മടങ്ങിയെത്തുന്ന 'ധ്രുവ് ' പ്രതിപക്ഷ നായകനാകുമോ

പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് ഏറ്റെടുക്കേണ്ട അടിസ്ഥാന ചർച്ചകൾ ഏറ്റെടുത്ത് ജനങ്ങളിലേക്കെത്തിച്ച് ഈ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യപ്രതിപക്ഷമാവുകയാണ് ധ്രുവ് റാഠി എന്ന യൂട്യൂബർ.
മടങ്ങിയെത്തുന്ന 'ധ്രുവ് ' പ്രതിപക്ഷ നായകനാകുമോ

രാജ്യത്ത് പൊതുതിരഞ്ഞടുപ്പിന് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇലക്‌ട്രൽ ബോണ്ട് പോലെയുള്ള ദേശീയ വിഷയങ്ങളും തൊഴിലില്ലായ്മ,പട്ടിണി,സാമൂഹിക സംഘർഷം തുടങ്ങി അടിസ്ഥാന ജനങ്ങളുടെ പ്രശ്നങ്ങളും ചർച്ചയാവാതിരിക്കാൻ ഈ കാലയളവിൽ കേന്ദ്ര സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഇഡി അറസ്റ്റുകളും പൗരത്വ നിയമ വിവാദങ്ങളുമെല്ലാം കൊണ്ട് വന്ന് തിരഞ്ഞെടുപ്പ് കാലത്തുണ്ടാകേണ്ട അടിസ്ഥാന പ്രതിപക്ഷ ചർച്ചകളെ റദ്ദ് ചെയ്യുന്നുണ്ട്. എന്നാൽ പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് ഏറ്റെടുക്കേണ്ട ഇത്തരം അടിസ്ഥാന ചർച്ചകൾ ഏറ്റെടുത്ത് ജനങ്ങളിലേക്കെത്തിച്ച് ഈ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യപ്രതിപക്ഷമാവുകയാണ് ധ്രുവ് റാഠി എന്ന യൂട്യൂബർ.

2024 ഫെബ്രുവരി 22- ന് ധ്രുവ് റാഠി പോസ്റ്റ് ചെയ്ത ' ഇന്ത്യ ഏകാധിപത്യത്തിലേക്ക് പോവുകയാണോ?' എന്ന ഒരൊറ്റ വീഡിയോ മാത്രം കണ്ടത് കോടികണക്കിന് പേരാണ്. ശേഷം ഇത് വരെയുള്ള തുടർച്ചയായ ദിവസങ്ങളിലെ ട്വിറ്റർ ട്രെൻഡിങ്ങിൽ ഇത് ആദ്യ പത്തിൽ ഇടം പിടിച്ചു. ആരോപണ പ്രത്യാരോപണങ്ങളല്ലാതെ കൃത്യമായ വിവരങ്ങൾ പങ്ക് വെക്കാന്‍ ശ്രമിച്ച് വിശകലനം ചെയ്യുന്ന രീതിയാണ് ധ്രുവിന്റേത്.

കഴിഞ്ഞ പത്ത് വർഷങ്ങളിൽ രാജ്യത്തിന്റെ വിവിധ സംവിധാനങ്ങളിൽ ഭരണകൂടം പക്ഷപാതപരമായി ഇടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് ധ്രുവ് ആരോപിക്കുന്നു. അസം നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി നേതാവിന്റെ വസതിയിൽ കണ്ടെത്തിയ ഇവിഎം മെഷീനുകളും കഴിഞ്ഞ കേന്ദ്ര തിരഞ്ഞെടുപ്പിന് ശേഷം കാണാതായ 19 ലക്ഷം ഇവിഎം മെഷീനുകളുടെ കണക്കും ചൂണ്ടികാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യതയിലേക്ക് വിരൽ ചൂണ്ടുന്നു.

റഷ്യയുടെ വ്ലാദിമിർ പുടിനോടും ഉത്തരകൊറിയയുടെ കിം ജോങ്ങ് ഉന്നിനോടുമാണ് നരേന്ദ്രമോദിയെ ധ്രുവ് താരതമ്യം ചെയ്യുന്നത്. ദി ഡിക്റ്റർഷിപ്പ് എന്ന ഈ വീഡിയോ രണ്ട് കോടിയിലധികം പേർ കണ്ടു. യുട്യൂബിൽ തന്നെ ഇതുമായുള്ള ചർച്ചകളിൽ പത്ത് കോടിയുടെ അടുത്ത് മൊത്തം കാഴ്ചക്കാരുണ്ടായി. ധ്രുവിന്റെ ആരോപണങ്ങൾ വിശകലനം ചെയ്തുള്ള ലേഖനങ്ങൾക്കും വലിയ പ്രചാരം കിട്ടി. പുൽവാമ ആക്രമണവും മണിപ്പൂർ വിഷയവും ഗുസ്തി വിഷയവുമെല്ലാം ധ്രുവ് ചർച്ച ചെയ്യുന്നുണ്ട്.

ധ്രുവ് ബിജെപി സൈബറിടങ്ങളെ അസ്വസ്ഥമാക്കുന്നു എന്നതിന്റെ ഏറ്റവും വ്യക്തമായ തെളിവാണ് അദ്ദേഹത്തിനെതിരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഹൈറ്റ് ക്യാമ്പയിൻ. പക്ഷെ ട്വിറ്ററിൽ അദ്ദേഹത്തിനെതിരെ നടന്ന ഹാഷ് ടാഗ് ക്യാമ്പയിൻ ബിജെപിക്ക് തന്നെ ബൂമറാങ്ങായി തിരിച്ചടിക്കുകയാണ് ചെയ്തത്. ട്രെൻഡിങ് ടോപിക് ആയി മാറിയതിലൂടെ വിഷയം കൂടുതൽ ചർച്ചയായി.

ഹിന്ദിയിലാണ് ധ്രുവ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് എന്നതാണ് മറ്റൊരു പ്രധാന കാര്യം. രാജ്യത്തെ 70 ശതമാനത്തോളം പൗരന്മാരോടുള്ള ആശയ വിനിമയം ഇതിലൂടെ സാധ്യമാകുന്നുണ്ട്. അദ്ദേഹത്തിന്റെ ഹിന്ദി എക്സ്പ്ലെയ്‌നറുകളെ പ്രാദേശിക ഭാഷയിലേക്ക് മാറ്റി ചർച്ച ചെയ്യുന്ന നിരവധി പ്രാദേശിക യൂട്യൂബർമാരുമുണ്ട്. ധ്രുവിന്റെ വീഡിയോകള്‍ രാജ്യവ്യാപകമായി ശ്രദ്ധ നേടുന്നത് ഇതിന്റെ കൂടി പിൻബലത്തിലാണ്.

32,000 പെൺകുട്ടികളെ ഐഎസിലേക്ക് കടത്തിയെന്ന് ആരോപണമുയർത്തിയിറങ്ങിയ കേരള സ്റ്റോറിയെ വസ്തുതാപരമായി പരിശോധിക്കുന്ന വീഡിയോയും രണ്ട് കോടിക്കടുത്ത് ആളുകൾ യുട്യൂബിൽ കണ്ടിട്ടുണ്ട്. കേരള സ്റ്റോറി ഏറ്റവും കൂടുതൽ പണം നേടിയ ഹിന്ദി ഹൃദയ ഭൂമിയിൽ ഇതിനെ പ്രതിരോധിച്ചു ഹിന്ദി ഭാഷയിൽ തന്നെ ധ്രുവ് ഇറക്കിയ വീഡിയോക്ക് കേരളത്തിലും വലിയ പിന്തുണ ലഭിച്ചു. 'കേരളത്തിന്റെ പൊതുചിത്രത്തെ ലോകത്തിന് മുന്നിൽ വികലമാക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കാൻ കൂടെ നിന്നതി'ന് നന്ദി പറഞ്ഞു നിരവധി മലയാളികൾ ധ്രുവിന്റെ വീഡിയോ ഷെയർ ചെയ്തു.

ഇലക്‌ട്രൽ ബോണ്ട് വിഷയത്തിൽ Electoral Bond, India’s biggest scam എന്ന തലക്കെട്ടിലിറങ്ങിയ വീഡിയോയിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ട എല്ലാ കാര്യങ്ങളും സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ കൃത്യമായി വിവരിക്കുന്നുണ്ട്. കർഷക സമരം, ലഡാക്കിലെ സമരം തുടങ്ങിവയും കൃത്യമായി അദ്ദേഹം അവതരിപ്പിക്കുന്നു. എല്ലാത്തിനും വലിയ വ്യൂവർഷിപ്പും ലഭിക്കുന്നു.

കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവെച്ച വീഡിയോയിൽ ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങി വരവിനെ കുറിച്ച് പറയുന്നുണ്ട്. ഉടൻ ഇന്ത്യയിലെത്തുമെന്നും ദേശ സ്നേഹികൾ എന്റെ ആരോപങ്ങളെ പ്രതിരോധിക്കാൻ തയ്യാറെടുക്കണമെന്നുമായിരുന്നു അദ്ധേഹത്തിന്റെ സന്ദേശം. ഈ ഏപ്രിൽ മാസമാദ്യമിറങ്ങിയ ദി ഡിക്റ്റേറ്റർഷിപ്പ് ന്റെ രണ്ടാം ഭാഗത്തിൽ കെജ്‌രിവാളിന്റെ അറസ്റ്റിനെ കുറിച്ചും കോൺഗ്രസ് അക്കൗണ്ട് മരവിപ്പിച്ചതിനെ കുറിച്ചും പറയുന്നുണ്ട്. തിരഞ്ഞെടുപ്പിന് ചൂടേറുന്ന ഇനിയുള്ള ദിവസങ്ങളിലും നരേന്ദ്ര മോദിയെയും ബിജെപിയെയും വെല്ലുവിളിക്കുന്ന വീഡിയോ കണ്ടന്റുമായി ധ്രുവ് പ്രതിപക്ഷത്തുണ്ടാകുമെന്നുറപ്പാണ്.

ട്രാവൽ വ്ലോഗറിൽ നിന്ന് പൊളിറ്റിക്കൽ വ്ലോഗറിലേക്ക്

ട്രാവൽ വ്ലോഗ് ചെയ്താണ് ധ്രുവ് യൂട്യൂബിലേക്ക് കടക്കുന്നത്. പിന്നീട് എക്പ്ലൈനറിലേക്കും ഫാക്ട് ചെക്കിങ്ങിലേക്കും കടന്നു. മോദി ആദ്യമായി അധികാരത്തിൽ വന്ന വർഷം തന്നെയാണ് ആദ്യമായി രാഷ്ട്രീയ വിഷയത്തിൽ വ്ലോഗ് ചെയ്യുന്നത്. BJP Exposed: Lies Behind The Bullshit എന്നായിരുന്നു വീഡിയോ ഹെഡ്. ബിജെപിയുടെ പ്രത്യേകിച്ച് മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനവും അതിന് വിപരീതമായി അദ്ദേഹം ചെയ്യുന്ന നടപടികളും ആയിരുന്നു വിഷയം. ബിജെപി ഐടി സെല്ലിന്റെ ആരോപങ്ങളെ ഫാക്ട് ചെക്കിങ്ങിലൂടെ നേരിട്ടു. പ്രതിപക്ഷ കക്ഷികളുടെ കാര്യക്ഷമമില്ലാത്ത രാഷ്ട്രീയ പ്രതിരോധത്തെയും വിമർശിച്ച ധ്രുവ് കോൺഗ്രസ്, തൃണമൂൽ, ആം ആദ്മി പാർട്ടി തുടങ്ങി മറ്റ് പാർട്ടികളുടെ പ്രവർത്തന ഘടനയെയും വിമർശിച്ചു.

മാസത്തിൽ പത്തിൽ താഴെ വീഡിയോ മാത്രമാണ് ധ്രുവ് യുട്യൂബിൽ പോസ്റ്റ് ചെയ്യാറുള്ളത്.എന്നിട്ട് പോലും ഇന്ത്യയുടെ മുഖ്യ വാർത്താ ചാനലുകളേക്കാള്‍ ഏകദേശം 16 . 6 മില്യൺ സബ്സ്ക്രൈബേഴ്‌സ് ധ്രുവിനുണ്ട് . കഴിഞ്ഞ വർഷത്തെ ടൈം മാഗസിന്റെ 'Next Generation Leaders’ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യക്കാരൻ കൂടിയാണ് ധ്രുവ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com