Top

അനുനയ നീക്കങ്ങള്‍ പാളുന്നു; സുധീരന്റെ രാജി പിന്‍വലിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടലാവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍

ഹൈക്കമാൻഡ് നിർദ്ദേശത്തെ തുടർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വീട്ടിലെത്തി ഒരു മണിക്കൂറിലേറെ ചർച്ച നടത്തിയെങ്കിലും സുധീരൻ വഴങ്ങിയില്ല

26 Sep 2021 12:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അനുനയ നീക്കങ്ങള്‍ പാളുന്നു; സുധീരന്റെ രാജി പിന്‍വലിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടലാവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍
X

വി എം സുധീരന്റെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടലാവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍ എംപി. സുധീരന്റെ രാജി പിന്‍വലിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടണമെന്നാവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍ സോണിയ ഗാന്ധിക്ക് കത്തയച്ചു. സുധീരൻ കേരള രാഷ്ട്രീയത്തിലെ അനിവാര്യനായ നേതാവാണെന്നും കേരളത്തിലെ പൊതുസമൂഹത്തിന്റെ ശബ്ദമാണെന്നും ടിഎന്‍ പ്രതാപന്‍ കത്തില്‍ പറയുന്നു. സുധീരനെ അനുനയിപ്പിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം പരാജയപ്പെടുന്നതിനിടെയാണ് കത്ത്.

അതേസമയം, കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവെച്ച വി എം സുധീരൻ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് നില്‍ക്കുന്നതോടെ സംസ്ഥാന നേതൃത്വം പ്രതിസന്ധിയിലാണ്. ഹൈക്കമാൻഡ് നിർദ്ദേശത്തെ തുടർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വീട്ടിലെത്തി ഒരു മണിക്കൂറിലേറെ ചർച്ച നടത്തിയെങ്കിലും സുധീരൻ വഴങ്ങിയില്ല. രാജിയുടെ കാരണങ്ങൾ ഒന്നൊന്നായി സുധീരൻ വിശദീകരിച്ചതോടെ തെറ്റ് സമ്മതിച്ച് മാപ്പ് ചോദിക്കുകയായിരുന്നു സതീശൻ. സുധീരന്റെ രാജി പിൻവലിപ്പിക്കുക അസാധ്യമാണെന്നും നേതൃത്വം തെറ്റ് തിരുത്തും എന്നായിരുന്നു കൂടിക്കാഴ്ച്ചയ്ക്ക് ശേഷമുള്ള സതീശന്റെ പ്രതികരണം..

നേരത്തെ സുധീരന്റെ രാജിയിൽ അമർഷം പ്രകടിപ്പിച്ച കെ സുധാകരനും ഹെെക്കമാന്‍ഡ് നിർദ്ദേശത്തെ തുടർന്ന് ചർച്ചയ്ക്ക് തയ്യാറായെങ്കിലും ഈ നീക്കവും പരാജയപ്പെട്ടതോടെ കടുത്ത വിമർശനമാണ് സുധീരനെതിരെ ഉയർത്തിയിരിക്കുന്നത്.

പാർട്ടിയിൽ കൂടിയാലോചനകൾ നടക്കുന്നില്ല എന്നതാണ് സുധീരന്റെ പ്രധാന പരാതി. രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഏകപക്ഷീയമായി തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നു എന്നും പരാതിയുണ്ട്. ഈ കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് സോണിയാ ഗാന്ധിയ്ക്ക് നേരത്തെ സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കത്തയച്ചിരുന്നു. ഈ പരാതികൾ ഹൈക്കമാൻഡ് ഗൗരവത്തോടെ പരിശോധിക്കുമെന്ന് നേരത്തെ എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ വ്യക്തമാക്കിയിരുന്നു.

Next Story