പ്രത്യേക പാര്‍ലമെന്റ് സമ്മേളനം 'ഇന്‍ഡ്യ'ക്ക് കെണിയോ;ഒറ്റതിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിനുള്ള വാരിക്കുഴി?

ഇന്‍ഡ്യ സഖ്യത്തിലെ വൈരുദ്ധ്യങ്ങളെ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ദുര്‍ബലപ്പെടുത്തുക എന്ന തന്ത്രമാണ് ബിജെപി പയറ്റുന്നത്.
പ്രത്യേക പാര്‍ലമെന്റ് സമ്മേളനം 'ഇന്‍ഡ്യ'ക്ക് കെണിയോ;ഒറ്റതിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിനുള്ള വാരിക്കുഴി?

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ബിജെപിയുടെ ആശയം 2024ലെ പൊതുതിരഞ്ഞെടുപ്പോടെ തിടുക്കപ്പെട്ട് നടപ്പിലാക്കപ്പെടുമെന്ന സൂചനയാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. സെപ്തംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യയുടെ ബിജെപി വിരുദ്ധ നീക്കങ്ങളുടെ മുനയൊടിക്കുന്ന നിയമനിര്‍മ്മാണങ്ങള്‍ ഉണ്ടായേക്കും എന്ന സൂചനകളാണ് പുറത്ത് വരുന്നത്. ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' നിയമനിര്‍മ്മാണം തന്നെയാണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ പ്രധാന അജണ്ടയെന്നാണ് വ്യക്തമാകുന്നത്. ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അധ്യക്ഷനായി നിശ്ചയിച്ചു കൊണ്ട് ഒരു സമിതി രൂപീകരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ഈ വിഷയത്തിലെ തിടുക്കത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്.

സ്ത്രീ സംവരണവും, ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച നിയമനിര്‍മ്മാണവും പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മൂന്ന് അജണ്ടകളും പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രം മുന്നോട്ടുവച്ചാല്‍ നിലവിലെ പ്രതിപക്ഷ ഐക്യത്തെ അത് ഏത് നിലയില്‍ ബാധിക്കുമെന്നത് നിര്‍ണ്ണായകമാണ്.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഇന്‍ഡ്യ സഖ്യത്തിന് തിരിച്ചടിയോ?

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ രാജ്യത്തെ സംസ്ഥാന നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രായോഗികത സംബന്ധിച്ച ചര്‍ച്ചകളും ചൂട് പിടിച്ചിട്ടുണ്ട്. നിലവില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചോ, അതിന് മുമ്പായോ, അതേ വര്‍ഷമോ തിരഞ്ഞെടുപ്പ് നടക്കേണ്ടത് 12 സംസ്ഥാനങ്ങളിലാണ്. ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ തീരുമാനിച്ചാല്‍ 18 സംസ്ഥാന നിയമസഭകള്‍ക്ക് കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. കാലാവധി പൂര്‍ത്തിയാക്കാത്ത 18 സംസ്ഥാന നിയമസഭകളില്‍ എട്ടിടത്തും ഭരണം ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായ കക്ഷികളാണ്. ഇതില്‍ ബിഹാര്‍, ഡല്‍ഹി നിയമസഭകള്‍ നിലവില്‍ മൂന്ന് വര്‍ഷ കാലാവധി മാത്രമാണ് പൂര്‍ത്തിയാക്കിയത്. ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത് 2025ലാണ്. കേരളവും ബംഗാളും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാന നിയമസഭകള്‍ നിലവില്‍ രണ്ട് വര്‍ഷ കാലാവധി മാത്രമാണ് പൂര്‍ത്തിയാക്കിയത്. ഈ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടത് 2026ലാണ്. പഞ്ചാബിലെ ആം ആദ്മി സര്‍ക്കാരും ഹിമാചലിലെ കോണ്‍ഗ്രസ് സര്‍ക്കാരും അധികാരമേറ്റിട്ട് 1 വര്‍ഷം പൂര്‍ത്തിയാകുന്നതേയുള്ളു. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് മാസങ്ങള്‍ ആയിട്ടേയുള്ളു. ബിജെപിയുടെ പ്രധാനശക്തി കേന്ദ്രങ്ങളായ ഗുജറാത്തിലും യുപിയിലും സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തീകരിക്കുന്നത് 2017ലാണ്. നിലവില്‍ 2.5 മുതല്‍ 3 വര്‍ഷം വരെ കാലാവധി പൂര്‍ത്തീകരിച്ച സര്‍ക്കാരുകളെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തുകയും അത്രയും കാലാവധി തികയ്ക്കാത്ത സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് ശേഷമുള്ള അഞ്ച് വര്‍ഷ കാലാവധി കൂടി നീട്ടി നല്‍കുകയും ചെയ്യുന്ന സംവിധാനത്തെക്കുറിച്ചാണ് സര്‍ക്കാര്‍ അലോചിക്കുന്നതെന്ന് അഭ്യൂഹങ്ങളുണ്ട്. അല്ലാത്ത പക്ഷം മുഴുവന്‍ നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്ന രീതിയിലുള്ള നിയമനിര്‍മ്മാണത്തിലേക്കും സര്‍ക്കാര്‍ പോയേക്കാം എന്നാണ് സൂചന.

പലപ്പോഴും നിയമസഭാ തിരഞ്ഞെടുപ്പിനെയും ലോക്‌സഭാ തിരഞ്ഞെടുപ്പിനെയും വ്യത്യസ്തമായ തലത്തിലാണ് ജനങ്ങള്‍ സമീപിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ദേശീയ വിഷയങ്ങള്‍ സ്വാധീനിക്കുമ്പോള്‍ സംസ്ഥാന തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുക പലപ്പോഴും പ്രാദേശിക വിഷയങ്ങള്‍ തന്നെയാണ്. പ്രാദേശിക കക്ഷികള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ദേശീയ കക്ഷികളെക്കാള്‍ പിന്തുണ ലഭിക്കുന്നതിന്റെ പ്രധാനകാരണവും ഈയൊരു സാധ്യതയാണ്. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ഉയരുന്ന ദേശീയ വിഷയങ്ങളെ പ്രതിഫലിപ്പിക്കുന്ന നിലയില്‍ സംസ്ഥാന തിരഞ്ഞെടുപ്പുകളും നടക്കുകയാണെങ്കില്‍ അത് അനുകൂലമാകുമെന്ന് ബിജെപി വിലയിരുത്തുന്നു എന്ന് വേണം മനസ്സിലാക്കാന്‍. മോദിയുടെ പ്രതിച്ഛായയും വികസന വിവരണങ്ങളും തീവ്രഹിന്ദുത്വ നിലപാടുകളും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും ചര്‍ച്ചയാക്കുന്നതോടെ ഒരു പാന്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് അജണ്ട മാത്രം സെറ്റ് ചെയ്യാമെന്നതാണ് ബിജെപിയുടെ കണക്കു കൂട്ടല്‍. ബിജെപിക്കെതിരായി രൂപപ്പെട്ടിരിക്കുന്ന ഇന്‍ഡ്യാ സഖ്യത്തിന്റെ കരുത്ത് പ്രാദേശികമായ വിഷയങ്ങളില്‍ ഊന്നിയുള്ള ബിജെപി വിരുദ്ധ നിലപാടുകളാണ്. ഇതിനെ മറികടക്കാന്‍ ഒരു പാന്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് സാധിക്കുമെന്നാണ് ബിജെപി വിലയിരുത്തുന്നതെന്ന് വേണം മനസ്സിലാക്കാന്‍. അതിനാല്‍ തന്നെ ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പ് ഒരുമിച്ച് നടന്നാല്‍ ഇന്‍ഡ്യാ സഖ്യത്തില്‍ വൈരുദ്ധ്യങ്ങള്‍ പ്രത്യക്ഷപ്പെടുമെന്നാണ് ബിജെപി കണക്കാക്കുന്നത്. കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും ദേശീയാടിസ്ഥാനത്തില്‍ നിലപാട് സ്വീകരിക്കേണ്ടി വരുമ്പോള്‍ ഇന്‍ഡ്യാ മുന്നണിയിലെ മറ്റു കക്ഷികള്‍ക്ക് അവരുടെ ശക്തികേന്ദ്രങ്ങളിലെ നിലനില്‍പ്പിന് അനുകൂലമായ നിലപാട് സ്വീകരിക്കേണ്ടി വരും. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടന്നാല്‍ അത് പ്രതിപക്ഷ സഖ്യത്തിന്റെ കെട്ടുറപ്പിനെ തന്നെ ശിഥിലമാക്കിയേക്കാം. ആ സാധ്യത തന്നെയാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.

നിലവില്‍ ബിജെപി ഇതരകക്ഷികള്‍ ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 285 ആണ്. ഇതില്‍ ബിജെപി അനുകൂല മൃദുസമീപനം സൂക്ഷിക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസും ബിജു ജനതാദളും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം ഒഴിവാക്കിയാലും ബാക്കി 239 ലോക്‌സഭാ സീറ്റുകളുണ്ട്. ഇന്‍ഡ്യ സഖ്യത്തിനൊപ്പവും ബിജെപിക്കൊപ്പവും നിലയുറപ്പിക്കാത്ത ഭാരതീയ രാഷ്ട്ര സേന ഭരിക്കുന്ന തെലങ്കാന കൂടി ഒഴിവാക്കായില്‍ ഇന്‍ഡ്യ സഖ്യം നിലവില്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോക്‌സഭാ സീറ്റുകളുടെ എണ്ണം 222 ആണ്. പരസ്പര ധാരണയില്‍ ഇന്‍ഡ്യ സഖ്യം മത്സരിച്ചാല്‍ ഈ സംസ്ഥാനങ്ങളിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിധി അവര്‍ക്ക് അനുകൂലമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിന് പുറമെ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് പോലുള്ള വലിയ സംസ്ഥാനങ്ങളിലും ഇന്‍ഡ്യാ സഖ്യത്തിന് മേല്‍ക്കൈ ഉണ്ടാക്കാന്‍ കഴിയുന്ന സാഹചര്യമുണ്ട്. ഇന്‍ഡ്യ സഖ്യം അതിലെ സഖ്യകക്ഷികളുടെ സ്വാധീനവും കരുത്തും ഉള്‍ക്കൊണ്ട് സീറ്റ്ധാരണയുണ്ടാക്കി ഒരു പൊതുമിനിമം പരിപാടിയെ അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പിനെ സമീപിച്ചാല്‍ ലോക്‌സഭയിലെ കേവലഭൂരിപക്ഷം എന്നത് എളുപ്പമാണ്.

ഇന്ത്യന്‍ പാർലമെന്‍റ് (File)
ഇന്ത്യന്‍ പാർലമെന്‍റ് (File)

ലോക്‌സഭാ തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ട് ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഭരണത്തുടര്‍ച്ച എളുപ്പമല്ലെന്ന് ബിജെപി നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ ഇന്‍ഡ്യ സഖ്യത്തിലെ വൈരുദ്ധ്യങ്ങളെ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ദുര്‍ബലപ്പെടുത്തുക എന്ന തന്ത്രമാണ് ബിജെപി പയറ്റുന്നത്. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്നത് തിടുക്കത്തില്‍ പൊടിതട്ടിയെടുക്കുമ്പോള്‍ ബഹുമുഖ ലക്ഷ്യങ്ങളാണ് ബിജെപി മുന്നില്‍ കാണുന്നത്.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒറ്റക്ക് നടന്നാല്‍ കേന്ദ്ര സര്‍ക്കാരിനെതിരായ ജനരോഷവും ബിജെപിക്കെതിരായ ആശയ പ്രചാരണവും ആയിരിക്കും പ്രതിപക്ഷം കൈമുതലാക്കുക. ആ വിഷയങ്ങളില്‍ ഊന്നിനിന്ന് മാത്രം പ്രചാരണം നടത്താനുള്ള ഇടം ലഭിക്കുന്നത് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന് ഗുണപരമാകുകയും ചെയ്‌തേക്കാം. പ്രതിപക്ഷ സഖ്യം ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലും പ്രതിപക്ഷ സഖ്യത്തിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിലും ഈ നിലയിലുള്ള പ്രചാരണം ഏറ്റവും ശക്തമായി നടത്താനും സാധിക്കും. രാഹുല്‍ ഗാന്ധി അടക്കമുള്ള ഇന്‍ഡ്യ സഖ്യത്തിലെ പ്രധാനനേതാക്കള്‍ ഈ സംസ്ഥാനങ്ങളില്‍ ഒരോ ആശയവും ഒരോ നിലപാടും ഒരോ നിലയിലുള്ള ബിജെപി വിരുദ്ധതയും തീവ്രമായി പ്രകടിപ്പിക്കുന്ന ഒരു സാഹചര്യം ബിജെപിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് അജണ്ടകളെ സ്വാധീനിച്ചേക്കാം.

ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് കൂടി നടക്കുന്ന സാഹചര്യം വന്നാല്‍ പ്രതിപക്ഷ സഖ്യത്തിന്റെ ഫോക്കസ് പോയിന്റുകള്‍ ചിതറി പോയേക്കാം. സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് മാത്രം ശക്തിയുള്ള പ്രതിപക്ഷ സഖ്യത്തിലെ പ്രമുഖ കക്ഷികള്‍ക്ക് സംസ്ഥാന ഭരണം നിലനിര്‍ത്തുന്നതിനാണോ അതോ കേന്ദ്രത്തില്‍ ബിജെപിയെ പുറത്താക്കുന്നതിനാണോ പ്രധാന്യം കൊടുക്കേണ്ടത് എന്ന ചോദ്യത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് തീര്‍ച്ചയാണ്. നിതീഷ് കുമാര്‍, ലാലു പ്രസാദ് യാദവ്, ശരദ് പവാര്‍, മമത ബാനര്‍ജി, എംകെ സ്റ്റാലിന്‍, ഹേമന്ത് സോറന്‍ പോലുള്ള പ്രധാന പ്രതിപക്ഷ നേതാക്കളുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ അവരവര്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ തന്നെ തളച്ചിടാനും ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പ് ഒരുമിച്ച് നടക്കുന്ന സാഹചര്യത്തില്‍ സാധ്യമാകും. സംസ്ഥാനത്തെ ഭരണം നിലനിര്‍ത്തുന്നതിനാണോ കേന്ദ്രത്തില്‍ ബിജെപിയുടെ തുടര്‍ഭരണം തടയുന്നതിനാണോ പ്രധാന്യം നല്‍കേണ്ടത് എന്നത് പ്രാദേശിക കക്ഷികളെ സംബന്ധിച്ച് കുഴയ്ക്കുന്ന ഒരു ചോദ്യമായി മാറും.

ലോക്‌സഭയിലേക്ക് മാത്രം തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തെ ചര്‍ച്ചയാക്കാനുള്ള സാധ്യത പ്രതിപക്ഷ സഖ്യത്തിന് അനുകൂലമായ പ്രധാനഘടകമാണ്. എന്നാല്‍ നിയമസഭയിലേക്കും ലോക്‌സഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ സംസ്ഥാനസര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും തിരഞ്ഞെടുപ്പ് അജണ്ടയില്‍ സ്വഭാവികമായും ഇടം പിടിക്കും. അതിനാല്‍ തന്നെ കേന്ദ്രസര്‍ക്കാരിനെതിരായ ജനവിരുദ്ധ ചര്‍ച്ചകളുടെ മൂര്‍ച്ച ഈ സാഹചര്യത്തില്‍ കുറയുമെന്നതും സ്വഭാവികമാണ്.

ഇതിലെല്ലാം പ്രധാനമാണ് ഇന്‍ഡ്യ സഖ്യത്തില്‍ രൂപപ്പെടാന്‍ ഇടയുള്ള വൈരുദ്ധ്യങ്ങള്‍. 40 ലോക്‌സഭാ സീറ്റുകളുള്ള ബീഹാറില്‍ ആര്‍ജെഡിയും ജെഡിയുവുമാണ് പ്രതിപക്ഷ സഖ്യത്തിലെ പ്രധാനകകക്ഷികള്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിലായിരുന്ന ജെഡിയു 115 സീറ്റില്‍ മത്സരിക്കുകയും 43ല്‍ വിജയിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കും ഒപ്പം സഖ്യത്തില്‍ മത്സരിച്ച ആര്‍ജെഡി 144 സീറ്റില്‍ മത്സരിച്ച് 75 സീറ്റുകളില്‍ വിജയിച്ചിരുന്നു. കോണ്‍ഗ്രസ് മത്സരിച്ചത് 70 സീറ്റുകളിലും വിജയിച്ചത് 19 സീറ്റുകളിലുമാണ്. ഇടതുപാര്‍ട്ടികള്‍ 29 സീറ്റുകളില്‍ മത്സരിച്ച് 16 സീറ്റുകളില്‍ വിജയിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ജെഡിയു കൂടി സഖ്യത്തിന്റെ ഭാഗമായതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ബീഹാര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യമുണ്ടായാല്‍ ഇന്‍ഡ്യാ സഖ്യത്തിലെ സീറ്റ് വിഭജനം കീറാമുട്ടിയാകും. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും സീറ്റ് വിഭാജനത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിയും വന്നേക്കാം. ഇത്തരം വൈരുദ്ധ്യങ്ങളെ ദേശീയതാല്‍പ്പര്യം മുന്‍നിര്‍ത്തി ബിഹാറില്‍ കൈകാര്യം ചെയ്യാന്‍ ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപക്ഷ കക്ഷികള്‍ക്ക് കഴിയുമോ എന്നത് നിര്‍ണ്ണായകമാണ്. മറിച്ചൊരു സാഹചര്യം ഉണ്ടായാല്‍ അത് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള ഇന്‍ഡ്യ സഖ്യത്തിന്റെ സാധ്യതകളിലാവും കരിനിഴല്‍ വീഴ്ത്തുക.

രാജസ്ഥാനില്‍ 2018ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎം രണ്ട് സീറ്റില്‍ വിജയിക്കുകയും രണ്ട് സീറ്റില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായ എസ്പിയും എന്‍സിപിയും ഇവിടെ ഓരോ സീറ്റുകളില്‍ വീതം രണ്ടാമതെത്തിയിരുന്നു. രാജസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് കൂടി നടന്നാല്‍ ഈ പാര്‍ട്ടികളെ കൂടി സഖ്യത്തില്‍ ആക്കി മത്സരിക്കേണ്ടത് കോണ്‍ഗ്രസിന്റെ ബാധ്യതയായി മാറും. മറിച്ചായാല്‍ ഇന്‍ഡ്യാ സഖ്യമെന്ന സാധ്യത ചോദ്യം ചെയ്യപ്പെടും.

നിലവില്‍ കേരളത്തില്‍ കോണ്‍ഗ്രസിനും സിപിഐഎമ്മിനും സഖ്യത്തില്‍ മത്സരിക്കാന്‍ കഴിയുന്ന സ്ഥിതിവിശേഷമില്ല. ബംഗാളില്‍ തൃണമൂല്‍-സിപിഐഎം-കോണ്‍ഗ്രസ് സഖ്യവും അത്രകണ്ട് പ്രായോഗികമല്ല. ഈ സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇന്‍ഡ്യ സഖ്യത്തിലെ വൈരുദ്ധ്യങ്ങള്‍ തുറന്ന് കാണിക്കാന്‍ ബിജെപിക്ക് അത് നല്ലൊരു അവസരമായി മാറും. സിപിഐഎമ്മിനെ എതിര്‍ക്കുന്ന കേരളത്തില്‍ ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടന്നാല്‍ രാഹുല്‍ ഗാന്ധിക്കോ, സീതാറാം യെച്ചൂരിക്കോ കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രസംഗിക്കാനായി പോലും വരാന്‍ കഴിയാത്ത വൈരുദ്ധ സാഹചര്യം രൂപപ്പെടും. ബംഗാളിലും ഇതേ സാഹചര്യം സംജാതമാകാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസും മമതയും വിരുദ്ധപക്ഷത്ത് നിന്ന് മത്സരിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബംഗാളിലോ മമതയ്ക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലോ പ്രചാരണത്തിന് എത്താന്‍ സാധിക്കാത്ത നിലയിലുള്ള വൈരുദ്ധ്യങ്ങള്‍ രൂപപ്പെടും. ആം ആദ്മി ഭരിക്കുന്ന ഡല്‍ഹിയെയും പഞ്ചാബിനെയും പ്രതി കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കും ഇടയിലും സമാനമായ വിഷമകരമായ സാഹചര്യം രൂപപ്പെട്ടേക്കാം. ഈ നിലയില്‍ പ്രതിപക്ഷ സഖ്യം അഭിമുഖീകരിക്കുന്ന വൈരുദ്ധ്യങ്ങളെ തിരഞ്ഞെടുപ്പ് രംഗത്ത് വലിയ നിലയില്‍ പ്രകാശിതമാക്കാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് കഴിയുമെന്നാണ് ബിജെപി കണക്കാക്കുന്നത്. ഇത്തരം വെല്ലുവിളികളെ ഇന്‍ഡ്യ സഖ്യം മറികടക്കുന്നത് എങ്ങനെയെന്ന ചോദ്യം കൂടിയാണ് ഈ ഘട്ടത്തില്‍ പ്രസക്തമാകുന്നത്.

ഏകീകൃത സിവില്‍ കോഡും, സ്ത്രീ സംവരണവും

ഏകസിവില്‍ കോഡിനെ പിന്തുണയ്ക്കുന്ന സമീപനമാണ് ഇന്‍ഡ്യ മുന്നണിയിലെ പ്രധാനകക്ഷികളായ ആം ആദ്മി പാര്‍ട്ടിയും ഉദ്ദവ് താക്കറെ വിഭാഗം ശിവസേനയും സ്വീകരിച്ചിരിക്കുന്നത്. വനിതാ സംവരണ ബില്ലിലും നിലവിലെ പ്രതിപക്ഷ സഖ്യത്തിനുള്ളില്‍ ആശയഭിന്നത ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. ലോക്‌സഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33% സംവരണം എന്നതാണ് വനിതാ സംവരണബില്‍ വിഭാവനം ചെയ്യുന്നത്. നേരത്തെ ഈ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കാനുള്ള നീക്കങ്ങള്‍ ഫലം കണ്ടിരുന്നില്ല. നിലവില്‍ ഇന്‍ഡ്യാ സഖ്യത്തിന്റെ ഭാഗമായ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും വനിതാ സംവരണ ബില്ലിന് അനുകൂലമായ സമീപനമുള്ളവരാണ്. എന്നാല്‍ ഇന്‍ഡ്യാ സഖ്യത്തിന്റെ ഭാഗമായ ആര്‍ജെഡി, സമജ്‌വാദി പാര്‍ട്ടി, ജെഡിയു എന്നിവര്‍ തുടക്കം മുതല്‍ വനിതാ സംവരണബില്ലിനെ എതിര്‍ക്കുന്നവരാണ്. 1998ല്‍ വാജ്‌പെയ് മന്ത്രിസഭ വനിതാ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോള്‍ ബില്‍കീറിയെറിഞ്ഞായിരുന്നു ആര്‍ജെഡിയുടെ പ്രതിഷേധം. ഇന്‍ഡ്യാ സഖ്യത്തെ സംബന്ധിച്ച് ഉത്തരേന്ത്യന്‍ ഹൃദയഭൂമിയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള പാര്‍ട്ടികളാണ് ആര്‍ജെഡിയും സമജ് വാദിപാര്‍ട്ടിയും ജെഡിയുവും സ്ത്രീ സംവരണബില്ലില്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണായകമാണ്. ജെഡിയു സ്ത്രീസംവരണത്തിന് അനുകൂലമായ സമീപനം അടുത്തകാലത്തായി സ്വീകരിച്ചിരുന്നു. എന്നാല്‍ എസ്പിയുടെയും സമജ്‌വാദി പാര്‍ട്ടിയുടെയും നിലപാട് പുതിയ സാഹചര്യത്തില്‍ ഇന്‍ഡ്യാ സഖ്യത്തെ സംബന്ധിച്ചും പ്രധാനമാണ്.

2010ല്‍ രാജ്യസഭ വനിതാ സംവരണബില്‍ അംഗീകരിച്ചിരുന്നെങ്കിലും ലോക്‌സഭ അംഗീകരിക്കാത്തതിനാല്‍ കാലഹരണപ്പെടുകയായിരുന്നു. അധികാരത്തിലെത്തിയാല്‍ വനിതാ സംവരണബില്‍ പാസാക്കുമെന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. പുതിയ സാഹചര്യത്തില്‍ വനിതാ സംവരണ ബില്‍ പ്രതിപക്ഷം എതിര്‍ത്താലും അനുകൂലിച്ചാലും അത് ബിജെപി തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടമാക്കുമെന്ന് തീര്‍ച്ചയാണ്. ഏറ്റവും ഒടുവില്‍ സ്വാതന്ത്ര്യദിനത്തിലെ പ്രസംഗത്തിലും മന്‍ കി ബാത്തിലുമെല്ലാം രാജ്യത്തെ സ്ത്രീമുന്നേറ്റത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വാചാലനായിരുന്നു. സ്ത്രീ സംവരണബില്‍ പാര്‍ലമെന്റില്‍ പാസായാല്‍ അത് ബിജെപി തിരഞ്ഞെടുപ്പ് അജണ്ടയാക്കി മാറ്റുമെന്ന് നിസംശയം ഉറപ്പിക്കാം.

ഒന്നാം മോദി സര്‍ക്കാര്‍ മുന്നോട്ടുവച്ച മുത്തലാഖ് നിരോധന ബില്ല് ഉത്തര്‍പ്രദേശില്‍ അടക്കം ബിജെപിക്ക് നിയമസഭാ പൊതുതിരഞ്ഞെടുപ്പുകളില്‍ എങ്ങനെ പ്രയോജനകരമായി എന്ന വിലയിരുത്തലുകള്‍ വന്നിരുന്നു. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ലോക്‌സഭ പാസാക്കിയെങ്കിലും ഈ നിയമം രാജ്യസഭ പരാജയപ്പെടുത്തുകയായിരുന്നു. അപ്പോഴും മുസ്ലീം വിഭാഗത്തിലെ സ്ത്രീകളെ സംരക്ഷിക്കുന്ന നിയമനിര്‍മ്മാണം എന്ന നിലയില്‍ കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ മുത്തലാഖ് ബില്‍ സംബന്ധിച്ച് ബിജെപിക്ക് പ്രചാരണം നടത്താന്‍ കഴിഞ്ഞിരുന്നു. പിന്നീട് രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയ ഉടനെ മുസ്ലിം വുമണ്‍ (പ്രൊട്ടക്ഷന്‍ ഒഫ് റൈറ്റ്‌സ് ഓണ്‍ മാര്യേജ്) ആക്ട് പാസാക്കി എടുക്കുകയായിരുന്നു. മുത്തലാഖ് നിരോധന നിയമത്തിന് സമാനമായ നിലയില്‍ ഏകസിവില്‍ കോഡ് നിയമനിര്‍മ്മാണത്തെയും ബിജെപി തിരഞ്ഞെടുപ്പ് അജണ്ടയായി മുന്നോട്ടുവയ്ക്കുമെന്ന് തന്നെയാണ് കാണേണ്ടത്. ഏകസിവില്‍കോഡ് വിവാഹം, വിവാഹമോചനം, പാരമ്പര്യ സ്വത്ത് കൈമാറ്റം തുടങ്ങിയ വിഷയങ്ങളിലെല്ലാം മുസ്ലീം സ്ത്രീകളുടെ അവകാശം സംരക്ഷിക്കുമെന്ന വിവരണം ഇതിനകം തന്നെ ബിജെപി മുന്നോട്ടുവച്ചു കഴിഞ്ഞു. ഈയൊരു സാഹചര്യത്തില്‍ 2024 തിരഞ്ഞെടുപ്പ് അജണ്ടയെന്ന നിലയില്‍ ഏകസില്‍കോഡ് നിയമനിര്‍മ്മാണം കൂടി ബിജെപി പാര്‍ലമെന്റില്‍ പാസാക്കിയാല്‍ ഇന്‍ഡ്യാ സഖ്യത്തിന് ആ വിഷയത്തില്‍ ഐക്യകണ്‌ഠേനയുള്ള ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയുമോ എന്നത് നിര്‍ണ്ണായകമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com