ഉദ്ഘാടനത്തിനൊരുങ്ങി എടപ്പാള്‍ മേല്‍പ്പാലം; ബൈക്കില്‍ പോകാന്‍ ആഗ്രഹിച്ച 'ചിലര്‍' സങ്കടത്തില്‍; 'ട്രോള്‍ തന്നെ'
'വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങുന്ന പ്രവൃത്തി ഇനിയും അതുപോലെ തുടര്‍ന്നുപോകാനാകില്ലെന്ന് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു'
11 Nov 2021 3:29 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

എടപ്പാള്‍ നഗരത്തിന് കുറുകെ ഒരു മേല്‍പ്പാലമെന്നത് ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു. സോഷ്യല്‍മീഡിയ ഇന്നും ആഘോഷിക്കുന്ന 'ചരിത്രപ്രസിദ്ധ'മായ 'എടപ്പാള്‍ ഓട്ടം' നടന്ന അതേ ജംഗ്ഷനിലാണ് നിര്‍മാണം പൂര്‍ത്തിയായ മേല്‍പ്പാലവും സ്ഥിതി ചെയ്യുന്നത്.
മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം 26-ാം തീയതി നടക്കാനിരിക്കെ ഓട്ടത്തില്‍ പങ്കെടുത്ത് ബൈക്ക് നഷ്ടമായവരെ ഓര്‍ത്തെടുക്കുകയാണ് സോഷ്യല്‍മീഡിയ. അതെ, അവരെ തന്നെ, നാട്ടുകാര്‍ ഓടിച്ചപ്പോള്‍ കാര്യങ്ങള്‍ കൈവിടുമെന്ന് ഉറപ്പായതോടെ ബൈക്കുകളും ഉപേക്ഷിച്ച് ജീവനും കൊണ്ടോടിയ സംഘപരിവാര്‍ അനുഭാവികളെ. ഏറെ നാളത്തെ സ്വപ്നം സഫലമായപ്പോള്‍, മേല്‍പ്പാലത്തിലൂടെ ബൈക്കില്‍ സഞ്ചരിക്കാന്‍ ആഗ്രഹിച്ച സംഘപരിവാര്‍ പ്രവര്‍ത്തകരെ ട്രോളി വീണ്ടും വീണ്ടും കൊല്ലുകയാണ് സൈബര്‍ ലോകം.
അതേസമയം, 'സുമേഷ് കാവിപ്പട' അടക്കമുള്ളവര്‍ക്ക് ഇനി റോഡിലെ തിരക്കുകളിലൂടെ ഓടേണ്ട. നല്ല വേഗതയില്‍ മേല്‍പ്പാലത്തിലൂടെ ഓടാമെന്നും മറ്റ് ചിലര്‍ പരിഹസിക്കുന്നു.
ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെയാണ് എടപ്പാള്‍ ഓട്ടം വൈറലായത്. എടപ്പാള്‍ ജംഗ്ഷനില്‍ സംഘപരിവാറുകാരെ നാട്ടുകാര്‍ തടഞ്ഞതും പിന്നീട് ബൈക്കുകളും ഉപേക്ഷിച്ച് പ്രവര്‍ത്തകര്‍ നടത്തിയ ഓട്ടത്തെയാണ് എടപ്പാള്‍ ഓട്ടം എന്ന പേരില്‍ സോഷ്യല്‍മീഡിയ ആഘോഷിച്ചത്. ഓരോ വര്‍ഷത്തിലും എടപ്പാള്‍ ഓട്ടത്തിന്റെ വാര്‍ഷികവും സോഷ്യല്‍മീഡിയ ആഘോഷിക്കുന്നുണ്ട്.
അന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഉപേക്ഷിച്ചു പോയതും പൊലീസ് പിടിച്ചെടുത്തതുമായ ബൈക്കുകള്‍ ഏറെ നാളാണ് പൊന്നാനി, ചങ്ങരകുളം പൊലീസ് സ്റ്റേഷനുകളിലായി കിടന്നത്. ബൈക്കുകളുടെ നമ്പര്‍ പരിശോധിച്ച പൊലീസ് ഉടമകളെ തിരിച്ചറിഞ്ഞെങ്കിലും പലരും ബൈക്ക് പോയിക്കോട്ടെയെന്ന നിലപാടിലായിരുന്നു. ബൈക്ക് സ്റ്റേഷനില്‍ സുരക്ഷിതമായി കസ്റ്റഡിയിലുണ്ടെന്ന് ഉറപ്പിച്ചെങ്കിലും അന്ന് ചിലര്‍ നേരിട്ട് പോയിട്ടുമില്ലായിരുന്നു.
മേല്‍പ്പാലം ഉദ്ഘാടനത്തെക്കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത് ഇങ്ങനെ: ''ജനങ്ങളുടെ കാത്തിരിപ്പിനും കുരുക്കിനും പരിഹാരമായി വിഭാവന ചെയ്ത തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയിലെ എടപ്പാള്‍ മേല്‍പാലം ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പെ തന്നെ എടപ്പാള്‍ മേല്‍പാലത്തിന്റെ പ്രവൃത്തി ആരംഭിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പിന്റ ചുമതലയേറ്റ ശേഷം മെയ് മാസം 30 ന് എടപ്പാള്‍ മേല്‍പാലം സന്ദര്‍ശിച്ചു. വര്‍ഷങ്ങളായി നിര്‍മ്മാണം നടക്കുന്ന പാലത്തിന്റെ പ്രവൃത്തി ഒട്ടും വേഗതയില്ലാതെയാണ് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്. അന്ന് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് സംസാരിച്ചപ്പോള്‍ 2022 ഏപ്രില്‍ മാസത്തില്‍ മാത്രമേ പാലം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാകു എന്നാണ് പറഞ്ഞത്.''
''തുടര്‍ന്ന് പാലം നിര്‍മ്മാണം സംബന്ധിച്ച സമഗ്രമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങുന്ന പ്രവൃത്തി ഇനിയും അതുപോലെ തുടര്‍ന്നുപോകാനാകില്ലെന്ന് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ബാക്കിയുള്ള ഓരോ പ്രവൃത്തിയും ലിസ്റ്റ് ചെയ്ത ശേഷം ആ പ്രവൃത്തികള്‍ക്കെല്ലാം കൃത്യമായ സമയക്രമം നിശ്ചയിച്ചിരുന്നു. 2021 ഒക്ടോബറില്‍ തന്നെ പാലം പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നും തീരുമാനം കൈക്കൊണ്ടു.''
''പാലം പ്രവൃത്തിയുടെ ഓരോ ദിവസത്തെയും പുരോഗതി മന്ത്രി ഓഫീസില്‍ നിന്നും വിലയിരുത്തി. ഓരോ ആഴ്ചയിലും പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് കൃത്യമായി പരിശോധിച്ചു. 75 ദിവസത്തെ നിര്‍മ്മാണ കലണ്ടറാണ് മെയ് 30 ന്റെ സന്ദര്‍ശനശേഷം നിശ്ചയിച്ചത്. 75 ദിവസങ്ങള്‍ പൂര്‍ത്തിയായ ഓഗസ്ത് 15 ന് വീണ്ടും എടപ്പാളിലെത്തി. പാലം പുരോഗതി പരിശോധിച്ചു. നിശ്ചയിച്ച കലണ്ടര്‍ പ്രകാരം പ്രവൃത്തി മുന്നോട്ടുപോയിട്ടുണ്ടായിരുന്നു. സമയബന്ധിതമായി പ്രവൃത്തി മുന്നോട്ടുകൊണ്ടുപോയ ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിച്ചു. ഒക്ടോബറില്‍ തന്നെ ഉദ്ഘാടനം നടത്താന്‍ സാധിക്കുന്ന വിധത്തില്‍ ഒരു നിര്‍മ്മാണ കലണ്ടറാണ് രണ്ടാംഘട്ടമായി തയ്യാറാക്കിയത്. അതനുസരിച്ച് പ്രവൃത്തികള്‍ വേഗത്തില്‍ നടപ്പിലായിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളോടൊപ്പം എല്ലാ സഹായങ്ങള്‍ക്കും എംഎല്‍എ ഡോ. കെ ടി ജലീലും കൂടെയുണ്ടായിരുന്നു.''
''പാലത്തിനിരുവശത്തെയും കൈവരികളുടെ നിര്‍മ്മാണം, പെയിന്റിംഗ്, ലൈറ്റുകള്‍, മറ്റ് ഇലക്ട്രിക്ക് ജോലികള്‍ എന്നിവ പൂര്‍ത്തീകരിച്ചു. പാലത്തിനോടു ചേര്‍ന്നുള്ള ജംഗ്ഷന്റെ സൗന്ദര്യവല്‍ക്കരണവും ഗതാഗതത്തിന് തടസ്സമായ കെട്ടിടങ്ങളുടെ മുന്‍വശം പൊളിച്ചുനീക്കുന്ന പ്രവൃത്തിയും പൂര്‍ത്തിയായിട്ടുണ്ട്. കനത്ത മഴ കാരണം പാലത്തിന്റെ ടാറിംഗ് പ്രവൃത്തി നടത്താന്‍ സാധിച്ചിരുന്നില്ല. ടാറിംഗ് പ്രവൃത്തി ഉള്‍പ്പെടെ പൂര്‍ത്തീകരിച്ച് നവംമ്പര്‍ 26 ന് ഉദ്ഘാടനം ചെയ്യാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. നിശ്ചയിച്ച പ്രകാരം പ്രവൃത്തി പൂര്‍ത്തീകരിച്ച ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കുന്നു.''-മന്ത്രി പറഞ്ഞു.