Top

പ്രവാചകനെതിരെ അപകീർത്തി പരാമർശം; അപലപിച്ച് ഒമാനും

ഗ്യാൻവാപി വിഷയത്തിൽ നടന്ന ചർച്ചയിൽ ടൈംസ് നൗ ചാനലിലായിരുന്നു ബിജെപി ദേശീയ വക്താവ് നുപുർ ശർമ്മയുടെ അപകീർത്തികരമായ പരാമർശം.

6 Jun 2022 11:52 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

പ്രവാചകനെതിരെ അപകീർത്തി പരാമർശം; അപലപിച്ച് ഒമാനും
X

മസ്കറ്റ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി വക്താവ് നുപുർ ശർമ്മ ന‌ടത്തിയ അപകീർത്തി പരാമർശത്തെ അപലപിച്ച് ഒമാൻ. നയതന്ത്ര വിദേശകാര്യ അണ്ടർസെക്രട്ടറി ഷെയ്ഖ് ഖലീഫ ബിൻ അലി അൽ ഹാർത്തി ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത്​ നാരങുമായി നടത്തിയ കൂടിക്കാഴ്​ചയിലാണ്​ ​പ്രതിഷേധമറിയിച്ചത്. പ്രവാചക നിന്ദയ്ക്കെതിരെ അറബ് ലീഗും, ഇറാനും, പാകിസ്താനുമെല്ലാം സ്വരം കടുപ്പിക്കുമ്പോഴാണ് ഒമാന്റെ പ്രതികരണം. ഖത്തറും കുവൈറ്റും ഇന്ത്യൻ സ്ഥാനപതിമാരെ വിളിച്ചു വരുത്തി അപകീർത്തി പരാമർശത്തിൽ പ്രതിഷേധവുമറിയിച്ചിരുന്നു. അതേസമയം അപകീർത്തി പരാമർശം നടത്തിയ നൂപുർ ശർമ്മയെ സസ്‌പെൻഡ് ചെയ്യാനുള്ള ബിജെപി തീരുമാനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു.

​പ്രവാചക നിന്ദക്കെതിരെ ഒമാൻ ഗ്രാൻഡ്​ മുഫ്തി ഷെയ്ഖ് അഹമ്മദ്​ അൽ ഖലീലി കഴിഞ്ഞ ദിവസം പ്രതികരണവുമായി രം​ഗത്തുവന്നിരുന്നു. പ്രവാചകനും ​ പ്രിയ പത്നിക്കുമെതിരെ നടത്തിയ ധിക്കാരപരവും അശ്ലീലപരവുമായ പരാമർശം ലോകത്തുള്ള ഓരോ ഇസ്ലാംമത വിശ്വാസികൾക്കുമെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പ്രവാചകനെയും മതത്തിന്റെ വിശുദ്ധിയെയും സംരക്ഷിക്കാൻ ലോക ഇസ്ലാംമത വിശ്വാസികൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗ്യാൻവാപി വിഷയത്തിൽ നടന്ന ചർച്ചയിൽ ടൈംസ് നൗ ചാനലിലായിരുന്നു ബിജെപി ദേശീയ വക്താവ് നുപുർ ശർമ്മയുടെ അപകീർത്തികരമായ പരാമർശം. സംഭവത്തിൽ ഹൈദരാബാദിലും മുംബൈയിലും ഫിടോണിയിലും കേസെടുത്തിരുന്നു. പ്രവാചകനെതിരെ അസഭ്യ വാക്കുകൾ ഉപയോഗിച്ചുവെന്നും ഇസ്ലാം മതത്തിനെതിരെ ചാനൽ ചർച്ചയിൽ വിദ്വേഷ പ്രസ്താവന നടത്തിയെന്നും കാണിച്ചാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇസ്ലാം മതഗ്രന്ഥങ്ങളിൽ ആളുകൾക്ക് കളിയാക്കാൻ കഴിയുന്ന ചില കാര്യങ്ങൾ ഉണ്ടെന്നായിരുന്നു നുപുർ ശർമ്മയുടെ പരാമർശം. മുസ്ലീങ്ങൾ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുർ ശർമ്മ ആരോപിച്ചിരുന്നു.

സംഭവം വിവാദമായതോടെ നുപുർ ശർമ്മ മാപ്പ് പറഞ്ഞു. പരാമർശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ നിരുപാധികമായി പിൻവലിക്കുന്നു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ഖേദപ്രകടനത്തിൽ നുപുർ ശർമ്മ പറഞ്ഞു. വിവാദ പരാമർശത്തിന് പിന്നാലെ നുപുർ ശർമ്മയ്‌ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. നുപുർ ശർമ്മയെയും ഡൽഹി ഘടകം മീഡിയാ വിഭാഗം മേധാവി നവീൻ കുമാർ ജിൻഡാലിനെയും പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ബിജെപി നേതൃത്വം അറിയിച്ചിരുന്നു.

Story Highlights: Defamatory reference to the Prophet Muhammad; Oman condemned

Next Story