'എനിക്ക് ഏറെ വേദനയുണ്ട്'; വിരമിക്കൽ സൂചന നൽകി ലൂയിസ് സുവാരസ്

'എനിക്ക് ഏറെ വേദനയുണ്ട്'; വിരമിക്കൽ സൂചന നൽകി ലൂയിസ് സുവാരസ്

എതിരാളിയുടെ പ്രതിരോധ കോട്ടകൾ തകർത്ത് ​ഗോൾ നേടിയ ശേഷം ബാൻഡേജ് കെട്ടിയ വലത് കൈപ്പത്തിയെ ചുംബിക്കുന്ന സുവാരസിനെ ഫുട്ബോൾ ആരാധകർക്ക് മറക്കാൻ കഴിയില്ല.

ബ്രസീലിയൻ ക്ലബായ ഗ്രെമിയോയിൽ സുവാരസിന്റെ കരാർ അവസാനിക്കുകയാണ്. ‌ഇന്ന് നടന്ന വാസ്കോ ഡ ​ഗാമ ക്ലബിനെതിരായ മത്സരത്തിൽ സുവാരസ് ഗ്രെമിയോയ്ക്കായി തന്റെ അവസാന ​ഗോൾ നേടി. എതിരില്ലാത്ത ഒരു ​ഗോളിന് ഗ്രെമിയോ വാസ്കോ ഡ ​ഗാമയെ പരാജയപ്പെടുത്തി. പിന്നാലെ തന്റെ ക്ലബിലെ സഹതാരങ്ങളോടും ആരാധകരോടും വികാരാധീതനായി യാത്ര പറയുന്ന സുവാരസിനെയാണ് ​ഗ്രൗണ്ടിൽ കണ്ടത്.

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്ട്രൈക്കർ, കരിയറിലാകെ 555 ​ഗോളുകൾ, 302 അസിസ്റ്റുകൾ, 24 ട്രോഫികൾ, ഏഴ് വ്യത്യസ്ത ക്ലബുകൾ, ഇത്രയധികം വിശേഷണങ്ങൾ ഉറു​​ഗ്വേ താരം ലൂയിസ് സുവാരസിന് സ്വന്തമാണ്. രണ്ട് തവണ യൂറോപ്യൻ ​ഗോൾഡൻ ബൂട്ട്, ഡച്ച് ലീ​ഗായ എറെഡിവിസിയിൽ ഒരു തവണ ​ഗോൾഡൻ ബൂട്ട്, ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ഒരു തവണ ​ഗോൾഡൻ ബൂട്ട്, സ്പാനിഷ് ലീഗിൽ ടോപ്സ്കോറർക്കുള്ള പിച്ചിച്ചി ട്രോഫി ഒരു തവണ, ഇവയെല്ലാം ലൂയിസ് സുവാരസ് സ്വന്തമാക്കി കഴിഞ്ഞു.

എതിരാളിയുടെ പ്രതിരോധ കോട്ടകൾ തകർത്ത് ​ഗോൾ നേടിയ ശേഷം ബാൻഡേജ് കെട്ടിയ വലത് കൈപ്പത്തിയെ ചുംബിക്കുന്ന സുവാരസിനെ ഫുട്ബോൾ ആരാധകർക്ക് മറക്കാൻ കഴിയില്ല. ലിവർപൂളിൽ കളിക്കുന്ന കാലത്ത് കൈയ്യിൽ പരിക്കേറ്റതിന് ശേഷമാണ് സുവാരസിന്റെ വലതുകൈയ്യിൽ ബാൻഡേജ് പ്രത്യക്ഷപ്പെട്ടത്. പരിക്കിൽ നിന്ന് മുക്തനായെങ്കിലും സുവാരസ് ബാൻഡേജ് അഴിച്ചുമാറ്റേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

താൻ ഇനി ഒരു ക്ലബിന്റെ ഭാ​ഗമാകുമോ എന്നറിയില്ലെന്നാണ് സുവാരസിന്റെ പ്രതികരണം. എല്ലാവർക്കും അറിയാവുന്ന പോലെ തന്റെ കാൽമുട്ടിന് പരിഹരിക്കാൻ കഴിയാത്ത പ്രശ്നമുണ്ട്. കാൽമുട്ടിന് ഇത്രയധികം പ്രശ്നമുണ്ടായിരുന്നിട്ടും താൻ ഗ്രെമിയോയ്ക്ക് വേണ്ടി മുഴുവൻ സമയവും കളിച്ചു. ഇത് വിലമതിക്കേണ്ട കാര്യമാണെന്ന് ഗ്രെമിയോ ആരാധകരോട് താൻ പറയുന്നതായും സുവാരസ് വ്യക്തമാക്കി.

വിട്ടുമാറാത്ത സന്ധി വാതമായ ഓസ്റ്റിയോ ആർത്രൈറ്റിസ് ആണ് സുവാരസിന്റെ കാൽമുട്ടിനെ ബാധിച്ചിരിക്കുന്നത്. ആറ് മാസങ്ങൾക്ക് മുമ്പ് സുവാരസിന് ഗ്രെമിയോയിൽ‌ തുടരാൻ കഴിയില്ലെന്ന് ക്ലബ് ഒഫിഷ്യലുകൾ പ്രതികരിച്ചിരുന്നു. എങ്കിലും ഒരു വർഷത്തെ കരാർ സുവാരസ് പൂർത്തിയാക്കി. 52 മത്സരത്തിൽ നിന്നായി 24 ​ഗോളുകളും 17 അസിസ്റ്റുകളും ബ്രസീലിയൻ ക്ലബിനായി സുവാരസ് നേടിക്കഴിഞ്ഞു.

അടുത്തതായി ബാഴ്സലോണയിലെ മുൻ സഹതാരവും അർജന്റീനൻ നായകനുമായ ലയണൽ മെസ്സിക്കൊപ്പം ഇന്റർ മയാമിയിൽ സുവാരസ് കളിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സുവാരസ് വ്യക്തത വരുത്തിയിട്ടില്ല. 'എന്റെ ശരീരം എന്നോട് സംസാരിക്കുന്നു. എനിക്ക് വേദനയുണ്ട്. എനിക്ക് വിശ്രമം വേണം. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കണം. ഭാവിയിൽ താൻ എവിടെ ആയിരിക്കുമെന്ന് വിധിക്ക് മാത്രമെ പറയാൻ കഴിയു'. ലുയിസ് സുവാരസ് വ്യക്തമാക്കി.

2005ൽ ഉറു​ഗ്വേ ക്ലബായ നക്യൂണലിൽ ആണ് സുവാരസിന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് ഗ്രോനിംഗൻ, അയാക്സ് എഫ്സി, ലിവർപൂൾ, ബാഴ്സലോണ, അത്‌ലറ്റികോ മാഡ്രിഡ്‌ ഒടുവിൽ ഗ്രെമിയോ ക്ലബുകൾക്കായി സുവാരസ് കളിച്ചു. 2007ൽ ഉറു​ഗ്വേ സീനിയർ ടീമിലെത്തിയ സുവാരസ് ഇതുവരെ നാല് ലോകകപ്പിൽ കളിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com