വിണ്ണിൽ നിന്നും മണ്ണിലേക്ക്; ശുഭാൻഷുവും സംഘവും ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തി

ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുൾപ്പടെ നാല് പേരാണ് ആക്‌സിയം ദൗത്യത്തിന്റെ ഭാഗമായത്

dot image

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ആക്‌സിയം 4 ദൗത്യ സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഉൾപ്പെടുന്ന സംഘമാണ് ദൗത്യം പൂർത്തിയാക്കി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തിരിച്ചെത്തിയത്. 17 ​ദിവസങ്ങൾക്ക് ശേഷമായിരുന്നു ദൗത്യ സംഘത്തിന്റെ മടങ്ങിവരവ്. ബഹിരാകാശത്തേക്കുള്ള യാത്ര അവിശ്വസനീയവും വിസ്മയിപ്പിക്കുന്നതും ആയിരുന്നുവെന്ന് ശുഭാൻഷു വിടവാങ്ങൽ പ്രസം​ഗത്തിൽ പറഞ്ഞിരുന്നു. ബഹിരാകാശ പര്യവേഷണത്തിലേക്കുളള ഇന്ത്യയുടെ യാത്ര ആരംഭിക്കുന്നതേയുള്ളൂ എന്നും ശുഭാൻഷു പറഞ്ഞു.

ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുൾപ്പടെ നാല് പേരാണ് ആക്‌സിയം ദൗത്യത്തിന്റെ ഭാഗമായത്. നാസയുടെ മുൻനിര ബഹിരാകാശ സഞ്ചാരികളിൽ ഒരാളായ പെഗ്ഗി വിറ്റ്‌സൺ, പോളണ്ടിൽനിന്നുള്ള സ്ലാവോസ് വിസ്‌നീവ്‌സ്‌കി, ഹംഗറിയുടെ ടിബോർ കാപു എന്നിവരാണ് സംഘത്തിലെ മറ്റ് മൂന്ന് പേർ.

സാങ്കേതിക പ്രശ്‌നം കാരണം ഏഴ് വട്ടം മാറ്റി വെച്ച ദൗത്യമാണ് ആക്‌സിയം- 4. ഐഎസ്ആർഒക്കായി ഏഴ് പരീക്ഷണങ്ങൾ ശുഭാൻഷു ശുക്ല പ്രത്യേകമായി ചെയ്തിരുന്നു. ശുഭാൻഷു ബഹിരാകാശയാത്ര ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിക്ക് കൂടുതൽ കരുത്ത് പകരും. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാലുപേരിൽ ഒരാളാണ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല. ഈ ദൗത്യത്തിനായി ഇന്ത്യ ഇതുവരെ കുറഞ്ഞത് 548 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ഇതിൽ ശുഭാൻഷു ശുക്ലയുടെയും അദ്ദേഹത്തിന്റെ ബാക്കപ്പ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായരുടെയും വിക്ഷേപണവും പരിശീലനവും ഉൾപ്പെടുന്നു. പ്രശാന്ത് നായരും ഗഗൻയാൻ പ്രോഗ്രാമിന്റെ ഭാഗമാണ്. ശുഭാൻഷുവിന് സ്‌പേസ് എക്‌സും ആക്‌സിയം സ്‌പേസും പ്രത്യേക പരിശീലനം നൽകിയിരുന്നു.

ബഹിരാകാശ നിലയത്തിൽ എത്തിയതിന് ശേഷം വീഡിയോ സ്ട്രീമിങ്ങിലൂടെ നേരത്തെ ശുഭാന്‍ഷു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചിരുന്നു. ബഹിരാകാശത്ത് നിന്ന് കാണുമ്പോൾ ലോകം ഒന്നായി തോന്നുന്നു എന്നും ആകാശത്തിന് അതിരുകൾ ഇല്ല, സ്വപ്നങ്ങൾ നേടിയെടുക്കാമെന്നും ശുഭാൻഷു അന്ന് പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നു. ബഹിരാകാശത്തിൽ ഇന്ത്യൻ പതാക വീണ്ടും പാറിച്ചതിൽ അഭിനന്ദിക്കുന്നെന്ന് പ്രധാനമന്ത്രി ശുഭാൻഷുവിനോടും പറഞ്ഞിരുന്നു.

Content Highlights: Shubhanshu Shukla and team to Earth

dot image
To advertise here,contact us
dot image