Top

വധ ​ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് നാദിർഷയെ ചോദ്യം ചെയ്തു; ​'ഗോഡ് ഈസ് ​ഗ്രേറ്റ്' എന്ന് സോഷ്യൽ മീഡിയ

ഇന്നലെ ദിലീപിന്റെ ചാർട്ടേട് അക്കൗണ്ടന്റിനെയും ചോദ്യം ചെയ്തിട്ടുണ്ട്.

18 Feb 2022 5:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വധ ​ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് നാദിർഷയെ ചോദ്യം ചെയ്തു; ​ഗോഡ് ഈസ് ​ഗ്രേറ്റ് എന്ന് സോഷ്യൽ മീഡിയ
X

നാദിർഷയ്ക്കെതിരെ ട്രോളുമായി സോഷ്യൽ മീഡിയ. ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ നാദിർഷ നടത്തിയ പ്രതികരണം ആവ‍ർത്തിച്ചുകൊണ്ടാണ് ട്രോളുകൾ. ഗോഡ് ഈസ് ​ഗ്രേറ്റ് എന്നായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നാലെ നാദിർഷ ഫേസ്ബുക്കിൽ പ്രതികരിച്ചത്. ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ദിലീപ്.

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോ​ഗസ്ഥരെ ​ദീലീപിന്റെ നേതൃത്വത്തിൽ അപായപ്പെടുത്താൻ ​ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ടാണ് സംവിധായകനും നടനുമായ നാദിർഷയെ ക്രൈംബ്രാഞ്ച് ഉദ്യോ​ഗസ്ഥരെ ചോദ്യം ചെയ്തത്. മൂന്ന് ദിവസം മുമ്പാണ് ചോദ്യം ചെയ്തത്. ഇപ്പോഴാണ് വിവരം പുറത്തുവന്നത്. ഇന്നലെ ദിലീപിന്റെ ചാർട്ടേട് അക്കൗണ്ടന്റിനെയും ചോദ്യം ചെയ്തിട്ടുണ്ട്. ദിലീപിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാ​ഗമായിട്ടായിരുന്നു ചോദ്യം ചെയ്യൽ.

അതേസമയം കേസിൽ ദിലീപിനെയും കൂട്ടുപ്രതികളെയും ഉടൻ തന്നെ വീണ്ടും ചോദ്യം ചെയ്യും. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരെയാണ് ചോദ്യം ചെയ്യുക. നേരത്തെ ക്രൈം ബ്രാഞ്ചിന് ലഭിച്ച ദിലീപിന്റെ ഫോണുകളുടെ ശാസ്ത്രീയ പരിശോധന പുരോഗമിക്കുകയാണ്. ദിലീപ് ഹാജരാക്കിയ ആറു ഫോണുകളുടെ പരിശോധന ഫലം ഇന്ന് ലഭിക്കുമെന്നാണ് വിവരം.

ഈ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ദിലീപിനെ ചോദ്യം ചെയ്യുക. അടുത്തയാഴ്ചയോടെയായിരിക്കും ചോദ്യം ചെയ്യൽ. സുപ്രധാന വിവരങ്ങൾ മൊബൈൽ ഫോണുകളിൽ നിന്നും ലഭിക്കുമെന്നാണ് ക്രൈം ബ്രാഞ്ച് കരുതുന്നത്. പ്രതികളിലോരോരുത്തരെയും പല ദിവസങ്ങളിൽ വിളിച്ച് ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. സുരാജിന് തിങ്കളാഴ്ച്ച ഹാജരാകണമെന്ന് കാട്ടി ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. കേസ് കെട്ടിച്ചമച്ചതാണെന്നാണ് തെളിവുകളില്ലെന്നുമാണ് ഹർജിയിലെ പ്രധാന വാദം. പരാതിക്കാരനായി ഉദ്യോഗസ്ഥൻ ബൈജു പൗലോസും സംവിധായകൻ ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തിയെന്നുമാണ് ദിലീപ് ഹർജിയിൽ പറയുന്നത്. എന്നാൽ ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ പറയുന്നു.

STORY HIGHLIGHTS: Actress Attack Case social media trolls Nadirshah

Next Story