്റെ ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിനെ പത്ത് റൗണ്ട് ബ്ലിറ്റ്സ് മത്സരത്തിൽ 7.5 പോയിന്റ് നേടിയാണ് പരാജയപ്പെടുത്തിയത്. നിഹാൽ 2.5 പോയിന്റുകൾ നേടി. ഇരുവരുടെയും മത്സരം വിവിധ രാജ്യങ്ങളിൽ ലൈവ് സ്ട്രീം ചെയ്യുകയും ഒരേസമയം ഏകദേശം 20,000 ത്തോളം പേർ ലൈവ് ആയി കാണുകയും ചെയ്തു. ഇന്ത്യയിലെ തന്നെ മികച്ച ഗ്രാൻഡ്മാസ്റ്ററന്മാരായ ഇരുവരും ഇതാദ്യമായാണ് പരസ്പരം ഏറ്റുമുട്ടുന്നത്.

ഇരുവരും ആദ്യ റൗണ്ടിൽ മികച്ച കളിയാണ് പുറത്തെടുത്തത്. ആദ്യ റൗണ്ടിൽ പ്രഗ്യാനന്ദ നിഹാലിന്റെ ചെറിയ പിഴവിലൂടെ മികച്ച വിജയം സ്വന്തമാക്കി. രണ്ടാം റൗണ്ടിൽ നിഹാൽ കളി മെച്ചപ്പെടുത്തുകയും ആ റൗണ്ടിൽ വിജയിക്കുകയും ചെയ്തു. മൂന്ന് നാലും റൗണ്ടുകളിൽ പ്രഗ്യാനന്ദ മുന്നേറിയപ്പോൾ അഞ്ചാം റൗണ്ടിൽ നിഹാൽ വിജയിച്ചു. ആറാം റൗണ്ടിൽ ഇരുവരും സമനിലയിൽ പിരിഞ്ഞു. അടുത്ത മൂന്ന് റൗണ്ടുകളിലും പ്രഗ്യാനന്ദ വിജയിച്ചു. നാലാമത്തെയും ഒമ്പതാമത്തെയും റൗണ്ടുകളിൽ 80 നീക്കങ്ങളാണ് ഇരുവരും നടത്തിയത്.

നിഹാലുമായുള്ള മത്സരം മികച്ചതായിരുന്നുവെന്നും ചില റൗണ്ടുകളിലെ പിഴവ് മുതലെടുക്കാൻ സാധിച്ചുവെന്നും പ്രഗ്യാനന്ദ പറഞ്ഞു. നിഹാലിനെ പോലുള്ള വളരെ സമർത്ഥരായകളിക്കാരുമായി കളിക്കാനാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പ്രഗ്യാനന്ദയൊത്തുള്ള കളി പുതിയൊരനുഭവമാണെന്നും അതിൽ വളരെ സന്തോഷമുണ്ടെന്നും നിഹാൽ പറഞ്ഞു. കേരളത്തിലെ ചെസ്സ് താരങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ് ചെ രാജ്യാന്തര ചെസ്സ് ഫെസ്റ്റിവലെന്ന് നിഹാൽ പറഞ്ഞു.

ഉച്ചക്ക് ശേഷം ഇരുവരും വിവിധ ജില്ലകളിലെ ചെസ്സ് മത്സരങ്ങളിൽ വിജയികളായ 16 വീതം കുട്ടികൾക്കൊപ്പം ക്ലാസ്സിക്ക് മത്സരങ്ങൾ കളിച്ചു.

അഞ്ചു ദിവസമായി നടന്ന് വന്ന ചെ രാജ്യാന്തര ചെസ്സ് ഫെസ്റ്റിവൽ കേരളത്തിലെ ചെസ്സ് കളിക്കാർക്കും പ്രേമികൾക്കും മികച്ച അനുഭവമായിരുന്നു. സംസ്ഥാന സർക്കാരും ക്യൂബയുമായുള്ള സഹകരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻന്റെ ക്യൂബൻ സന്ദർശന വേളയിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് അഞ്ച് മികച്ച ക്യൂബൻ ചെസ്സ് താരങ്ങൾ കേരളം സന്ദർശിച്ചത്, ക്ലാസിക്കൽ, റാപ്പിഡ് ബ്ലിറ്റ്സ് ഫോർമാറ്റുകളിൽ കേരള ടീമുമായി ഇവർ കളിച്ചു. ക്യൂബൻ സംഘത്തിൽ മൂന്ന് ഗ്രാൻഡ് മാസ്റ്ററന്മാരും ഒരു ഇന്റർനാഷണൽ മാസ്റ്ററും അംഗങ്ങളായിരുന്നു. ഫെസ്റ്റിവലിന്റെ മൂന്നാം ദിനവും നാലാം ദിനവും കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമെത്തിയ 64 താരങ്ങൾക്കായി ഇന്റർനാഷണൽ മാസ്റ്റർ വി ശരവണനും, പ്രശസ്ത കോച്ച് ആർ ബി രമേശും ശില്പശാലകൾ നയിച്ചു.

തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ എ എ റഹിം എം പി വിജയികൾക്കും ശില്പശാലയിൽ പങ്കെടുത്തവർക്കും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണംചെയ്തു. ചടങ്ങിൽ വെച്ച് ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരള 2024 ന്റെ ലോഗോ ഗ്രാൻഡ്മാസ്റ്റർ പ്രഗ്യാനന്ദക്ക് നൽകി എം പി നിർവഹിച്ചു. ഈ ജനുവരിയിൽ തിരുവനന്തപുരത്ത് വെച്ചാണ് സമ്മിറ്റ് സംഘടിപ്പിക്കുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com