Top

ഊരാളുങ്കലിന് അമിത് ഷായുടെ പ്രശംസ; സുരേന്ദ്രന്റെ പ്രതികരണം

കേന്ദ്ര സഹകരണ മന്ത്രിയായി ചുമതലയേറ്റതിനുശേഷമുള്ള ആദ്യ ദേശീയ സഹകരണ കോണ്‍ഗ്രസിലായിരുന്നു അമിത് ഷാ ഊരാളുങ്കലിനെ പ്രശംസിച്ചത്

26 Sep 2021 10:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഊരാളുങ്കലിന് അമിത് ഷായുടെ പ്രശംസ; സുരേന്ദ്രന്റെ പ്രതികരണം
X

സഹകരണ മേഖലയിലെ പ്രവർത്തനങ്ങള്‍ക്ക് ഊരാളുങ്കല്‍ സർവ്വീസ് സൊസെെറ്റി മാതൃകയാണെന്ന അമിത് ഷായുടെ പ്രശംസയില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഊരാളുങ്കലില്‍ നടക്കുന്ന അഴിമതികളെക്കുറിച്ച് അമിത് ഷായ്ക്ക് ഇതുവരെ പരാതി ലഭിച്ചിട്ടുണ്ടാകില്ലെന്നും അതിനെക്കുറിച്ച് മന്ത്രി പിന്നീട് അഭിപ്രായപ്പെട്ടേക്കുമെന്നുമായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.

'ഊരാളുങ്കല്‍ സര്‍വ്വീസ് സഹകരണ സൊസൈറ്റിയുടെ സഹകരണ രംഗത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ പറഞ്ഞത്. അവരുടെ അഴിമതികളെ സംബന്ധിച്ച വിവരങ്ങളെക്കുറിച്ച് അദ്ദേഹം ഇപ്പോള്‍ അഭിപ്രായം പറഞ്ഞിട്ടില്ലെങ്കിലും പിന്നീട് പറയും. ഊരാളുങ്കലില്‍ നടക്കുന്ന അഴിമതികളെക്കുറിച്ച് അദ്ദേഹത്തിന് ഇതുവരെ പരാതി ലഭിച്ചിട്ടുണ്ടാകില്ല'- കെ സുരേന്ദ്രന്‍.

കടലാക്രമണത്തില്‍ തകര്‍ന്ന ശംഖുമുഖം-വിമാനത്താവളം റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങള്‍ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.

കേന്ദ്ര സഹകരണ മന്ത്രിയായി ചുമതലയേറ്റതിനുശേഷമുള്ള ആദ്യ ദേശീയ സഹകരണ കോണ്‍ഗ്രസിലായിരുന്നു അമിത് ഷാ കേരളത്തിലെ ഊരാളുങ്കലിനെയും കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയെയും പ്രശംസിച്ചത്. സഹകരണ മേഖലയിലെ മാതൃകകളാണ് ഊരാളുങ്കല്‍ സൊസൈറ്റിയും കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയെന്നുമായിരുന്നു പ്രശംസ. സഹകരണ മേഖലയില്‍ സംസ്ഥാനങ്ങളുമായി ഏറ്റുമുട്ടാനില്ലെന്നും സഹകരണ മന്ത്രാലയം ഉണ്ടാക്കിയത് സംസ്ഥാനങ്ങളെ സഹായിക്കുയാണ് ലക്ഷ്യമെന്നും അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.

Popular Stories

    Next Story