Top

'സുധാകരന്റെ ഫ്‌ളൈ ഇന്‍ കേരളം: അമേരിക്കന്‍ മോഡലിന്റെ ഹാസ്യാനുകരണം'

''കെഎസ്ആര്‍ടിസിയുടെ ടൗണ്‍ ടു ടൗണ്‍ സര്‍വ്വീസുപോലെ വിമാനം ഓടിക്കാമത്രേ.''

21 March 2022 1:38 PM GMT
തോമസ് ഐസക്ക്

സുധാകരന്റെ ഫ്‌ളൈ ഇന്‍ കേരളം: അമേരിക്കന്‍ മോഡലിന്റെ ഹാസ്യാനുകരണം
X

അവസാനം സില്‍വര്‍ ലൈന്‍ പദ്ധതിക്കു കോണ്‍ഗ്രസിന്റെ ബദല്‍ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപിച്ചിരിക്കുന്നു ഫ്‌ലൈന്‍ ഇന്‍ കേരള. കേരള സര്‍ക്കാര്‍ ഒരു വിമാനക്കമ്പനി ആരംഭിക്കുക. കേരളത്തിലെ നാലു വിമാനത്താവളങ്ങളെയും മംഗലാപുരം, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളെയും ഉപയോഗിച്ച് അരമണിക്കൂര്‍ ഇടവിട്ട് വിമാന സര്‍വ്വീസ് ആരംഭിക്കുക എന്നതാണു ബദല്‍. കെഎസ്ആര്‍ടിസിയുടെ ടൗണ്‍ ടു ടൗണ്‍ സര്‍വ്വീസുപോലെ വിമാനം ഓടിക്കാമത്രേ. മൂന്നുമണിക്കൂര്‍കൊണ്ട് കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സഞ്ചരിക്കാം. ഇതാണു ബദല്‍.

അവസാനം ഇവിടെയെങ്കിലും എത്തിയല്ലോ. കോണ്‍ഗ്രസിന്റേത് കുറച്ചുനീണ്ട യാത്ര തന്നെയായിരുന്നു. 2004ല്‍ യുഡിഎഫ് സര്‍ക്കാര്‍ എക്‌സ്പ്രസ്സ് ഹൈവേക്കു വേണ്ടിയാണു നിലകൊണ്ടത്. പിന്നെ അത് ഉപേക്ഷിച്ചു. 2011ലെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ 'തെക്ക്‌വടക്ക് അതിവേഗ റെയില്‍പ്പാത'യാണ് വാഗ്ദാനം ചെയ്തത്. ഇതു നടപ്പാക്കാനുള്ള രൂപരേഖ അംഗീകരിച്ച് 2012ല്‍ ഉമ്മന്‍ചാണ്ടി പ്രഖ്യാപനവും നടത്തി.

അധികം താമസിയാതെ കോഴിക്കോടും തിരുവനന്തപുരവും കേന്ദ്രീകരിച്ച് സബര്‍ബന്‍ ട്രെയിന്‍ സ്ഥാപിക്കാനായി ശ്രമം. 2016ലെ മാനിഫെസ്റ്റോയില്‍ എക്‌സ്പ്രസ് ഹൈവേയിലേക്കു തിരിച്ചുപോയി. '2030 ഓടെ 8 വരി തെക്ക്‌വടക്ക് എക്‌സ്പ്രസ് ഹൈവേ' നിര്‍മ്മിക്കാമെന്നായി വാഗ്ദാനം. 2021ലെ മാനിഫെസ്റ്റോയില്‍ 8 വരെ 6 വരിയായി കുറച്ചു. ഇന്നിപ്പോള്‍ ഫ്‌ലൈ ഇന്‍ കേരളയില്‍ എത്തിയിരിക്കുന്നു.

ഈ ബദല്‍ പാരിസ്ഥിതികമായി ഏറ്റവും വിനാശകരമായിരിക്കും. കാരണം വളരെ ലളിതം. കെപിസിസി പ്രസിഡന്റ് പറയുന്ന ഹ്രസ്വദൂര വിമാനയാത്ര ഒരു യാത്രക്കാരന് ഒരു കിലോമീറ്ററിന് 254 ഗ്രാം കാര്‍ബണ്‍ തുല്യ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഹൈസ്പീഡ് റെയില്‍ ആണെങ്കില്‍ കാര്‍ബണ്‍ പ്രത്യാഘാതം വെറും 6 ഗ്രാം മാത്രമായിരിക്കും. (വിശദാംശങ്ങള്‍ക്ക് 'എന്തുകൊണ്ട് കെറെയില്‍' എന്ന എന്റെ പുസ്തകത്തിലെ 68ാമത്തെ പേജ് നോക്കുക). സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകവിഭാഗം കെപിസിസി പ്രസിഡന്റിന്റെ ബദലിനെക്കുറിച്ച് അഭിപ്രായം പറയാന്‍ തയാറാകുമോ?

വിമാനമാണ് ഏറ്റവും വേഗതയുള്ള യാത്രാ മാര്‍ഗ്ഗം. പക്ഷെ വിമാനത്താവളത്തിലെ കാത്തിരിപ്പു സമയംകൂടി കണക്കിലെടുത്താല്‍ ഹ്രസ്വദൂര യാത്രയ്ക്ക് വിമാനം അനുയോജ്യമല്ലാത്ത ഒന്നായി മാറുന്നു. എന്റെ പുസ്‌കത്തിന്റെ പേജ് 48ല്‍ ഹൈസ്പീഡ് റെയില്‍, വിമാനം, കാര്‍ എന്നിവയ്ക്കു വേണ്ടിവരുന്ന യഥാര്‍ത്ഥ യാത്രാ സമയം താരത്യപ്പെടുത്തുന്നുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോ നഗരകേന്ദ്രത്തില്‍ നിന്ന് ലോസ്ഏഞ്ചലസ് നഗരകേന്ദ്രത്തിലേക്കു വേണ്ടിവരുന്ന യാത്രാ സമയമാണ് എന്റെ പുസ്തകത്തില്‍ താരതമ്യപ്പെടുത്തിയിരിക്കുന്നത്. ഹൈസ്പീഡ് റെയില്‍ 3.10 മണിക്കൂര്‍, വിമാനം 5.20 മണിക്കൂര്‍, കാര്‍ 7.30 മണിക്കൂര്‍.

ഇതേ പുസ്തകത്തില്‍ ഇന്ധനച്ചെലവിന്റെ സ്ഥിതി പേജ് 47ല്‍ താരതമ്യപ്പെടുത്തുന്നുണ്ട്. 500 കിലോമീറ്റര്‍ യാത്ര ചെയ്യുവാന്‍ ഒരു വിമാന യാത്രക്കാരന് 39.66 ഡോളര്‍ ഇന്ധന ചെലവു വരും. അതേസമയം ട്രെയിനിന് 8.7 ഡോളറേ ചെലവു വരൂ. ഇനി കെറെയിലിന്റെയും വിമാനത്തിന്റെയും ടിക്കറ്റ് ചാര്‍ജ്ജ് താരതമ്യപ്പെടുത്തിയാലോ. തിരുവനന്തപുരം കണ്ണൂര്‍ യാത്രാ നിരക്ക് വിമാനത്തിന് കിലോമീറ്ററിന് 6.31 രൂപ. എന്നാല്‍ കെറെയിലിനോ 2.23 രൂപ മാത്രം. (പുസ്തകത്തിലെ പേജ് 85).

അവസാനമായി കെറെയിലിന് 80000 യാത്രക്കാര്‍ക്ക് ഒരു ദിവസം യാത്രാ സൗകര്യം ഒരുക്കാനാവും. ഒരു ഹ്രസ്വദൂര വിമാനത്തില്‍ 100150 പേര്‍. എത്ര വിമാനം വേണ്ടിവരും. നിങ്ങള്‍ക്കു തന്നെ കണക്കുകൂട്ടാം.

കോണ്‍ഗ്രസിന്റെ ബദല്‍ ഏറ്റവും പരിസ്ഥിതി വിനാശകരമായ അമേരിക്കന്‍ ഗതാഗത സമ്പ്രദായത്തിന്റെ ഹാസ്യാനുകരണമാണ്. അവിടെ ഹൈസ്പീഡ് പോയിട്ട് ആവശ്യത്തിനുള്ള സാധാരണ ട്രെയിന്‍ പോലുമില്ല. പകരം കാര്‍ കമ്പനികളുടെ താല്‍പ്പര്യാര്‍ത്ഥം സര്‍ക്കാര്‍ മുതല്‍മുടക്കിയത് എക്‌സ്പ്രസ്സ് ഹൈവേകള്‍ സൃഷ്ടിക്കാനാണ്. അതുകഴിഞ്ഞ് കെപിസിസി പ്രസിഡന്റ് നിര്‍ദ്ദേശിച്ചതുപോലെ വിമാനത്താവളങ്ങള്‍ ഓരോ ഇടത്തരം പട്ടണത്തിലും ഉണ്ടാക്കാനാണ്. ഈ റോഡ്‌വിമാന ഗതാഗത ചേരുവ ലോകത്ത് ഏറ്റവും ചെലവേറിയതും പരിസ്ഥിതി വിനാശകരവുമാണ്. ഈ മാര്‍ഗ്ഗം കേരളത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കണ്ട.

'സുധാകരന്റെ ഫ്‌ളൈ ഇന്‍ കേരളം: അമേരിക്കന്‍ മോഡലിന്റെ ഹാസ്യാനുകരണം'

Next Story