മുകേഷ് 'ഇൻ സിപിഐഎം ന​ഗർ'; ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവരും വീണുടയുന്ന വി​ഗ്രഹങ്ങളും

പാർട്ടിയെ തന്നെ ബലികൊടുത്തും മുകേഷിനെ സംരക്ഷിക്കുകയാണോ നേതൃത്വം എന്ന പൊതുജനത്തിന്റെ സംശയത്തിന് സിപിഐഎം വലിയ വില കൊടുക്കേണ്ടിവരില്ലേ?!!!!
മുകേഷ് 'ഇൻ സിപിഐഎം ന​ഗർ'; ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവരും വീണുടയുന്ന വി​ഗ്രഹങ്ങളും
Updated on

അങ്ങനെ പാര്‍ട്ടി കോടതിയുടെ വിധി വന്നു, മുകേഷ് രാജിവെക്കേണ്ടതില്ല!

തീരുമാനം പ്രഖ്യാപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞത് 'ധാർമികമായി രാജിവെച്ചാൽ ധാർമികമായി തിരികെവരാൻ കഴിയില്ല' എന്നാണ്. കുറ്റം ബലാത്സം​ഗമാണ്, കുറ്റാരോപിതൻ എംഎൽഎ ആണ്. പക്ഷേ, അതിനൊന്നും ഇവിടെ വലിയ പ്രസക്തിയില്ല. രാജ്യത്ത് 16 എംപിമാരും 135 എംഎല്‍എമാരും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ആരോപണവിധേയരാണ്, എന്നിട്ട് അവരൊക്കെ രാജിവച്ചോ എന്നാണ് പാർട്ടിസെക്രട്ടറിയുടെ മറുചോദ്യം. ഇന്ത്യയൊട്ടാകെയുള്ള കണക്കെടുക്കേണ്ടതില്ല കേരളത്തിലേക്ക് വരൂ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഇവിടെ രണ്ട് എംഎൽഎമാർക്കെതിരെ അത്തരത്തിൽ കേസില്ലേ? ഒരാൾ ജയിലിൽ കിടക്കേണ്ടി പോലും വന്നിട്ടില്ലേ? ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, അനില്‍കുമാര്‍, ഹൈബി ഈഡന്‍, പീതാംബരകുറുപ്പ്, ശശി തരൂര്‍ എന്നിവരുടെ എല്ലാം പേരില്‍ ആരോപണങ്ങളുണ്ടായില്ലേ? അവരാരും രാജിവെച്ചിട്ടില്ലല്ലോ, പിന്നെന്തിനാണിപ്പോ മുകേഷ് രാജിവെക്കുന്നത്?

ആഹാ, എത്ര ഉ​ദാത്തമായ മറുപടി!!

പക്ഷേ, അതാണോ പൊതുജനം സിപിഐഎം പോലെയുള്ള ഒരു രാഷ്ട്രീയപാർട്ടിയിൽ നിന്ന് പ്രതീക്ഷിക്കുന്ന മറുപടി, നടപടി? ‌

ആരെയെങ്കിലും സംരക്ഷിക്കുകയെന്ന നിലപാട് സര്‍ക്കാരിനില്ലെന്ന് എം വി ​ഗോവിന്ദൻ മാധ്യമങ്ങളോട് ആവർത്തിച്ചു പറയുന്നു. പക്ഷേ, ലൈംഗികാതിക്രമ കേസിൽ ആരോപണം നേരിടുന്ന എംഎൽഎയെ തൽസ്ഥാനത്തു തുടരാൻ അനുവദിച്ച് പാർട്ടി കാണിക്കുന്ന കരുതൽ സംരക്ഷണം അല്ലാതെ മറ്റെന്താണ്?

ആരെയെങ്കിലും സംരക്ഷിക്കുകയെന്ന നിലപാട് സര്‍ക്കാരിനില്ലെന്ന് എം വി ​ഗോവിന്ദൻ മാധ്യമങ്ങളോട് ആവർത്തിച്ചു പറയുന്നു. പക്ഷേ, ലൈംഗികാതിക്രമ കേസിൽ ആരോപണം നേരിടുന്ന എംഎൽഎയെ തൽസ്ഥാനത്തു തുടരാൻ അനുവദിച്ച് പാർട്ടി കാണിക്കുന്ന കരുതൽ സംരക്ഷണം അല്ലാതെ മറ്റെന്താണ്? കുറ്റാരോപിതനായതിന്റെ പേരിൽ ധാർ‌മികതയനുസരിച്ച് രാജിവച്ചാൽ‌ കുറ്റവിമുക്തനെന്ന് തെളിഞ്ഞാലും ധാർമികതയനുസരിച്ച് തിരിച്ചു പദവിയിലെത്താനാവില്ല. ധാര്‍മിക നിയമസംഹിതയില്ല, ഉള്ളത് തിരഞ്ഞെടുപ്പ് നിയമമാണ് എന്നും പാർട്ടി സെക്രട്ടറി പ്രത്യേകം പറഞ്ഞു.

അതെന്താ, തിരഞ്ഞെടുപ്പിനെ നേരിട്ട് തിരികെവരാൻ കഴിയില്ലേ എന്ന് ജനങ്ങൾ ഇപ്പോൾ തിരിച്ചുചോദിക്കുന്നു!

അധികാരസ്ഥാനത്തുള്ള ആർക്കെതിരെ ആരോപണം വന്നാലും ഉണ്ടാകുന്ന ഏറ്റവും കുറഞ്ഞ നീക്കം അവരെ തൽസ്ഥാനത്തു നിന്നു നീക്കി അന്വേഷണം നടത്തുക എന്നതല്ലേ. അതെന്താ മുകേഷിന്റെ കാര്യത്തിൽ ബാധകമല്ലാത്തത്? മന്ത്രിമാർ രാജി വെക്കുന്ന പതിവുണ്ടെന്നും എംഎൽഎമാർ അങ്ങനെ ചെയ്യേണ്ടതില്ലെന്നും പാർട്ടി പറയുന്നു. അങ്ങനെ രാജിവെക്കാൻ മുകേഷിനോട് പറയുന്നത് ‌മുകേഷ് രാജിവെക്കുന്നത് സാമാന്യനീതിയുടെ നിഷേധമാണെന്നും ഇന്ന് എം വി ​ഗോവിന്ദൻ പറഞ്ഞു. ഇവിടെ നീതിനിഷേധം പാർട്ടി കാണിക്കുന്നത് കുറ്റാരോപിതയോടാണ് എന്ന് മറന്നുപോകരുത്.

മന്ത്രിമാരോട് രാജിയാവശ്യപ്പെടാറുള്ളത് അവർ അന്വേഷണത്തിലിടപെടും എന്നതുകൊണ്ടാണത്രേ. മന്ത്രിയായാലും എംഎൽഎ ആയാലും പവർ തന്നെയല്ലേ? ഇടപെടൽ നടത്തില്ല എന്ന് എന്താണുറപ്പ്. കേസ് അന്വേഷണത്തോട് സഹകരിക്കുന്ന മനോഭാവമാണോ മുകേഷ് സ്വീകരിച്ചിട്ടുള്ളത്. അങ്ങനെയെങ്കിൽ ഇന്നലെ മരടിലെ ഫ്ലാറ്റ് തുറക്കാൻ താക്കോൽ കൊടുക്കാൻ തയ്യാറാകാതിരുന്നത് എന്താണ്

മന്ത്രിമാരോട് രാജിയാവശ്യപ്പെടാറുള്ളത് അവർ അന്വേഷണത്തിലിടപെടും എന്നതുകൊണ്ടാണത്രേ. മന്ത്രിയായാലും എംഎൽഎ ആയാലും പവർ തന്നെയല്ലേ? ഇടപെടൽ നടത്തില്ല എന്ന് എന്താണുറപ്പ്. കേസ് അന്വേഷണത്തോട് സഹകരിക്കുന്ന മനോഭാവമാണോ മുകേഷ് സ്വീകരിച്ചിട്ടുള്ളത്. അങ്ങനെയെങ്കിൽ ഇന്നലെ മരടിലെ ഫ്ലാറ്റ് തുറക്കാൻ താക്കോൽ കൊടുക്കാൻ തയ്യാറാകാതിരുന്നത് എന്താണ്. ഭരണപക്ഷ എംഎൽ‌എയ്ക്ക് എതിരെ വരെ കേസെടുത്ത് മുന്നോട്ടുപോകുന്ന സർക്കാർ രാജ്യത്തിനു തന്നെ മാതൃകയാണെന്ന് പറഞ്ഞുവെക്കുന്ന സിപിഐഎം എന്ത് സന്ദേശമാണ് അണികൾക്ക് നൽകുന്നത്. സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ മാറ്റിനിർത്തുന്നതുകൊണ്ടു മാത്രം തീരുന്നതാണോ പ്രശ്നങ്ങൾ.

ലൈം​ഗികാതിക്രമ ആരോപണം ഉയർന്നതിനു പിന്നാലെ മുകേഷ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രം​ഗത്തുവന്നത് പ്രതിപക്ഷം മാത്രമല്ലെന്ന് ഓർക്കണം. മുകേഷ് രാജി വയ്ക്കേണ്ടെന്ന സിപിഐഎം നേതാക്കളുടെ വാദം തള്ളിയവരിൽ പാർട്ടി പൊളിറ്റ്ബ്യൂറോ അം​ഗം വൃന്ദ കാരാട്ടും ഉണ്ടായിരുന്നു. സമാന വിഷയത്തിൽ കോണ്‍ഗ്രസ് എം എല്‍ എമാര്‍‌ രാജിവച്ചില്ലെന്ന സിപിഐഎം നേതാക്കളുടെ നിലപാടിനെ അവർ വിമർശിച്ചു. അവര്‍ ചെയ്തു നമ്മളും എന്ന വാദം തെറ്റാണ് എന്ന് തുറന്നുപറയാനുള്ള ആർജവവും വൃന്ദ കാരാട്ടിനുണ്ടായി. സിപിഐ നേതാവ് ആനി രാജയും ഇക്കാര്യത്തിൽ സിപിഐഎം നിലപാടിനെതിരെ രം​ഗത്തെത്തിയിരുന്നു. ലൈംഗികാതിക്രമക്കേസുകളില്‍ ഇടതുപക്ഷം സ്ത്രീപക്ഷത്താണ് നില്‍ക്കേണ്ടത്. മറ്റുള്ളവര്‍ എന്ത് നടപടിയെടുത്തു എന്ന് നോക്കിയല്ല ഇടതുപക്ഷം തീരുമാനമെടുക്കേണ്ടതെന്നും അവർ വ്യക്തമാക്കുന്നു. മുകേഷ് രാജിവെക്കേണ്ടതില്ലെന്ന സിപിഐഎം നിലപാട് പാർട്ടിക്ക് മേൽ കരിനിഴൽ വീഴ്ത്തുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇതേ അഭിപ്രായം പറഞ്ഞ ആനി രാജയെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തള്ളിപ്പറഞ്ഞിരുന്നു. കേരളത്തിലെ പാർട്ടിയുടെ നിലപാട് പറയേണ്ടത് സംസ്ഥാന നേതാക്കളാണെന്നും അല്ലാതെ ദേശീയ നേതാക്കളല്ലെന്നുമായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്. ഇതിനെ ശരിവെക്കുന്ന പ്രതികരണം പന്ന്യൻ രവീന്ദ്രന്റെ ഭാ​ഗത്തുനിന്നും ഉണ്ടായി. പക്ഷേ, ഈ എതിർസ്വരങ്ങളെയൊക്കെ വകവെക്കാതെയാണ് ആനി രാജ ഇന്നും തന്റെ നിലപാട് ഉറക്കെ പ്രഖ്യാപിച്ചത്.

ജാമ്യമില്ലാ വകുപ്പുപ്രകാരം എടുത്തിരിക്കുന്ന കേസാണ്, എന്നിട്ടും സിപിഐഎം പറയുന്നു രാജി നീതിനിഷേധമാകുമെന്ന്. കേസ് കോടതിയിലെത്തിയാൽ നിലനിൽക്കില്ലെന്ന ഉറച്ച വിശ്വാസം സിപിഐഎമ്മിനുണ്ടെന്ന് അഭിപ്രായങ്ങളുയരുന്നുണ്ട്

നോക്കൂ, പാർട്ടിയ്ക്കുള്ളിൽ നിന്നും മുന്നണിയിൽ നിന്നും പോലും എതിർപ്പുയരുമ്പോഴും മുകേഷിനെ ചേർത്തുപിടിച്ച് കടുംപിടിത്തം പിടിക്കുകയാണ് സിപിഐഎം. മുകേഷ് പാർട്ടിക്ക് കണ്ണിലുണ്ണിയാണ്, സമ്മതിച്ചു. പക്ഷേ, ലൈം​ഗികാതിക്രമം ചെറിയ വിഷയമല്ല. തന്റെ ആരോപണം നിഷേധിച്ച് മുകേഷ് പറഞ്ഞ വാദങ്ങളെയൊക്കെ പരാതിക്കാരി പൊളിച്ചടുക്കുകയും ചെയ്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുപ്രകാരം എടുത്തിരിക്കുന്ന കേസാണ്, എന്നിട്ടും സിപിഐഎം പറയുന്നു രാജി നീതിനിഷേധമാകുമെന്ന്. കേസ് കോടതിയിലെത്തിയാൽ നിലനിൽക്കില്ലെന്ന ഉറച്ച വിശ്വാസം സിപിഐഎമ്മിനുണ്ടെന്ന് അഭിപ്രായങ്ങളുയരുന്നുണ്ട്. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നൊക്കെ പറഞ്ഞ് പ്രതിരോധിക്കാൻ പാർട്ടി തയ്യാറാകുന്നത് ഇത് മുന്നിൽക്കണ്ടാണെന്നും വിലയിരുത്തലുണ്ട്.

പക്ഷേ, മുകേഷിനെതിരായി ഉയരുന്ന ആദ്യത്തെ ആരോപണം ഇതല്ലെന്ന വസ്തുത പാർട്ടി മറക്കുന്നു. ആദ്യഭാര്യ മുകേഷിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത് വർഷങ്ങൾക്കു മുമ്പാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അന്നത്തെ ആ അഭിമുഖം വീണ്ടും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. അന്ന് മാധ്യമപ്രവർത്തകയായിരുന്ന നിലവിലെ ആരോ​ഗ്യമന്ത്രിയാണ് അവരുമായി അഭിമുഖം നടത്തിയത്. അതുമാത്രമല്ല, പല ഘട്ടങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും മുകേഷിന്റെ സ്വഭാവം സംബന്ധിച്ച് പലതും ഉയർന്നുവന്നിട്ടില്ലേ. ഇതൊന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച പാർട്ടി ഹേമാ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ വന്ന ഈ ​ഗുരുതര ആരോപണത്തോടും മുഖം തിരിച്ച് കണ്ണടച്ചിരുട്ടാക്കാൻ ശ്രമിക്കുകയാണ്. ആരോപണവിധേയർ രാജിവെക്കണമെന്ന് നിയമത്തിലില്ല എന്നൊക്കെ പറഞ്ഞ് തടിതപ്പുന്ന സിപിഐഎം നേതാക്കളോട് അണികൾക്കു പോലും യോജിക്കാനാവില്ല. പാർട്ടി നിലപാടിനെതിരെ ഇടതുസഹയാത്രികരെന്ന് പ്രസിദ്ധരായവർ പോലും പരസ്യമായി രം​ഗത്തെത്തിക്കഴിഞ്ഞു.

മുകേഷ് പാർട്ടിയ്ക്ക് എത്രത്തോളം പ്രിയങ്കരനെന്നറിയാൻ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ പോയിനോക്കാം. പ്രചാരണപരിപാടികൾക്കായി പാർട്ടി മുകേഷിന് അനുവദിച്ച തുക 79 ലക്ഷം രൂപയാണ്. രാജ്യത്താകെയുള്ള ഇടതുസ്ഥാനാർത്ഥികളുടെ കാര്യമെടുത്താൽ ഈ തുകയായിരുന്നു ഏറ്റവും കൂടുതൽ. ജയിച്ച് പാർലമെന്റിലെത്തിയ നാല് പാർട്ടിയം​ഗങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാർട്ടിയിൽ നിന്ന് കൈപ്പറ്റിയത് ഇതിലും കുറഞ്ഞ തുകയായിരുന്നു!

അന്ന് തന്നെ സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടിരുന്നെങ്കിൽ ഇപ്പോഴത്തേതിലും ശക്തമായി പല വി​ഗ്രഹങ്ങളും വീണുടഞ്ഞേനെ എന്ന് വിശ്വസിക്കുന്നവരുണ്ട്. റിപ്പോർട്ട് പുറത്തുവിടാതെ, മലയാളസിനിമാമേഖലയിൽ അതിശക്തമായി സംഭവിക്കുമായിരുന്ന മീ ടൂ മൂവ്മെന്റിന് തടയിടുകയായിരുന്നു സർക്കാരെന്ന വാദമുഖം തള്ളിക്കളയാനാവില്ല

ഇനി മറ്റൊരു കാര്യം, സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ഒന്നാം പിണറായി സർക്കാർ നിയോ​ഗിച്ച ഹേമാ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത് 2019 ഡിസംബർ 31നാണ്. അഞ്ചു വർഷത്തോളമാണ് അത് വെളിച്ചം കാണാതെയിരുന്നത്. ഇതിനിടയിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലാവധി കഴിയുകയും രണ്ടാം പിണറായി സർക്കാർ അധികാരമേൽക്കുകയും ചെയ്തിരുന്നു. ഡബ്ല്യുസിസി അടക്കമുള്ളവർ റിപ്പോർട്ട് പുറത്തുവിടണമെന്ന് പലകുറി ആവശ്യപ്പെട്ടിരുന്നു. പക്ഷേ, സർക്കാർ ‌അനങ്ങാപ്പാറ നയം അഞ്ച് വർഷത്തോളം തുടർന്നു. ഒടുവിൽ വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനത്തിൽ ​ഗത്യന്തരമില്ലാതെ റിപ്പോർട്ട് പുറത്തുവിട്ടു. കുറ്റാരോപിതരുടെ പേരും നാളുമൊന്നും പുറത്തുവിടാതെ അങ്ങുമിങ്ങും തൊടാതെ പ്രസിദ്ധീകരിച്ചിട്ടും റിപ്പോർട്ടിനു പിന്നാലെ നിരവധി മീ ടൂ വെളിപ്പെടുത്തലുകൾ വന്നുകൊണ്ടിരിക്കുന്നു, പല കൊമ്പന്മാരും അടിതെറ്റിവീഴുന്നു. 2018ൽ തുടക്കമിട്ട മീ ടൂ മൂവ്മെന്റ് ലോകമെങ്ങും അതിന്റെ അലയൊലികൾ ഉയർത്തിയിരുന്ന സമയത്താണ് ഹേമാ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. അന്ന് തന്നെ സർക്കാർ അതു പുറത്തുവിട്ടിരുന്നെങ്കിൽ ഇപ്പോഴത്തേതിലും ശക്തമായി പല വി​ഗ്രഹങ്ങളും വീണുടഞ്ഞേനെ എന്ന് വിശ്വസിക്കുന്നവരുണ്ട്. റിപ്പോർട്ട് പുറത്തുവിടാതെ, മലയാളസിനിമാമേഖലയിൽ അതിശക്തമായി സംഭവിക്കുമായിരുന്ന മീ ടൂ മൂവ്മെന്റിന് തടയിടുകയായിരുന്നു സർക്കാരെന്ന വാദമുഖം തള്ളിക്കളയാനാവില്ല.

ഒരു സ്ത്രീ ആരോപണമുന്നയിക്കുമ്പോൾ ഇടതുപാർട്ടികൾ സ്വീകരിക്കുന്ന നിലപാട് നോക്കൂ, പരാതിക്കാരിയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന സഹപ്രവർത്തകയോട് പ്രതികരിക്കുന്നത് നോക്കൂ.....!

എന്തുകൊണ്ട് ഇത്രയും കാലം സർക്കാർ റിപ്പോർട്ട് പൂഴ്ത്തിവച്ചു എന്നതിനുത്തരം കൂടിയാണ് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം. രഞ്ജിത്ത് മുതൽ മുകേഷ് വരെ നീളുന്നൊരു പട്ടിക ഇതിനോടകം വന്നുകഴിഞ്ഞു. ഇനിയുമാരൊക്കെ വെളിപ്പെടുമെന്ന് കണ്ടറിയാം. പ്രമുഖരെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ആവശ്യമായിരുന്നോ? ആ പ്രമുഖരിൽ പ്രധാനികളിലൊരാൾ മുകേഷ് ആയിരുന്നതാണോ കാരണം? അതോ ഇനിയും കൊലകൊമ്പന്മാർ വീഴാനുണ്ടോ? മൗനം പാലിക്കുന്നവരും പരക്കംപായുന്നവരും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് വെപ്രാളപ്പെടുന്നവരും ഒക്കെയായി ഇനിയുമെത്രയോ വി​ഗ്രഹങ്ങൾ....പ്രവചനാതീതമാണ് കാര്യങ്ങൾ. അതിനിടയിൽ, പാർട്ടിയെ തന്നെ ബലികൊടുത്തും മുകേഷിനെ സംരക്ഷിക്കുകയാണോ നേതൃത്വം എന്ന പൊതുജനത്തിന്റെ സംശയത്തിന് സിപിഐഎം വലിയ വില കൊടുക്കേണ്ടിവരില്ലേ?!!!!

വാൽക്കഷ്ണം: പെണ്ണിനെ നിശ്ശബ്ദയാക്കുന്നതിന്റെ ഏറ്റവും പഴയ രേഖപ്പെടുത്തലുള്ളത് ഹോമറുടെ ഒഡീസിയിലാണ്. ഒരു രം​ഗത്തിൽ‌ ഒഡീസ്യൂസിന്റെ മകനായ ടെലിമാക്കൂസ് തന്റെ അമ്മയായ പെനിലോപ്പിനോട് പറയുന്നുണ്ട് 'വീടിനകത്തേക് പോയി നിങ്ങളുടെ പണിയെടുക്കൂ.....വീട് ഭരിക്കേണ്ടത് ഞാനാണ്' എന്ന്. നൂറ്റാണ്ടുകളെത്രയോ കടന്നുപോയി, എന്നിട്ടും ഒരു സ്ത്രീ ആരോപണമുന്നയിക്കുമ്പോൾ ഇടതുപാർട്ടികൾ സ്വീകരിക്കുന്ന നിലപാട് നോക്കൂ, പരാതിക്കാരിയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന സഹപ്രവർത്തകയോട് പ്രതികരിക്കുന്നത് നോക്കൂ.....!

Related Stories

No stories found.
logo
Reporter Live
www.reporterlive.com