അവസാന പന്ത് വരെ ആവേശം; പാകിസ്താന് സൂപ്പര് ലീഗ് കിരീടം സ്വന്തമാക്കി ഇസ്ലാമാബാദ് യുണൈറ്റഡ്

ഇസ്ലാമാബാദ് യുണൈറ്റഡിന്റെ മൂന്നാം പിഎസ്എല് കിരീടമാണിത്

dot image

കറാച്ചി: പാകിസ്താന് സൂപ്പര് ലീഗ് കിരീടം സ്വന്തമാക്കി ഇസ്ലാമാബാദ് യുണൈറ്റഡ്. ആവേശകരമായ കലാശപ്പോരില് മുള്ട്ടാന് സുല്ത്താന്സിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇസ്ലാമാബാദ് യുണൈറ്റഡ് മൂന്നാം പിഎസ്എല് കിരീടത്തില് മുത്തമിട്ടത്. മുള്ട്ടാന് സുല്ത്താന്സ് ഉയര്ത്തിയ 160 റണ്സെന്ന വിജയലക്ഷ്യം അവസാന പന്തിലാണ് ഇസ്ലാമാബാദ് യുണൈറ്റഡ് മറികടന്നത്.

കറാച്ചിയിലെ നാഷണല് സ്റ്റേഡിയത്തില് ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുള്ട്ടാന് നിശ്ചിത 20 ഓവറില് ഒന്പത് വിക്കറ്റ് നഷ്ടത്തില് 159 റണ്സാണ് നേടിയത്. നാലാമനായി ക്രീസിലെത്തിയ ഉസ്മാന് ഖാന്റെ അര്ദ്ധ സെഞ്ച്വറിയുടെ കരുത്തിലാണ് മുള്ട്ടാന് സുല്ത്താന്സ് മാന്യമായ സ്കോര് നേടിയത്. 40 പന്തില് ഒരു സിക്സും ഏഴ് ബൗണ്ടറിയുമടക്കം 57 റണ്സെടുത്ത ഉസ്മാന് ഖാനാണ് സുല്ത്താന്സിന്റെ ടോപ് സ്കോറര്. ക്യാപ്റ്റന് മുഹമ്മദ് റിസ്വാന് (26), ഖുഷ്ദില് ഷാ (11), ഇഫ്തീഖര് അഹമ്മദ് (32) എന്നിവരും ഭേദപ്പെട്ട സംഭാവനകള് നല്കി. ഇസ്ലാമാബാദ് യുണൈറ്റഡിന് വേണ്ടി ഇമാദ് വസീം അഞ്ചും ക്യാപ്റ്റന് ഷദാബ് ഖാന് മൂന്നും വീതം വിക്കറ്റുകള് വീഴ്ത്തി.

മറുപടി ബാറ്റിങ്ങില് ഓപ്പണര് മാര്ട്ടിന് ഗുപ്റ്റില് മാത്രമാണ് തിളങ്ങിയത്. 32 പന്തില് മൂന്ന് സിക്സും നാല് ബൗണ്ടറിയുമടക്കം 50 റണ്സെടുത്താണ് താരം മടങ്ങിയത്. അവസാന ഓവറില് വിജയിക്കാന് എട്ട് റണ്സായിരുന്നു ഇസ്ലാമാബാദ് യുണൈറ്റഡിന് ആവശ്യമായി വന്നത്. മുഹമ്മദ് അലി എറിഞ്ഞ ആദ്യ പന്ത് നസീം ഷാ ബൗണ്ടറി കടത്തിയെങ്കിലും പിന്നീട് മൂന്ന് പന്തിലും സിംഗിളുകളാണ് പിറന്നത്. ഇതോടെ വിജയലക്ഷ്യം രണ്ട് പന്തില് ഒരു റണ്സായി. എന്നാല് അഞ്ചാം പന്തില് നസീം ഷായെ മുഹമ്മദ് അലി പുറത്താക്കിയതോടെ ഇസ്ലാമാബാദ് യുണൈറ്റഡ് പ്രതിരോധത്തിലായി. നിര്ണായകമായ ആറാം പന്ത് അവസാനക്കാരനായി ഇറങ്ങിയ ഹുനൈന് ഷാ ബൗണ്ടറിയിലേക്ക് പായിച്ച് യുണൈറ്റഡിനെ വിജയത്തിലേക്ക് നയിച്ചു.

dot image
To advertise here,contact us
dot image