Top

'പിരിവ് 2000 രൂപ പോരാ'; വട്ടവടയിലെ തടയണ നിര്‍മ്മാണം സിപിഐഎം കൊടിനാട്ടി തടഞ്ഞെന്ന് പരാതി

2 Aug 2021 8:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിരിവ് 2000 രൂപ പോരാ; വട്ടവടയിലെ തടയണ നിര്‍മ്മാണം സിപിഐഎം കൊടിനാട്ടി തടഞ്ഞെന്ന് പരാതി
X

പിരിവ് കുറഞ്ഞുപോയതിന്റെ പേരില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള തടയണയുടെ നിര്‍മ്മാണം സിപിഐഎം കൊടിനാട്ടി തടഞ്ഞതായി പരാതി. മണ്ണുനീക്കി തടയണയുടെ കോണ്‍ക്രീറ്റ് ജോലികള്‍ പുരോഗമിച്ചുവരുന്നതിനിടെ സിപിഐഎം തടയിണ നിര്‍മ്മാണം തടസപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. വട്ടവടയിലെ കീക്കര പ്രദേശത്ത് ചുടലിയോട എന്നറിയപ്പെടുന്ന ജലസ്രോതസില്‍ നിന്നും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനുള്ള ശ്രമങ്ങളാണ് തടസപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. കരാറുകാരന്‍ സിപിഐഎമ്മിന് നല്‍കിയ പിരിവ് തുക കുറഞ്ഞുപോയതാണ് തടയിണ നിര്‍മ്മാണം കൊടിനാട്ടി തടസ്സപ്പെടുത്താന്‍ കാരണമായി നാട്ടുകാര്‍ ആരോപിക്കുന്നത്.

ജോലികള്‍ പുരോഗമിക്കുന്നതിനിടെ സിപിഐഎം നേതാക്കള്‍ പിരിവ് ചോദിച്ച് ആലപ്പുഴക്കാരനായ കരാറുകാരനെ സമീപിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാള്‍ നല്‍കിയ പിരിവ് തുകയായ 2000 രൂപ കുറഞ്ഞുപോയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ഉയരുന്ന ആക്ഷേപം. എന്നാല്‍ പിരിവ് നല്‍കാത്തതല്ല തടയിണനിര്‍മ്മാണം തടസപ്പെടുത്താന്‍ കാരണമെന്നാണ് സിപിഐഎം നേതാക്കള്‍ പറയുന്നത്. ചുടലിയോടയിലല്ലാതെ മറ്റൊരു സ്ഥലത്ത് തടയിണ സ്ഥാപിച്ചാല്‍ കൂടുതല്‍ കൃഷിയിടങ്ങളില്‍ വെള്ളമെത്തുമെന്നതിനാലാണ് നിര്‍മ്മാണസ്ഥലത്ത് കൊടിനാട്ടിയതെന്നാണ് സിപിഐഎമ്മിന്റെ വിശദീകരണം.

എന്നാല്‍ സിപിഐഎമ്മിന്റെ ഈ വാദത്തിനെതിരെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പണി പകുതിയാകുന്നതുവരെ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാതെ നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെ അത് തടസപ്പെടുത്തിയ നീക്കം സംശയിക്കപ്പെടേണ്ടത് തന്നെയാണെന്നാണ് നാട്ടുകാരുടെ പക്ഷം. പിരിവ് കിട്ടാതെ വന്നപ്പോള്‍ നേരെ കൊടികുത്തുന്ന സമീപനമാണ് സിപിഐഎം സ്വീകരിച്ചതെന്നും ഇവര്‍ പറയുന്നു. 55 ലക്ഷം രൂപയുടെ പദ്ധതിയായിരുന്നു നടന്നുവന്നിരുന്നത്.

Next Story

Popular Stories