Top

'സര്‍വ്വകക്ഷി യോഗം അനിവാര്യം' വിളിച്ചാല്‍ സ്വാഗതം ചെയ്യുമെന്ന് സാദിഖ് അലി തങ്ങള്‍; മുസ്ലിം മതസംഘടനാ യോഗം വൈകിട്ട് മൂന്നിന്

പാണക്കാട് സാദിഖ്‌ അലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.

22 Sep 2021 5:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സര്‍വ്വകക്ഷി യോഗം അനിവാര്യം വിളിച്ചാല്‍ സ്വാഗതം ചെയ്യുമെന്ന് സാദിഖ് അലി തങ്ങള്‍; മുസ്ലിം മതസംഘടനാ യോഗം വൈകിട്ട് മൂന്നിന്
X

പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചാല്‍ അത് സ്വാഗതം ചെയ്യുമെന്ന് സാദിഖ് അലി തങ്ങള്‍. നിലവിലെ സാഹചര്യത്തില്‍ അത് അനിവാര്യമാണെന്നും തങ്ങള്‍ പറഞ്ഞു. സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആവശ്യപ്പട്ടിരുന്നു. സംവരണ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ലക്ഷ്യത്തോടെയാണ് മത സംഘടനകളുടെ യോഗം വൈകിട്ട് ചേരുന്നതെന്നും സാദിഖ് അലി തങ്ങള്‍ പറഞ്ഞു.

പാല ബിഷപ്പിന്റെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് കൊണ്ട് വിവിധ മുസ്ലിം സംഘടനകൾ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. സമസ്ത ഇ കെ എ പി വിഭാഗങ്ങൾ എല്ലാം തന്നെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിവിധ മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം ഇന്ന് കോഴിക്കോട് ചേരുന്നത്. വൈകീട്ട് മൂന്നു മണിക്ക് പാണക്കാട് സാദിഖ്‌ അലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.

സമസ്ത കേരള ജംഇ യത്തുൽ ഉലമ, കേരള മുസ്ലിം ജമാഅത്ത്, ജമാഅത്തെ ഇസ്ലാമി, കേരള നദ്വത്തുൽ മുജാഹിദീൻ അടക്കമുള്ള പ്രമുഖ മുസ്ലിം സംഘടനാ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. സോഷ്യൽ മീഡിയ വഴി നടക്കുന്ന വിദ്വേഷ പ്രചരണങ്ങൾ അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന ആവശ്യം യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യും. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ യോഗം ആവശ്യപ്പെടാനും സാധ്യതയുണ്ട്. പരാമർശവുമായി ബന്ധപ്പെട്ട് കൊണ്ട് നിയമനടപടി സ്വീകരിക്കണമോ എന്നുള്ള കാര്യവും യോഗം വിശദമായി ചർച്ച ചെയ്യും.

സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞുള്ള വിദ്വേഷ ചർച്ചകൾക്കും പാലാ ബിഷപ്പിന്റെ പരാമർശം വഴിവെച്ചിട്ടുണ്ട്. വിഷയത്തിൽ സർക്കാർ ഒരു ഭാഗം മാത്രമാണ് നോക്കുന്നതെന്ന് നേരത്തെ സമസ്ത നേതാവ് ജിഫ്രി മുത്തുകോയ തങ്ങൾ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ കാന്തപുരം വിഭാഗവും സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ ചില മുസ്ലിം സംഘടനകളിൽ ഉണ്ടായിരിക്കുന്ന ഭിന്നഭിപ്രായവും യോഗം ചർച്ച ചെയ്യും. വിഷയത്തിൽ സംഘടനകളെല്ലാം ചേർന്ന് സംയുക്ത സംവിധാനം ഉണ്ടാക്കാനാകും തീരുമാനം ആകുക. നേരത്തെ സിഎഎ വിഷയത്തിലും മുസ്‌ലിംസംഘടനകൾ ഒരുമിച്ചിരുന്ന് നിലപാട് സ്വീകരിച്ചിരുന്നു.

Popular Stories

    Next Story