ജാതി രാഷ്ട്രീയത്തിന്റെ കിരീടം കോണ്‍ഗ്രസിന് ചേരുമോ?

വളരെ വേഗമാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ജാതി സെന്‍സസ് ബിജെപിയെ നേരിടാനുള്ള മികച്ച തിരഞ്ഞെടുപ്പ് വിഷയമാണെന്ന് തിരിച്ചറിഞ്ഞത്.
ജാതി രാഷ്ട്രീയത്തിന്റെ കിരീടം കോണ്‍ഗ്രസിന് ചേരുമോ?

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ വിജയം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ദിശാസൂചകമാകുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് കാഹളമുയരുമ്പോള്‍ ഏറ്റവും പ്രധാനമായി ഉയര്‍ന്നുവന്ന രാഷ്ട്രീയ-സാമൂഹിക വിഷയം ഒബിസി വിഭാഗത്തെ ലക്ഷ്യമിട്ട് പ്രതിപക്ഷം മുന്നോട്ടുവച്ച ജാതി സെന്‍സസായിരുന്നു. ബിജെപി ജാതി സെന്‍സസിന് എതിരാണെന്നും സവര്‍ണ്ണ ജാതിവിഭാഗത്തിന്റെ താല്‍പ്പര്യ സംരക്ഷണാര്‍ത്ഥമാണ് ബിജെപി ജാതി സെന്‍സസിന് എതിരുനില്‍ക്കുന്നതെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ വിവരണം. മണ്ഡല്‍ കാലം മുതല്‍ ഒബിസി സംവരണം അടക്കമുള്ള വിഷയങ്ങളോടുള്ള ബിജെപിയുടെ സമീപനം പരിശോധിക്കുമ്പോള്‍ ഈ ആരോപണത്തിന് സാധൂകരണവും ഉണ്ട്. അതിനാല്‍ തന്നെ ഒബിസി വിഭാഗങ്ങളും ദളിത്-ആദിവാസി വിഭാഗങ്ങളും നിര്‍ണ്ണായക ജാതി സമവാക്യങ്ങളാകുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ജാതിസെന്‍സസ് എന്ന ചര്‍ച്ച ഗുണകരമാകുമെന്നായിരുന്നു കോണ്‍ഗ്രസിന്റെയും കണക്ക് കൂട്ടല്‍.

മണ്ഡല്‍ വിഷയത്തില്‍ ബിജെപി നിലപാടിനോട് ചേര്‍ന്ന് നില്‍ക്കുന്ന സമീപനമായിരുന്നു കോണ്‍ഗ്രസും സ്വീകരിച്ചത്. ഹിന്ദിഹൃദയ ഭൂമിയില്‍ കോണ്‍ഗ്രസിന്റെ പിന്നില്‍ അതുവരെ ഉറച്ചു നിന്നിരുന്ന ഒബിസി വിഭാഗങ്ങള്‍ കോണ്‍ഗ്രസിനോട് അകലാന്‍ വഴിതെളിച്ചതും മണ്ഡല്‍ വിഷയമായിരുന്നു

നരേന്ദ്രമോദിയെ രാജ്യത്തെ ഒബിസി വിഭാഗത്തിന്റെ നേതാവായി ഉയര്‍ത്തിക്കാണിച്ചുള്ള ബിജെപിയുടെ പ്രചാരണം ഈ വിഭാഗങ്ങളില്‍ ബിജെപിയുടെ സ്വാധീനം ഉറപ്പിക്കാന്‍ സഹായകമായിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശിലെ ഭരണത്തുടര്‍ച്ചയും നരേന്ദ്ര മോദിയുടെ രണ്ടാമൂഴവും അടിവരയിട്ടിരുന്നു. ഈയൊരു രാഷ്ട്രീയ സാമൂഹിക സാഹചര്യം പരിഗണിച്ചായിരുന്നു ജാതി സര്‍വെ എന്ന വിഷയത്തെ ഒരു തിരഞ്ഞെടുപ്പ് വിഷയമായി കോണ്‍ഗ്രസും ഏറ്റെടുത്തത്.

ഒബിസി രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യുന്നതില്‍ ബിജെപിയുടെ ശൈലി പഴയ മണ്ഡല്‍ കാലത്തേത് പോലെയല്ല. മണ്ഡല്‍ കാലത്ത് ബിജെപി സ്വീകരിച്ച സമീപനമാണ് ബിജെപിക്ക് സവര്‍ണ്ണ പാര്‍ട്ടിയെന്ന മുദ്ര ഹിന്ദിഭാഷയുടെ ഹൃദയഭൂമിയില്‍ ചാര്‍ത്തി നല്‍കിയത്. മണ്ഡല്‍ വിഷയത്തില്‍ ബിജെപി നിലപാടിനോട് ചേര്‍ന്ന് നില്‍ക്കുന്ന സമീപനമായിരുന്നു കോണ്‍ഗ്രസും സ്വീകരിച്ചത്. ഹിന്ദിഹൃദയ ഭൂമിയില്‍ കോണ്‍ഗ്രസിന്റെ പിന്നില്‍ അതുവരെ ഉറച്ചു നിന്നിരുന്ന ഒബിസി വിഭാഗങ്ങള്‍ കോണ്‍ഗ്രസിനോട് അകലാന്‍ വഴിതെളിച്ചതും മണ്ഡല്‍ വിഷയമായിരുന്നു. ഏതാണ്ട് ഇതേ സമയത്ത് തന്നെയായിരുന്നു ഒബിസി, ദളിത് രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യുന്ന പ്രാദേശിക സ്വഭാവമുള്ള പാര്‍ട്ടികള്‍ ഉത്തര്‍പ്രദേശില്‍ അടക്കം അധികാരത്തിലെത്താന്‍ ശേഷിയുള്ള ശക്തികളായി മാറിയത്. ഇതോടെയാണ് ഉത്തരേന്ത്യന്‍ ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിക്കാന്‍ തുടങ്ങിയത്.

മണ്ഡല്‍ വിഷയത്തിനൊപ്പം രാമജന്മഭൂമി വിഷയവും ഉയര്‍ത്തി ബിജെപി മുന്നോട്ടുവച്ച ഹിന്ദുത്വവാദത്തിന് ഹിന്ദി ഹൃദയഭൂമിയില്‍ സ്വീകാര്യത കിട്ടിത്തുടങ്ങിയതും ഏതാണ്ട് ഇതേ കാലത്താണ്. അപ്പോഴും ബിജെപിക്ക് ഉണ്ടായിരുന്നത് സവര്‍ണ്ണ മുഖമുള്ള രാഷ്ട്രീയ പാര്‍ട്ടി എന്ന പ്രതിച്ഛായയായിരുന്നു. മിതവാദിയായ എ ബി വാജ്‌പെയ്‌യുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ വരുമ്പോഴും എല്‍ കെ അദ്വാനി, മുരളീമനോഹര്‍ ജോഷി എന്നിവര്‍ ഉയര്‍ത്തിയ തീവ്രഹിന്ദുത്വ നിലപാടുകള്‍ക്കായിരുന്നു പാര്‍ട്ടിക്കുള്ളിലും പുറത്തും കൂടുതല്‍ സ്വീകാര്യത ഉണ്ടായിരുന്നത്.

1990ല്‍ സുന്ദര്‍ലാല്‍ പട്വയുടെ നേതൃത്വത്തില്‍ മധ്യപ്രദേശിലും ഭൈറോണ്‍ സിങ്ങ് ഷെഖാവത്തിന്റെ നേതൃത്വത്തില്‍ രാജസ്ഥാനിലും ബിജെപി അധികാരത്തിലെത്തി. 1991ല്‍ കല്യാണ്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശിലും ബിജെപി അധികാരം നേടി. 1995ല്‍ ഗുജറാത്തിലും ബിജെപി അധികാരത്തിലെത്തി. മണ്ഡല്‍-രാമജന്മഭൂമി വിഷയങ്ങളുടെ പിന്‍ബലത്തില്‍ ബിജെപിയുടെ ഹിന്ദുത്വ നിലപാടുകള്‍ക്ക് കിട്ടിയ പിന്തുണയെന്ന നിലയിലാണ് പൊതുവെ ഈ സംസ്ഥാനങ്ങളിലെ ബിജെപിയുടെ അധികാരലബ്ധി വിലയിരുത്തപ്പെട്ടത്.

1996ല്‍ വാജ്‌പെയ് 16 ദിവസം മാത്രം അധികാരത്തിലിരുന്ന് ഭൂരിപക്ഷം തെളിയിക്കാനാവാതെ താഴെ വീണത് ബിജെപിയെ സംബന്ധിച്ച് നിര്‍ണ്ണായകമായ കാലഘട്ടമായിരുന്നു. 1990ല്‍ യുപിയില്‍ അധികാരത്തിലെത്തിയ കല്യാണ്‍ സിങ്ങിന് 1 വര്‍ഷവും 165 ദിവസവും മാത്രമാണ് ഭരണത്തില്‍ തുടരാന്‍ കഴിഞ്ഞത്. രാജസ്ഥാനില്‍ പക്ഷെ ഭൈറോണ്‍ സിങ്ങ് ഷെഖാവത്തിന്റെ നേതൃത്വത്തില്‍ ബിജെപി തുടര്‍ച്ചയായ എട്ടുവര്‍ഷത്തോളം അധികാരത്തിലിരുന്നു. മധ്യപ്രദേശില്‍ 1990ല്‍ അധികാരത്തിലെത്തിയ സുന്ദര്‍ലാല്‍ പട്വ സര്‍ക്കാരിന് രണ്ടരവര്‍ഷമാണ് അധികാരത്തില്‍ തുടരാന്‍ സാധിച്ചത്. 1995ല്‍ അധികാരത്തിലെത്തിയ ഗുജറാത്തില്‍ ബിജെപിക്ക് ഒന്നര വര്‍ഷത്തിനകം ഭരണം നഷ്ടമായി.

രാമജന്മഭൂമിയും-മണ്ഡല്‍ വിഷയവും ചേരുന്ന രാഷ്ട്രീയ ചേരുവ ഉത്തരേന്ത്യയില്‍ ബിജെപിയെ കോണ്‍ഗ്രസിന് ബദലായി നില്‍ക്കാന്‍ ശേഷിയുള്ള ഒരു ദേശീയ കക്ഷിയെന്ന നിലയിലേയ്ക്ക് വളര്‍ത്തി. അപ്പോഴും ഒബിസി-ദളിത് വോട്ടുബാങ്കുകളുടെ വിശ്വാസം ആ നിലയില്‍ ആര്‍ജ്ജിക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. ബിജെപി ആദ്യം അധികാരത്തില്‍ എത്തിയ മധ്യപ്രദേശില്‍ ഒബിസി ജനസംഖ്യ 50%ത്തിലേറെയാണ്. 1990ല്‍ ചെറിയ കാലയളവില്‍ അധികാരത്തില്‍ ഇരുന്ന ബിജെപി വീണ്ടും ഇവിടെ ഭരണത്തില്‍ തിരികെയെത്തുന്നത് 2003ല്‍ ഉമാഭാരതിയുടെ നേതൃത്വത്തിലാണ്. ഉമാഭാരതി ഒബിസി വിഭാഗമായ ലോധി സമുദായത്തെയാണ് പ്രതിനിധീകരിക്കുന്നത്. പക്ഷെ ഉമാ ഭാരതിക്ക് ഉണ്ടായിരുന്നത് ഒബിസി പ്രതിച്ഛായയെക്കാള്‍ തീവ്രഹിന്ദുത്വയുടെ വക്താവ് എന്ന സ്വീകാര്യതയായിരുന്നു. 2003 ല്‍ ഉമാഭാരതി മുഖ്യമന്ത്രിയായതിന് ശേഷം ഒന്നേകാല്‍ വര്‍ഷത്തോളം മാത്രമാണ് ബിജെപിക്ക് മധ്യപ്രദേശില്‍ അധികാരത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത്.

രാജസ്ഥാനില്‍ ഭൈറോണ്‍ സിങ്ങ് ഷെഖാവത്തിനും പിന്നീട് അധികാരത്തിലെത്തിയ വസുന്ധരാ രാജെ സിന്ധ്യയ്ക്കും ഉണ്ടായിരുന്നത് സവര്‍ണ്ണജാതി പ്രതിച്ഛായായിരുന്നു. അവിടെ ബിജെപിയുടെ പിന്‍ബലം ഹിന്ദുത്വയുടെ രാഷ്ട്രീയം തന്നെയായിരുന്നു. ഗുജറാത്തില്‍ 1995 ല്‍ അധികാരത്തിലെത്തിയ ബിജെപി പിന്നീട് അധികാരത്തില്‍ തിരിച്ചെത്തുന്നത് 1998ലാണ്. കേശുഭായി പട്ടേലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനും ഒബിസി മുഖത്തെക്കാള്‍ ഹിന്ദുത്വ മുഖമായിരുന്നു ഉണ്ടായിരുന്നത്.

പിന്നീട് 2002ല്‍ കേശുഭായ് പട്ടേലിന് പകരക്കാരനായി നരേന്ദ്ര മോദി അധികാരത്തില്‍ വരുമ്പോഴും ഗുജറാത്തില്‍ ബിജെപിയുടെ അടിത്തറ ഹിന്ദുത്വയുടെ ആശയപരിസരം തന്നെയായിരുന്നു. ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങളില്‍ 70 മുതല്‍ 80വരെ മണ്ഡലങ്ങളില്‍ സ്വാധീനശേഷിയുള്ള പട്ടേല്‍ വിഭാഗത്തില്‍പ്പെട്ട നേതാവിന് പകരക്കാരനായി മോദി അധികാരത്തില്‍ എത്തിയപ്പോഴും ഗുജറാത്തില്‍ ജാതി രാഷ്ട്രീയം ചര്‍ച്ചയായില്ല. നരേന്ദ്ര മോദിയുടെ കാലത്താണ് ഗുജറാത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി മാറിയത്. ഈ ഘട്ടത്തിലൊന്നും നരേന്ദ്ര മോദിയോ ബിജെപിയോ ഒബിസി രാഷ്ട്രീയത്തെക്കുറിച്ചായിരുന്നില്ല സംസാരിച്ചിരുന്നത്. മറിച്ച് തീവ്രഹിന്ദുത്വയെക്കുറിച്ചായിരുന്നു.

ഇതിനിടയില്‍ ഉത്തര്‍പ്രദേശിലും ബിഹാറിലും ഹരിയാനയിലും ഒറീസയിലും ആന്ധ്രാപ്രദേശിലും അസമിലുമെല്ലാം പലകാലയളവിലായി ഒബിസി-ദളിത്-മുസ്ലിം ജാതി സമവാക്യങ്ങളെയെല്ലാം അഭിസംബോധന ചെയ്യുന്ന ജാതി വോട്ടുബാങ്കുകളുടെ പിന്‍ബലമുള്ള പ്രാദേശിക കക്ഷികള്‍ അധികാരം നേടുന്ന സാഹചര്യമുണ്ടായി. 1996ല്‍ കോണ്‍ഗ്രസ്-ബിജെപി ഇതര പ്രതിപക്ഷ മുന്നണി അധികാരത്തില്‍ എത്തിയതിന് പിന്നിലും ജാതി സമവാക്യങ്ങളുടെ പിന്‍ബലമുള്ള രാഷ്ട്രീയ സഖ്യങ്ങളുടെ കൂടി പുറത്തായിരുന്നു. അപ്പോഴും ബിജെപി അദ്വാനിയെയും മുരളീമനോഹര്‍ ജോഷിയെയുമെല്ലാം മുന്‍നിര്‍ത്തിയുള്ള തീവ്രഹിന്ദുത്വയുടെ ലൈനാണ് പിന്തുടര്‍ന്നത്.

1998ലും തുടര്‍ന്ന് 1999ലും വാജ്‌പെയ്‌യുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചപ്പോഴും ബിജെപിയുടെ രാഷ്ട്രീയ ലൈന്‍ ഹിന്ദുത്വ തന്നെയായിരുന്നു. പിന്നീട് 2004ല്‍ ബിജെപി മുന്നോട്ടുവച്ച 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യവും ഗുജറാത്ത് മോഡല്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രവും ജനങ്ങള്‍ തള്ളിക്കളഞ്ഞു. ഉത്തര്‍പ്രദേശില്‍ നിന്ന് എസ്പിയും ബിഎസ്പിയും ബിഹാറില്‍ നിന്ന് ആര്‍ജെഡിയും നിര്‍ണ്ണായ ശക്തികളായി മാറിയപ്പോള്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത കോണ്‍ഗ്രസിന് ഇടതുപക്ഷത്തിന്റെ കൂടി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചു. യുപിയിലും ബിഹാറിലുമെല്ലാം എസ്പിയും ബിഎസ്പിയും ആര്‍ജെഡിയുമെല്ലാം മികച്ച വിജയം നേടിയത് ജാതി രാഷ്ട്രീയത്തിന്റെ സമവാക്യങ്ങളെ പ്രയോജനപ്പെടുത്തി തന്നെയായിരുന്നു. 2009ല്‍ വാജ്പെയ്ക്ക് പകരം ഹിന്ദുത്വയുടെ തീവ്രമുഖമായ അദ്വാനിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിച്ചായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. വീണ്ടും ബിജെപിക്ക് അടിപതറി. അദ്വാനിയുടെ തീവ്രഹിന്ദുത്വ പ്രതിച്ഛായ രാജ്യം നിരാകരിച്ചു. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഗുജറാത്തിലും ബിജെപിക്ക് അടിപതറി. ഇവിടങ്ങളില്‍ എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസും നേട്ടമുണ്ടാക്കി.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് നിര്‍ണ്ണായകമായിരുന്നു. വീണ്ടും അദ്വാനിയില്‍ വിശ്വാസം അര്‍പ്പിക്കാന്‍ ആര്‍എസ്എസ് തയ്യാറായില്ല. അപ്പോഴേയ്ക്കും നരേന്ദ്ര മോദി അദ്വാനിയെക്കാള്‍ രാഷ്ട്രീയ ഹിന്ദുത്വയുടെ വീരപുരുഷനായി മാറിയിരുന്നു. 2014 ലെ തിരഞ്ഞെടുപ്പിലാണ് ഹിന്ദുത്വയുടെ വിശാലമായ ചട്ടക്കൂടിനുള്ളിലേയ്ക്ക് ഒബിസി-ദളിത് രാഷ്ട്രീയത്തെക്കൂടി മോദി കണ്ണിചേര്‍ക്കുന്നത്. താന്‍ ഒബിസിയാണെന്ന് പ്രഖ്യാപിച്ച് നരേന്ദ്രമോദി ഹിന്ദുത്വ ആശയത്തിന് ഒരു പ്രധാനമന്ത്രി എന്ന പ്രതീതി സംഘപരിവാര്‍ വോട്ടര്‍മാരിലും ഒബിസി വിഭാഗത്തില്‍ നിന്ന് ഒരു പ്രധാനമന്ത്രി എന്ന വിവരണം ഒബിസി വിഭാഗത്തിനിടയിലും സൃഷ്ടിച്ചു. ഒരേ സമയം മോദിയുടെ ഹിന്ദുത്വ പ്രതിതച്ഛായയും 'മോദ് ഗഞ്ചി' എന്ന മോദി പ്രതിനിധാനം ചെയ്യുന്ന ഒബിസി ജാതിയും ഒരു സമവാക്യമായി പിന്നീട് പരിണമിച്ചു.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് നിര്‍ണ്ണായകമായിരുന്നു. വീണ്ടും അദ്വാനിയില്‍ വിശ്വാസം അര്‍പ്പിക്കാന്‍ ആര്‍എസ്എസ് തയ്യാറായില്ല. അപ്പോഴേയ്ക്കും നരേന്ദ്ര മോദി അദ്വാനിയെക്കാള്‍ രാഷ്ട്രീയ ഹിന്ദുത്വയുടെ വീരപുരുഷനായി മാറിയിരുന്നു.

ഇതിന്റെ വ്യക്തമായ ഉദാഹരണമായിരുന്നു 2017ലെ യുപി തിരഞ്ഞെടുപ്പ് ഫലം. ഏതാണ്ട് 50%ത്തിലേറെ ഒബിസി വിഭാഗങ്ങള്‍ വരുന്ന യുപിയില്‍ 20%ത്തോളം വരുന്ന യാദവവിഭാഗത്തിന്റെയും 20%ത്തോളം വരുന്ന മുസ്ലിം വിഭാഗത്തിന്റെയും പിന്തുണയുള്ള എസ്പിക്കും ഏതാണ്ട് 22%ത്തോളം വരുന്ന ദളിത് വിഭാഗങ്ങളുടെ പിന്തുണയുള്ള ബിഎസ്പിക്കും അടിതെറ്റി. സമാനമായ അനുഭവം ബിഹാറില്‍ രാഷ്ട്രീയ ജനതാദളിനും അഭിമുഖീകരിക്കേണ്ടി വന്നു. ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ട് വച്ച് ഒബിസി വിഭാഗത്തെ ചേര്‍ത്ത് നിര്‍ത്തുക എന്ന മോദി തന്ത്രം 2014ല്‍ വിജയം കണ്ടു. പിന്നീട് ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ ഭരണത്തുടര്‍ച്ചയിലും 2019ല്‍ മോദിയുടെ രണ്ടാമൂഴത്തിലും പ്രതിഫലിച്ചത് ഇത് തന്നെയായിരുന്നു. സംഘപരിവാറിന്റെ ഹിന്ദുത്വ ജാതികള്‍ക്ക് ഉപരിയായ ഹിന്ദു വൈകാരികതയാണ് എന്ന പ്രതീതി സൃഷ്ടിക്കാന്‍ ലഭിച്ച ഒരു അവസരവും മോദി പാഴാക്കിയില്ല. ഒബിസി-ദളിത് വിഭാഗങ്ങളെല്ലാം ചേരുന്ന ഹിന്ദുത്വ ആശയമാണ് ബിജെപിയുടേത് എന്ന വിവരണം മോദി വളരെ വേഗത്തില്‍ ഉത്തരേന്ത്യന്‍ ഹൃദയഭൂമിയില്‍ നട്ടുനനച്ചെടുത്തു. 2014ന് ശേഷം നടന്ന നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ ബിജെപി വിജയം മോദി ചേരുവ ഉത്തരേന്ത്യയില്‍ വിജയിക്കുന്നു എന്ന പ്രതീതി തന്നെയാണ് സൃഷ്ടിച്ചത്.

ജാതി രാഷ്ട്രീയത്തിന്റെ വികേന്ദ്രീത സ്വത്വങ്ങള്‍ ഹിന്ദുത്വ ഉയര്‍ത്തുന്ന ഹിന്ദുവൈകാരികതയില്‍ കേന്ദ്രീകരിക്കപ്പെട്ടാല്‍ രാഷ്ട്രീയ അസ്ഥിത്വം തന്നെ നഷ്ടപ്പെടുമെന്ന് ആദ്യം തിരിച്ചറിഞ്ഞത് നിതീഷ് കുമാറായിരുന്നു. ബിഹാര്‍ ജാതി സെന്‍സസ് പുറത്ത് വിട്ടതിന് കാരണവും മറ്റൊന്നല്ല. മേല്‍ജാതി-പിന്നാക്ക ഒബിസി വൈരുദ്ധ്യങ്ങള്‍ മാത്രമാണ് ബിജെപിയുടെയും ഹിന്ദുത്വയുടെയും മോദി വിഭാവനം ചെയ്യുന്ന ഹിന്ദുത്വയില്‍ വിശ്വസിക്കുന്ന ഹിന്ദുക്കളെല്ലാം ഒന്നാണ് എന്ന കാഴ്ചപ്പാടിനെയും തിരഞ്ഞെടുപ്പില്‍ പ്രതിരോധിക്കുക എന്ന് നിതീഷ് തിരിച്ചറിഞ്ഞു.

വളരെ വേഗമാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ജാതി സെന്‍സസ് ബിജെപിയെ നേരിടാനുള്ള മികച്ച തിരഞ്ഞെടുപ്പ് വിഷയമാണെന്ന് തിരിച്ചറിഞ്ഞത്. അതിനാല്‍ തന്നെ ഈ തിരഞ്ഞെടുപ്പില്‍ ജാതിസെന്‍സസ് എന്നത് ഒരുപിടിവള്ളിയെന്ന നിലയില്‍ രാഹുല്‍ ഗാന്ധി നിരന്തരം അവതരിപ്പിച്ചു.

കഴിഞ്ഞ കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ ഒബിസി ജാതി രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യാതെ ഹിന്ദു എന്ന സ്വത്വത്തെ പരമാവധി വൈകാരികമായി അവതരിപ്പിക്കുന്ന സമീപനമാണ് ബിജെപി സ്വീകരിച്ചത്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ബ്രാഹ്‌മണര്‍ തൊട്ട് ദിളിതര്‍വരെയുള്ള എല്ലാവരെയും ഹിന്ദുവെന്ന മതാത്മകതയോട് ചേര്‍ത്തു നിര്‍ത്തി ജാതിരാഷ്ട്രീയത്തെ അപ്രസക്തമാക്കുന്ന തന്ത്രമാണ് ബിജെപി പയറ്റിയത്. അത് തന്നെയാണ് വിജയം കൊയ്തതെന്ന് വേണം തിരഞ്ഞെടുപ്പ് ഫലം സൂക്ഷമമായി വിലയിരുത്തുമ്പോള്‍ തിരിച്ചറിയാന്‍. കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന ഒബിസി-ദളിത് വിഭാഗങ്ങള്‍ ബിജെപിക്ക് കൂടുതല്‍ അനുകൂലമായി വോട്ടുചെയ്തു എന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന.

വളരെ വേഗമാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ജാതി സെന്‍സസ് ബിജെപിയെ നേരിടാനുള്ള മികച്ച തിരഞ്ഞെടുപ്പ് വിഷയമാണെന്ന് തിരിച്ചറിഞ്ഞത്. അതിനാല്‍ തന്നെ ഈ തിരഞ്ഞെടുപ്പില്‍ ജാതിസെന്‍സസ് എന്നത് ഒരുപിടിവള്ളിയെന്ന നിലയില്‍ രാഹുല്‍ ഗാന്ധി നിരന്തരം അവതരിപ്പിച്ചു

ബിജെപി വിജയത്തിന് ശേഷം പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത നരേന്ദ്രമേദി ജാതി രാഷ്ട്രീയം മുന്‍നിര്‍ത്തിയുള്ള തിരഞ്ഞെടുപ്പ് അജണ്ടകളെ 2024ല്‍ നേരിടുമെന്ന സന്ദേശം കൂടിയാണ് പ്രതിപക്ഷത്തിന് നല്‍കിയത്. 'ഈ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍, പാവപ്പെട്ടവര്‍ എന്നിവരെയാണ്. ഇവര്‍ മാത്രമായിരുന്നു ബിജെപിക്ക് മുന്‍പിലുള്ള ജാതിയെന്ന' പ്രസ്താവന 2024ലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യമാണെന്ന് നിശ്ചയമായും ഉറപ്പിക്കാം. ഒരുപടി കൂടി കടന്ന് ഇതിനെ ഭരണപരമായ ഒരു ആശയമായും മോദി അവതരിപ്പിച്ചു. ''മുന്നോട്ട് പോകുമ്പോള്‍ ഇന്ത്യയില്‍ രണ്ട് ജാതികള്‍ മാത്രമേ ഉണ്ടാകൂ; ആദ്യത്തേത് ദരിദ്രരും മുകളിലേക്ക് ഉയരാന്‍ ആഗ്രഹിക്കുന്നവരുമാണ്, രണ്ടാമത്തേത് ദരിദ്രരെ സഹായിക്കാന്‍ സംഭാവന നല്‍കുന്നവരുടേതാണ്. രണ്ട് ജാതികളെയും ശക്തിപ്പെടുത്താന്‍ നാം പ്രവര്‍ത്തിക്കണം' എന്നായിരുന്നു മോദിയുടെ ആഹ്വാനം. 2024ലെ തിരഞ്ഞെടുപ്പില്‍ ജാതി സെന്‍സസ് എന്ന പ്രതിപക്ഷ ആയുധത്തെ നേരിടാന്‍ പരിച തയ്യാര്‍ എന്ന പ്രഖ്യാപനമായി കൂടി വേണം മോദിയുടെ ഈ പ്രസ്താവനയെ കാണാന്‍.

പോസ്റ്റ് മണ്ഡല്‍ കാലത്തിന് ശേഷം ബിഎസ്പി, എസ്പി, രാഷ്ട്രീയ ജനതാദള്‍ തുടങ്ങിയവര്‍ പയറ്റിയ ഒബിസി-ദളിത് വോട്ട്ബാങ്ക് രാഷ്ട്രീയം പയറ്റാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് തിരിച്ചടി നേരിട്ടു എന്ന് തന്നെയാണ് വിലയിരുത്തേണ്ടത്. കോണ്‍ഗ്രസ് അതിന്റെ പരമ്പരാഗത മതേതര സോഷ്യലിസ്റ്റ് ആയങ്ങളെ നവീകരിച്ചെടുത്ത് ഒരു പ്രത്യയശാസ്ത്രബദല്‍ സൃഷ്ടിക്കുക തന്നയാണ് തിരഞ്ഞെടുപ്പുകളിലും പരീക്ഷിക്കേണ്ടതെന്ന് ഈ തിരഞ്ഞെടുപ്പ് ഫലവും അടിവരയിടുന്നുണ്ട്. ബിജെപി പയറ്റുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നേര്‍പ്പിച്ച നിലപാടുകളും പ്രാദേശിക കക്ഷികളുടെ ജാതിരാഷ്ട്രീയത്തിന്റെ കള്ളിതിരിച്ചുള്ള ഇടപെടലുകളും കോണ്‍ഗ്രസിന് ചേരുന്നില്ലെന്ന് രാഹുല്‍ ഗാന്ധി തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇന്ത്യയെന്ന മതേതര ജനാധിപത്യ ആശയത്തെ ഫാസിസത്തിന്റെയും ഹിന്ദുത്വയുടെയും പ്രത്യയശാസ്ത്ര വേരാഴത്തില്‍ നിന്നും മോചിപ്പിക്കാന്‍ ആഴത്തിലുള്ള തിരുത്തലും ആത്മവിശകലനവും സ്വയംവിമര്‍ശനവും കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന രാജ്യത്തെ പ്രതിപക്ഷം നടത്തേണ്ടതുണ്ട്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്ന് പ്രഖ്യാപിച്ച ഒരു ആശയപരിസരത്തിന്റെ നൂറാം വര്‍ഷം പടിവാതിലില്‍ എത്തിനില്‍ക്കെ നടക്കുന്ന 2024ലെ പൊതുതിരഞ്ഞെടുപ്പ് ഇന്ത്യയെന്ന മതേതര ജനാധിപത്യ ആശയത്തെ സംബന്ധിച്ച് ഏറ്റവും നിര്‍ണ്ണായകമാണെന്ന് ഉത്തരവാദിത്വത്തോടെ തിരിച്ചറിയേണ്ടത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com