കോണ്‍ഗ്രസില്‍ പോര് മുറുകുന്നു; വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന് എ, ഐ ഗ്രൂപ്പുകള്‍
30 Aug 2021 1:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡിസിസി അധ്യക്ഷന്‍മാരെ നിയമിച്ചതിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറിയ്ക്ക് പിന്നാലെ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാവുന്നു. പുതിയ പട്ടികയില്‍ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നാണ് പ്രബലരായ എ,ഐ ഗ്രൂപ്പുകളുടെ നിലപാട്. എന്നാല്‍ ഗ്രൂപ്പുകള്‍ക്ക് വഴങ്ങേണ്ടെന്ന നിലപാടാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉള്ളത്.
ഡിസിസി അധ്യക്ഷ നിയമനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച രംഗത്ത് എത്തിയ മുതിര്‍ന്ന നേതാക്കള്‍ കടുത്ത നിലപാടിലേക്ക് തിരിയുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തങ്ങളെ വിശ്വാസത്തില്‍ എടുക്കാത്തവരുമായി സഹകരിക്കേണ്ടെന്നാണ് ഇവരുടെ തീരുമാനം. പട്ടികയ്‌ക്കെതിരെ കൂടുതല്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ രംഗത്ത് എത്തുമെന്നാണ് വിവരം. അതിനിനെടെ, പുനഃസംഘടനയ്ക്ക് പിന്നാലെ സംസ്ഥാനത്ത് ഉയര്‍ന്ന തര്‍ക്കങ്ങളില്‍ ഹൈക്കമാന്റ് ആശങ്ക പ്രകടിപ്പിച്ചതായാണ് വിവരം.
അതേസമയം, കോണ്‍ഗ്രസിലുണ്ടായ കലാപം മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിവിടുന്ന നിലയിലേക്ക് എത്തുമെന്ന സൂചനയാണ് ആദ്യ വിമര്‍ശനം ഉയര്‍ന്ന പാലക്കാട് നിന്നും പുറത്തു വരുന്നത്. പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാതിരുന്ന എവി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടേക്കുമെന്നാണ് സൂചന. ഇന്ന് പതിനൊന്നിന് വിളിച്ച് ചേര്‍ത്തിട്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ തന്റെ ഭാവി നിലപാട് പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ എവി ഗോവിനാഥിന് ഒപ്പം കോണ്‍ഗ്രസ് വിട്ടേയ്ക്കുമെന്നാണ് വിവരം. കോണ്‍ഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശിയിലെ 11 പഞ്ചായത്ത് അംഗങ്ങളാണ് ഇത്തരത്തില്‍ പ്രതികരണമായി രംഗത്ത് എത്തിയത്. ഗോപിനാഥിനൊപ്പം ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹമെടുക്കുന്ന ഏത് തീരുമാനവും ഉള്‍ക്കൊള്ളുമെന്നുമാണ് ഇവര്‍ അറിയിച്ചിട്ടുള്ളത്.