Top

'ഞാനും അപ്പനും അപ്പൂപ്പനും ഇങ്ങേര്‍ക്ക് പോസ്റ്റര്‍ ഒട്ടിച്ചിട്ടുണ്ട്'; കെ വി തോമസിന്റെ ചതി അംഗീകരിക്കില്ലെന്ന് കുമ്പളങ്ങിയിലെ കോണ്‍ഗ്രസ് നേതാവ്

കുമ്പളങ്ങിക്കാരുടെ സ്വന്തം മാഷ് കോണ്‍ഗ്രസുകാരുടെ മനസില്‍ മരിച്ചെന്ന പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് കൊച്ചി നിയോജക മണ്ഡലം പ്രസിഡന്റ് ഷെബിന്‍ ജോര്‍ജ്.

11 April 2022 4:43 PM GMT
റെയ്ക്കാഡ് അപ്പു ജോർജ്ജ്

ഞാനും അപ്പനും അപ്പൂപ്പനും ഇങ്ങേര്‍ക്ക് പോസ്റ്റര്‍ ഒട്ടിച്ചിട്ടുണ്ട്; കെ വി തോമസിന്റെ ചതി അംഗീകരിക്കില്ലെന്ന് കുമ്പളങ്ങിയിലെ കോണ്‍ഗ്രസ് നേതാവ്
X

കൊച്ചി: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിനേത്തുടര്‍ന്ന് എഐസിസി അംഗം കെ വി തോമസിന്റെ ജന്മനാടായ കുമ്പളങ്ങിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് പ്രാദേശിക നേതൃത്വം. കെ വി തോമസിനെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തി കോണ്‍ഗ്രസ് കുമ്പളങ്ങി മണ്ഡലം കമ്മിറ്റി നടത്തിയ പ്രതീകാത്മക ശവമഞ്ച ഘോഷയാത്രയില്‍ വനിതാ നേതാക്കളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുത്തു. കുമ്പളങ്ങിക്കാരുടെ സ്വന്തം മാഷ് കോണ്‍ഗ്രസുകാരുടെ മനസില്‍ മരിച്ചെന്ന പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് കൊച്ചി നിയോജക മണ്ഡലം പ്രസിഡന്റ് ഷെബിന്‍ ജോര്‍ജ് രംഗത്തെത്തി.

'ഞങ്ങള്‍ കുമ്പളങ്ങിക്കാര്‍ അങ്ങനെയാണ് സ്‌നേഹിച്ചാല്‍ ചങ്ക് പറിച്ച് തരും. ചതിച്ചാല്‍ ചങ്ക് പറിച്ചെടുക്കും. ഞാന്‍ കെ വി തോമസിനായ് പോസ്റ്റര്‍ ഒട്ടിച്ചിട്ടുണ്ട് ജയ് വിളിച്ചിട്ടുണ്ട് എന്റെ അപ്പനും, അപ്പൂപ്പനും വല്യപ്പച്ചന്മാരും ഇങ്ങേരുടെ ഇലക്ഷന്‍ പ്രചരണത്തിന് പോസ്റ്റര്‍ ഒട്ടിക്കുകയും തോളിലേറ്റി ജയ് വിളിക്കുകയും ചെയ്തിട്ടുണ്ട്. കെ വി തോമസ് നിന്ന എല്ലാ ഇലക്ഷനും 144-ാം ബൂത്തില്‍ ഇലക്ഷന്‍ ഏജന്റ് ആയി ഇരിക്കുന്നത് എന്റെ എന്റെ അപ്പനായിരുന്നു. ജയ് വിളിച്ചവരും തോളിലേറ്റിയവരും താങ്കള്‍ എന്ത് പോക്രിത്തരം കാണിച്ചാലും കൂടെ ഉണ്ട് എന്ന ധാരണ തെറ്റാണ്. അവര്‍ക്കൊക്കെ വ്യക്തി അല്ല പ്രസ്ഥാനം തന്നെയാണ് വലുത്. ഇന്ന് കുമ്പളങ്ങിയിലെ കോണ്‍ഗ്രസുകാരുടെ സ്വന്തം മാഷ് മരിച്ചിരിക്കുന്നു,' ഷെബിന്‍ ജി കുമ്പളങ്ങി ഫേസ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസ് കുമ്പളങ്ങി മണ്ഡലം കമ്മിറ്റി നടത്തുന്ന പ്രതിഷേധ പരിപാടിയില്‍ താനും അപ്പനും കെ വി തോമസിനെ തോളിലേറ്റി ജയ് വിളിച്ചവരും ഉണ്ടാകുമെന്ന് ഷെബിന്‍ പറഞ്ഞിരുന്നു.


കെ വി തോമസിന്റെ ചിത്രം പതിപ്പിച്ച കോലത്തില്‍ ചെരുപ്പുമാല അണിയിച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച്. 'തിരുത തോമാ, യൂദാസേ, വെളിയില്‍ ഞങ്ങളിറക്കില്ല' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രതിഷേധത്തിനിടെ ഉയര്‍ന്നു. കോണ്‍ഗ്രസിനെ ഒറ്റുകൊടുത്തയാളാണ് കെ വി തോമസെന്നും തിരുതയ്ക്ക് മാപ്പില്ലെന്നും പ്രകടനത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. മുഖ്യമന്ത്രി പിണറായി വിജയനെതിരേയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് കെ വി തോമസിന് എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ വിലക്കുണ്ടായിട്ടും കണ്ണൂരില്‍ സിപിഐഎം ദേശീയ സമ്മേളനത്തിന്റെ ഭാഗമായ സെമിനാറില്‍ പങ്കെടുത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് നോട്ടീസില്‍ എഐസിസി ആവശ്യപ്പെട്ടു. ഒരാഴ്ച്ചയ്ക്കകം കെ വി തോമസ് മറുപടി നല്‍കണം. പാര്‍ട്ടി ഭരണഘടനാ പ്രകാരമാണ് നടപടിയെന്ന് സംസ്ഥാന കോണ്‍ഗ്രസിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

തനിക്ക് കാരണം ബോധിപ്പിക്കാന്‍ 48 മണിക്കൂര്‍ മതിയെന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം. അച്ചടക്ക സമിതിയുടെ ഏത് തീരുമാനവും അംഗീകരിക്കും. നടപടിയെടുത്താലും താന്‍ കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിക്കും. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പ്രത്യേക അജണ്ടയുള്ള വ്യക്തിയാണ്. അച്ചടക്ക സമിതി പരാതി പരിഗണിക്കുന്ന സമയത്തു പോലും തന്നെ അധിക്ഷേപിച്ചു. വഞ്ചകന്‍ എന്ന പരാമര്‍ശമൊക്കെ ശരിയാണോയെന്ന് ജനം തീരുമാനിക്കട്ടെ. തെറ്റൊന്നും ചെയ്തിട്ടില്ല. തനിക്കെതിരെ കോണ്‍ഗ്രസുകാര്‍ സൈബര്‍ ആക്രമണം തുടരുകയാണെന്നും കെ വി തോമസ് പരാതിപ്പെട്ടു.

Story Highlights: no more in our hearts congress leader from kumbalangi against kv thomas

Next Story