Top

'തോല്‍ക്കുന്ന സീറ്റ് ചോദിച്ചിട്ടും തന്നില്ല, അപമാനിച്ചു'; ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്ന് കെവി തോമസ്

പരാജയ സാധ്യതയുള്ള 5 സീറ്റ് ചൂണ്ടികാട്ടാം, അതിലൊന്നില്‍ മത്സരിക്കാന്‍ തയ്യാറാണ് എന്നാണ് പറഞ്ഞത്.

2 Aug 2021 4:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തോല്‍ക്കുന്ന സീറ്റ് ചോദിച്ചിട്ടും തന്നില്ല, അപമാനിച്ചു; ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്ന് കെവി തോമസ്
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചെന്നും യുഡിഎഫ് തോല്‍ക്കാന്‍ ഇടയുള്ള സീറ്റാണ് ചോദിച്ചതെന്നും കോണ്‍ഗ്രസ് മുന്‍ വര്‍ക്കിംഗ് കെവി തോമസ്. പരാജയ സാധ്യതയുള്ള 5 സീറ്റ് ചൂണ്ടികാട്ടാം, അതിലൊന്നില്‍ മത്സരിക്കാന്‍ തയ്യാറാണ് എന്നാണ് പറഞ്ഞത്. പക്ഷെ സംസ്ഥാന നേതൃത്വത്തില്‍ നിന്നും അനുകൂല നിലപാട് ഉണ്ടായിട്ടില്ലെന്നും കെവി തോമസ് പറഞ്ഞു.


തന്റെ അനുഭവ സമ്പത്തും സംഭാവനകളും പരിഗണിക്കാതെ അപമാനിക്കുകയായിരുന്നുവെന്നും കെവി തോമസ് കൂട്ടിചേര്‍ത്തു. പരിചയസമ്പന്നരെയെല്ലാം മാറ്റി നിര്‍ത്തി ഒരു പാര്‍ട്ടിക്കും മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസം കെ വി തോമസ് സിപിഐഎം ആസ്ഥാനത്ത് എത്തിയിരുന്നു. സിപിഐഎം പ്രവേശനമുണ്ടായേക്കുമെന്ന സൂചനകള്‍ക്കിടെയായിരുന്നു കെ വി തോമസ് ഡല്‍ഹിയിലെ എകെജി ഭവനിലെത്തിയത്. എന്നാല്‍ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയായിരുന്നു ഇന്നത്തേതെന്നും രാഷ്ട്രീയപരമായ കാര്യങ്ങളാണ് ചര്‍ച്ചചെയ്തതെന്നും കൂടിക്കാഴ്ചയ്ക്കുശേഷം കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
സിപിഐഎം പ്രവേശനം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കഥകളുണ്ടാക്കേണ്ടതില്ലെന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം. ദീര്‍ഘകാലമായി പുലര്‍ത്തുന്ന സൗഹൃദത്തിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിശദീകരണം.

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് തഴയപ്പെട്ട സാഹചര്യത്തില്‍ കെവി തോമസ് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹം ആഴ്ചകളായി സജീവമായിരുന്നു. കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കിയ സാഹചര്യത്തില്‍ യുഡിഎഫ് കണ്‍വീനര്‍ ആക്കണമെന്ന ആവശ്യവുമായി കേന്ദ്ര നേതൃത്വത്തെ സമീപിച്ചെങ്കിലും അത് പരിഗണിക്കാതിരുന്ന നേതൃത്വത്തിന്റെ നിലപാടില്‍ കെ വി തോമസ് അതൃപ്തനാണെന്നായിരുന്നു സൂചന.

മുന്‍പ് ജൂണിലും കെവി തോമസ് ഡല്‍ഹിയില്‍ ഇടത് നേതാക്കളുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ തുടങ്ങിയ നേതാക്കളെയായിരുന്നു ആ സന്ദര്‍ശത്തില്‍ കെ വി തോമസ് കണ്ടത്.



Next Story

Popular Stories