
പാലക്കാട് : നിയന്ത്രണം വിട്ട് ആംബുലൻസ് മറിഞ്ഞ് അപകടം. വാളയാർ വട്ടപ്പാറയിലാണ് നിയന്ത്രണം വിട്ട ആംബുലൻസ് മറിഞ്ഞത്. ആംബുലൻസിലെ നഴ്സായ ഗിരിജയ്ക്ക് സാരമായി പരുകേറ്റു. വാളയാർ ടോൾ പ്ലാസയുടെ ആംബുലൻസാണിത്. ടോൾ പ്ലാസയിലെ ജീവനകാർക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.
ഗിരിജയെ തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ആംബുലൻസ് ഡ്രൈവറായ പാലക്കാട് കഞ്ചിക്കോട് സ്വദേശി ഫാറൂഖ്, ടോൾ പ്ലാസ ജീവനക്കാരനായ ഒറീസ സ്വദേശി മഹേന്ദ്ര എന്നിവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.30നായിരുന്നു അപകടം നടന്നത്.
രണ്ട് മണിയോടെ അപകട വർത്ത ലഭിച്ചതിനെ തുടർന്ന് പുറപ്പെട്ടതായിരുന്നു ആംബുലൻസ്. മഴ പെയ്തു കിടന്ന റോഡിൽ ടയർ തെന്നി ആംബുലൻസിന്റെ നിയന്ത്രണം വിടുകയായിരുന്നു. വാഹനം ഇടിച്ച ആഘാതത്തിൽ ഗിരിജ ആംബുലൻസിന് പുറത്തേക്ക് തെറിച്ചു വീണു. കാലിനാണ് സാരമായി പരുക്കേറ്റിരിക്കുന്നത്.