ക്രിക്കറ്റിന്റെ വൻമതിലിന് 51 വയസ്; രാഹുൽ ദ്രാവിഡിന് പിറന്നാൾ

ടെസ്റ്റ് ബാറ്ററെന്ന പരിഹാസങ്ങള്‍ക്ക് ദ്രാവിഡ് ബാറ്റുകൊണ്ട് മറുപടി നല്‍കി.
ക്രിക്കറ്റിന്റെ വൻമതിലിന് 51 വയസ്; രാഹുൽ ദ്രാവിഡിന് പിറന്നാൾ

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡിന് ഇന്ന് 51-ാം പിറന്നാൾ. ഒന്നര പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് ജീവിതമായിരുന്നു ദ്രാവിഡിന്റേത്. മുന്‍നിര തകര്‍ന്നടിഞ്ഞ പല മത്സരങ്ങളിലും എതിരാളികളുടെ ബൗളിംഗ് ആക്രമണം ആ മതിലില്‍ തട്ടി നിന്നു. വിരമിച്ച ശേഷം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി തലമുറയ്ക്ക് ക്രിക്കറ്റ് പറഞ്ഞുകൊടുക്കുന്ന പരിശീലകനായി. വലിയ ഉത്തരവാദിത്തങ്ങൾ എന്നും ദ്രാവിഡിൽ നിഷിപ്തമായിരുന്നു. കാരണം അയാൾ എക്കാലും ഇന്ത്യൻ ക്രിക്കറ്റിന്റെ വന്മതിലാണ്.

1973ല്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഒരു മറാത്ത ബ്രാഹ്‌മണ്‍ കുടുംബത്തിലാണ് ദ്രാവിഡ് ജനിച്ചത്. പില്‍ക്കാലത്ത് ദ്രാവിഡിന്റെ കുടുംബം ബാംഗ്ലൂരിലേക്ക് മാറി. 12-ാം വയസില്‍ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ക്രിക്കറ്റിലേക്ക് കടന്നുവന്നത്. വൈകാതെ കര്‍ണാടകയുടെ ജൂനിയര്‍ ടീമിലെത്തി. 1991ല്‍ കര്‍ണാടക ടീമിലൂടെ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ദ്രാവിഡ് അരങ്ങേറി. അഞ്ച് വര്‍ഷത്തിനപ്പുറം ഇന്ത്യന്‍ ദേശീയ ടീമിലേക്കും ദ്രാവിഡ് കടന്നുവന്നു.

സൗരവ് ഗാംഗുലിയെന്ന ഇതിഹാസത്തോടൊപ്പം രാഹുല്‍ ദ്രാവിഡും ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചു. 95 റണ്‍സുമായി അരങ്ങേറ്റത്തില്‍ സെഞ്ച്വറിയെന്ന റെക്കോര്‍ഡിനരികെ ദ്രാവിഡ് വീണു. പക്ഷേ പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ കാലമത്രയും ദ്രാവിഡ് ടീമിനൊപ്പം ഉണ്ടായിരുന്നു.

1999ലെ ലോകകപ്പില്‍ 461 റൺസുമായി ദ്രാവിഡ് ടോപ് സ്‌കോററായി. 2001ല്‍ ചരിത്ര പ്രസിദ്ധമായ കൊല്‍ക്കത്ത ടെസ്റ്റില്‍ വിവിഎസ് ലക്ഷ്മണിനൊപ്പം 376 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. തൊട്ടടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്റ്റിലും ആ കൂട്ടുകെട്ട് ഉണ്ടായി. ഇന്ത്യ 85ന് നാല് എന്ന് തകര്‍ന്നപ്പോള്‍ ദ്രാവിഡ്-ലക്ഷ്മണ്‍ സഖ്യം 303 റണ്‍സ് അഞ്ചാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു. 2003ല്‍ പാകിസ്താനെതിരെ നേടിയ 270 റണ്‍സാണ് ദ്രാവിഡിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

ടെസ്റ്റ് ബാറ്ററെന്ന പരിഹാസങ്ങള്‍ക്ക് ദ്രാവിഡ് ബാറ്റുകൊണ്ട് മറുപടി നല്‍കി. 1999ലെ ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ സൗരവ് ഗാംഗുലിക്കൊപ്പം ദ്രാവിഡ് കൂട്ടിച്ചേര്‍ത്തത് 328 റണ്‍സാണ്. അതില്‍ 145 റണ്‍സ് ദ്രാവിഡിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 2000ത്തില്‍ ന്യുസിലൻഡിനെതിരായ മത്സരത്തിൽ സച്ചിന്‍ തെണ്ടുല്‍ക്കറിനൊപ്പം രണ്ടാം വിക്കറ്റില്‍ 331 റണ്‍സ് ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. അന്ന് 153 റണ്‍സെടുത്താണ് ദ്രാവിഡിന്റെ ഇന്നിംഗ്‌സ് അവസാനിച്ചത്. 2003ല്‍ ന്യൂസിലാന്‍ഡിനെതിരെ 22 പന്തില്‍ നേടിയ അര്‍ദ്ധ സെഞ്ചുറി വർഷങ്ങളോളം റെക്കോർഡ് ബുക്കിലെ വേഗത്തിലുള്ള അർദ്ധ സെഞ്ചുറിയായിരുന്നു.

ക്രിക്കറ്റ് കളത്തിനകത്തും പുറത്തും ശാന്തസ്വഭാവക്കാരനായിരുന്നു ദ്രാവിഡ്. പക്ഷേ അയാളുടെ കരിയറില്‍ ചില തെറ്റുകളും സംഭവിച്ചു. ഒരിക്കല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ 194 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ദ്രാവിഡ് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. താൻ ഒരിക്കലും കരുതിയില്ല, ആ ടെസ്റ്റ് നാല് ദിവസത്തിൽ അവസാനിക്കുമെന്ന്, അല്ലെങ്കിൽ താൻ ഒരിക്കലും ഇന്നിം​ഗ്സ് ഡിക്ലയർ ചെയ്യുമായിരുന്നില്ലെന്ന് ദ്രാവിഡ് പിന്നീട് വെളിപ്പെടുത്തി. 2007ല്‍ ദ്രാവിഡ് നായകനായ ടീം ലോകകപ്പില്‍ അമ്പേ പരാജയമായതാണ് കരിയറില്‍ മറ്റൊരു വലിയ തിരിച്ചടിയായി.

2007ല്‍ മോശം പ്രകടനത്തിന്റെ പേരില്‍ ദ്രാവിഡ് ടീമിന് പുറത്തായി. എങ്കിലും ടെസ്റ്റ് ടീമില്‍ നിലനിര്‍ത്തി. പലപ്പോഴും വിദേശ പിച്ചുകളില്‍ കളിക്കാന്‍ യുവതാരങ്ങള്‍ ബുദ്ധിമുട്ടിയപ്പോള്‍ സെലക്ഷന്‍ കമ്മറ്റി ദ്രാവിഡിനെ വിളിച്ചുവരുത്തി. പിന്നെയും എത്രയോ മനോഹര ഇന്നിം​ഗ്സുകൾ ദ്രാവിഡ് കളിച്ചു. അതിൽ ഏറ്റവും പ്രധാനം 2011ൽ ഇന്ത്യൻ ടീം ഇം​ഗ്ലണ്ടിൽ നാല് ടെസ്റ്റുകളും തോറ്റപ്പോൾ മൂന്ന് മത്സരങ്ങളിൽ സെഞ്ച്വറി നേടി ഇന്ത്യയ്ക്ക് മാനം കാക്കാവുന്ന സ്കോറിലേക്ക് എത്തിച്ചത് ദ്രാവിഡിന്റെ ബാറ്റായിരുന്നു.

2012ല്‍ വന്‍മതില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ടെസ്റ്റിലും ഏകദിനത്തില്‍ 10,000 ത്തിലധികം റണ്‍സ്, ടെസ്റ്റില്‍ സച്ചിന് പിന്നിലായി കൂടുതല്‍ റണ്‍സില്‍ രണ്ടാമന്‍ എന്നിങ്ങനെയുള്ള റെക്കോര്‍ഡുകള്‍ ദ്രാവിഡ് സ്വന്തമാക്കിയിരുന്നു. ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ നാലാം സ്ഥാനത്ത് ദ്രാവിഡുണ്ട്.

ഐപിഎല്ലില്‍ നിന്ന് 2015ഓടെ വിരമിച്ച ദ്രാവിഡ് പിന്നീട് ഇന്ത്യന്‍ ജൂനിയര്‍ ടീമിനെ പരിശീലിപ്പിച്ചു. പൃഥി ഷാ, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, റിഷഭ് പന്ത്, ഹനുമ വിഹാരി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ഭാവിയുടെ താരങ്ങള്‍ എന്ന പേര് നേടിയ ഒരു കാലമുണ്ടായിരുന്നു. കരിയറിലെ നിര്‍ണായക പ്രകടനത്തിന് ഇവരെല്ലാം നന്ദി പറഞ്ഞത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ വന്മതിലിനോടാണ്. പ്രതിരോധ ക്രിക്കറ്റ് താരം എന്ന വിമർശനങ്ങൾ നേരിട്ട ദ്രാവിഡ് ട്വന്റി 20 കാലത്തിലെ താരങ്ങളെ മികച്ച ബാറ്റർമാരാ‍ക്കി മാറ്റി. പക്ഷേ ദ്രാവിഡിൻ്റെ ശിക്ഷണത്തിന് കീഴിൽ നിന്ന് മാറിയപ്പോൾ പഠിച്ച പാഠങ്ങള്‍ പലരും മറന്നുപോയി. ഇന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ പരിശീലക സ്ഥാനത്ത് ദ്രാവിഡ് തുടരുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com