മത്സരം വയനാട്ടിലെങ്കിലും ലക്ഷ്യം ഉത്തരേന്ത്യ! 
കെ സുരേന്ദ്രനെന്ന ഇംപാക്ട് പ്ലെയറുടെ ലക്ഷ്യമെന്ത്?

മത്സരം വയനാട്ടിലെങ്കിലും ലക്ഷ്യം ഉത്തരേന്ത്യ! കെ സുരേന്ദ്രനെന്ന ഇംപാക്ട് പ്ലെയറുടെ ലക്ഷ്യമെന്ത്?

ഒന്നും കാണാതെ അമിത് ഷായെപ്പോലൊരു തന്ത്രജ്ഞൻ സുരേന്ദ്രനെ വയനാട്ടിൽ ഇറക്കില്ലെന്ന് തിരിച്ചറിയാൻ പാഴൂർ പടിപ്പുഴ വരെയൊന്നും പോകേണ്ടതില്ല. നമ്മൾ മനസ്സിൽ കാണാത്തതെന്തെങ്കിലും ബിജെപിയുടെ രാഷ്ട്രീയ തന്ത്രജ്ഞർ മാനത്ത് കണ്ടിട്ടുണ്ടോയെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ...

വയനാട്ടിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വം ഏറെ അപ്രതീക്ഷിതമായിരുന്നു. രാഷ്ട്രീയ കേന്ദ്രങ്ങൾ മാത്രമല്ല ഒരുപക്ഷെ കെ സുരേന്ദ്രൻ പോലും ഈ തീരുമാനത്തിൽ ഒരു നിമിഷം അമ്പരന്നിരിക്കുമെന്ന് തീർച്ച. ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനമല്ല സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വം എന്നും വ്യക്തമാണ്. ഇത്തവണ മത്സരത്തിനില്ല എന്നു തറപ്പിച്ച് പറഞ്ഞ സുരേന്ദ്രൻ മത്സരിക്കാനായി ഒരു സാധ്യത തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഒരിക്കലും വയനാടെന്ന് പറയില്ലെന്നത് രാഷ്ട്രീയം നിരീക്ഷിക്കുന്ന ആർക്കും കണ്ണടച്ച് പറയാൻ കഴിയും. എവിടെ മത്സരിക്കണമെന്ന് സ്വയം നിർണ്ണയത്തിന് ഒരു അവസരമുണ്ടായിരുന്നെങ്കിൽ സുരേന്ദ്രൻ ഒരിക്കലും വയനാട് മണ്ഡലത്തിൽ ഭാഗ്യപരീക്ഷത്തിന് മുതിരുമായിരുന്നില്ലെന്നും ഉറപ്പിച്ച് തന്നെ പറയാം. അപ്പോൾ ഒന്ന് വ്യക്തമാണ്. സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വം കേന്ദ്ര നേതൃത്വം നിശ്ചയിച്ച് ഉറപ്പിച്ചതാണ്.

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര നേതൃത്വം സുരേന്ദ്രനെ ഇറക്കിയതിന് പിന്നിൽ കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തം. വയനാട് മണ്ഡലത്തിലെ ബിജെപിയുടെ ചരിത്രം പരിശോധിച്ചാൽ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനെ മത്സരിപ്പിക്കാനുള്ള എന്തെങ്കിലും സാധ്യത ഇവിടെയുണ്ടെന്ന് വിലയിരുത്താൻ സാധിക്കില്ല. 2009ൽ വയനാട് മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ ഏറ്റവും ഉയർന്ന വോട്ട് ഷെയർ 2014ൽ നേടിയ 8.83 ശതമാനം വോട്ടാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വയനാട് പാർലമെൻ്റ് മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നിൽ പോലും 10 ശതമാനത്തിൽ കൂടുതൽ വോട്ട് നേടാൻ ബിജെപിക്ക് സാധിച്ചിട്ടില്ല. മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ച് ശതമാനത്തിൽ താഴെയായിരുന്നു ബിജെപിക്ക് ലഭിച്ച വോട്ട്. ബാക്കി നാലിടത്ത് അഞ്ചിനും പത്തിനുമിടയിലായിരുന്നു ബിജെപിയുടെ വോട്ട് ശതമാനം. ഇതെല്ലാം പരിഗണിച്ചിട്ടും വയനാട്ടിൽ സംസ്ഥാന അദ്ധ്യക്ഷനെ തന്നെ രംഗത്തിറക്കാൻ ബിജെപി നേതൃത്വത്തെ പ്രേരിപ്പിച്ചതെന്താവും.

സംസ്ഥാനത്ത് ഹിന്ദുത്വ വികാരം ഉയർത്തി ഏറ്റവും ഫലപ്രദമായി വോട്ടുബാങ്കിനെ ധ്രുവീകരിക്കാൻ ശേഷി പ്രകടിപ്പിച്ച ഏക ബിജെപി നേതാവ് കെ സുരേന്ദ്രനാണ്. മഞ്ചേശ്വരത്തും കാസർകോടും കോന്നിയിലും പത്തനംതിട്ടയിലുമെല്ലാം സുരേന്ദ്രൻ അത് തെളിയിച്ചതാണ്. തീവ്ര-മൃദു ഹിന്ദുത്വ വോട്ടുബാങ്കിനെ അണിനിരത്താനുള്ള സുരേന്ദ്രൻ്റെ ശേഷിയും തെളിഞ്ഞിട്ടുള്ളതാണ്. സുരേന്ദ്രൻ മത്സരിച്ച മണ്ഡലങ്ങളിലെല്ലാം ഈ നിലയിലുള്ള ധ്രുവീകരണം ഏറ്റവും പ്രകടമായി പ്രതിഫലിച്ചത് സുവ്യക്തവുമാണ്. ഇത്തരത്തിൽ തീവ്ര-മൃദുഹിന്ദുത്വ വോട്ടുബാങ്കിനെ കേന്ദ്രീകരിപ്പിക്കാൻ ശേഷിയുള്ള സുരേന്ദ്രന്റെ സാന്നിധ്യം ന്യൂനപക്ഷ സ്വാധീന മണ്ഡലമായ വയനാട്ടിൽ സവിശേഷമായ സമവാക്യങ്ങൾ രൂപപ്പെടാൻ കാരണമാകുമെന്ന് തന്നെയാണ് ബിജെപി കേന്ദ്ര നേതൃത്വം കണക്കാക്കുന്നത്.

2019ലെ തിരഞ്ഞെടുപ്പിൽ വയനാടിനെ ആ നിലയിൽ ചിത്രീകരിച്ച് ബിജെപി ഉത്തരേന്ത്യയിൽ പ്രചാരണം നടത്തിയ സാഹചര്യവും ഇപ്പോൾ പരിഗണിക്കേണ്ടതുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെയായിരുന്നു ആ പ്രചാരണത്തിന് അന്ന് ചുക്കാൻ പിടിച്ചത്. 'ആ സ്ഥലം ഇന്ത്യയാണോ പാകിസ്ഥാനാണോ എന്ന് തിരിച്ചറിയാൻ കഴിയില്ല. ഈ രാഹുൽ ബാബ തൻ്റെ സഖ്യത്തിനൊപ്പം ഒരു ജാഥ നടത്തുമ്പോൾ അത് ഇന്ത്യയാണോ പാകിസ്ഥാനാണോ എന്ന് തിരിച്ചറിയാൻ പ്രയാസമുള്ള സീറ്റിൽ നിന്നാണ് മത്സരിക്കുന്നത്' എന്നായിരുന്നു അമിത് ഷാ 2019ൽ വരച്ചിട്ട ചിത്രം. അതിനായി അമിത് ഷാ തിരഞ്ഞെടുത്ത സ്ഥലത്തിനും പ്രാധാന്യമുണ്ടായിരുന്നു. നാഗ്പൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു അമിത് ഷായുടെ പ്രതികരണം.

2019ൽ വയനാട് ലോക്സഭാ മണ്ഡലത്തിലെ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുസ്ലിം ലീഗിൻ്റെ കൊടി വ്യാപകമായി ഉപയോഗിച്ചത് ചൂണ്ടിക്കാണിച്ചായിരുന്നു അമിത് ഷായുടെ പ്രതികരണം. ഇത്തവണ ഉത്തരേന്ത്യയിൽ നിന്ന് ദക്ഷിണേന്ത്യയിലേയ്ക്ക് രാഹുൽ ഗാന്ധി ഓടിയൊളിച്ചു എന്ന വിവരണം ഇതിനകം ബിജെപി സൃഷ്ടിച്ചിട്ടുണ്ട്. 2019ലേത് പോലെ അത് ധ്രുവീകരണ പ്രചാരണമായി വളരാനുള്ള എല്ലാ സാധ്യതകളും നിലനിൽക്കുകയാണ്. സുരേന്ദ്രൻ രാഹുലിനെ എതിർക്കാൻ വയനാട് ഇറങ്ങുമ്പോൾ മുസ്ലിം ലീഗ് അരയും തലയും മുറുക്കി രംഗത്തിറങ്ങുമെന്ന് ഉറപ്പാണ്. ലീഗിൻ്റെ സ്വാധീന കേന്ദ്രം കൂടിയായ വയനാട്ടിൽ ബിജെപി കേന്ദ്ര നേതൃത്വം അവരുടെ പ്രചാരണ സംവിധാനത്തെ ശക്തമായി കേന്ദ്രീകരിപ്പിക്കുമെന്ന് തീർച്ചയാണ്.

ഇൻഡ്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിക്കെതിരെ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷൻ മത്സരിക്കുന്ന വയനാട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രചാരണത്തിനെത്തുമെന്ന് ഏതാണ്ട് ഉറപ്പിക്കാം. സിഎഎ വിഷയം തിരഞ്ഞെടുപ്പ് വിഷയമായി ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഇതരമണ്ഡലങ്ങളിലും പ്രതിഫലിക്കുന്ന വിധത്തിൽ ധ്രുവീകരണ രാഷ്ട്രീയത്തിൻ്റെ തന്ത്രങ്ങൾ ബിജെപി വയനാട്ടിൽ പരീക്ഷിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തിൻ്റെ ഉത്തരേന്ത്യൻ രീതി കേരളത്തിൽ പരീക്ഷിക്കാൻ കഴിയില്ലെന്ന് ബിജെപി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ മൃദുഹിന്ദുത്വത്തിൻ്റെ ധ്രുവീകരണ സാധ്യതകൾക്ക് കേരളത്തിൽ 'ചെറിയൊരു മുറി'യുണ്ടെന്ന് ഇതിനകം തെളിഞ്ഞിട്ടുമുണ്ട്. അതിൻ്റെ രാസപരീക്ഷണ കേന്ദ്രമായി വയനാട് മണ്ഡലത്തെ മാറ്റാൻ ബിജെപി തന്ത്രം മെനയുമെന്ന് തന്നെ വേണം വിലയിരുത്താൻ. അതിൻ്റെ വഴിയൊരുക്കലാണ് വയനാട്ടിലെ കെ സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വം എന്ന് തന്നെ വേണം മനസ്സിലാക്കാൻ. 2019ലേത് പോലെ മുസ്ലിം ലീഗിൻ്റെ സാന്നിധ്യത്തെ മറ്റൊരു നിലയിൽ ഉത്തരേന്ത്യൻ സാഹചര്യത്തിൽ അവതരിപ്പിക്കാനും ബിജെപി മടിക്കില്ലെന്ന് തന്നെ വേണം കാണാൻ. വിശേഷിച്ച് മോദിയും അമിത് ഷായും വയനാട്ടിൽ ഇറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായ സ്ഥിതിക്ക്. ഒന്നും കാണാതെ അമിത് ഷായെപ്പോലൊരു തന്ത്രജ്ഞൻ സുരേന്ദ്രനെ വയനാട്ടിൽ ഇറക്കില്ലെന്ന് തിരിച്ചറിയാൻ പാഴൂർ പടിപ്പുഴ വരെയൊന്നും പോകേണ്ടതില്ല. നമ്മൾ മനസ്സിൽ കാണാത്തതെന്തെങ്കിലും ബിജെപിയുടെ രാഷ്ട്രീയ തന്ത്രജ്ഞർ മാനത്ത് കണ്ടിട്ടുണ്ടോയെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളു.

logo
Reporter Live
www.reporterlive.com